Latest News

ചെന്നിത്തല ഉപമുഖ്യമന്ത്രിയാവില്ല

ന്യൂഡല്‍ഹി : രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം സംബന്ധിച്ചുണ്ടായ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എ.ഐ.സി.സി. പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി. രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കേണ്ടതില്ലെന്ന് തീരുമാനമായി എന്നാണ് അറിയുന്നത്.

മന്ത്രിസഭയിലേക്ക് ചെന്നിത്തലയെ എടുക്കാന്‍ മുഖ്യമന്ത്രി അനുമതി തേടി. ഇതുസംബന്ധിച്ച തീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാവും.

കോണ്‍ഗ്രസിനുള്ളില്‍ രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാവുന്നതിനോട് ഹൈക്കമാന്‍ഡിന് യോജിപ്പില്ല. അതാണ് ഉപമുഖ്യമന്ത്രിപദം വേണ്ടെന്ന സോണിയ ഗാന്ധിയുടെ നിലപാടിന് കാരണം. മാത്രമല്ല, യു.ഡി.എഫിലെ ഘടക കക്ഷികളുടെ ഇക്കാര്യത്തിലുള്ള എതിര്‍പ്പും ഹൈക്കാമാന്‍ഡിന്റെ നിലപാടിന് പിന്നിലുണ്ട്.

സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് മുമ്പ് അവരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര പ്രവാസികാര്യ മന്ത്രി വയാലര്‍ രവിയെയും മുഖ്യമന്ത്രി കണ്ടു. ചെന്നിത്തല മന്ത്രസഭയിലേക്ക് വരുന്നത് ഗുണംചെയ്യുമെന്നാണ് വയലാര്‍ രവിയുടെ അഭിപ്രായം.

സംസ്ഥാനത്തെ മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച തീരുമാനം ഉടന്‍ വേണമെന്ന് ഐ ഗ്രൂപ്പ് കര്‍ക്കശ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തിന് മുമ്പുതന്നെ നിലപാട് അറിയണമെന്നാണ് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ പത്തിനാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.

രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ ധാരണയായെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നതോടെ മുസ്ലീംലീഗ് ഇതിനെ ശക്തിയുക്തം എതിര്‍ത്ത് രംഗത്ത് വന്നതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയത്. മന്ത്രിസഭയിലെ രണ്ടാംസ്ഥാനം തങ്ങള്‍ക്ക് വേണമെന്ന ആവശ്യത്തില്‍ ലിഗ് ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. അതേസമയം, ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ചിട്ടില്ലെന്ന് വ്യാവസായിക, ഐടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് മന്ത്രിസഭയിലേക്ക് പ്രവേശിക്കുമ്പോള്‍ അതിനുതക്ക പരിഗണന ലഭിക്കണമെന്നതാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. കഴിഞ്ഞ ചെവ്വാഴ്ച്ച രാത്രി ഇന്ദിരാഭവനില്‍ രമേശ് ചെന്നിത്തലയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിയിട്ട് തീരുമാനമുണ്ടായിരുന്നില്ല.

ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രിപദവും തനിക്ക് ലഭിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ചെന്നിത്തല. ചെന്നിത്തലയ്ക്ക് നല്‍കുന്നില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.