സ്വദേശമായ ചേളാരി വെളിമുക്കിലെ വസതിയില്‍ വെച്ച് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 29 വര്‍ഷമായി കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9 മണിക്ക് ചേളാരി വെളളിമുക്ക് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.
കാസര്‍കോട് ജില്ലാ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി, പ്രസിഡന്റ്, സമസ്ത ഫത്‌വാ കമ്മിറ്റി അംഗം, മുഅല്ലിം ക്ഷേമ നിധി സംസ്ഥാന ഉപദേഷ്ടാവ്, വെളിമുക്ക് പള്ളിയാല്‍ മഹല്ല് പ്രസിഡണ്ട്, തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച ബാവമുസ്‌ലിയാര്‍ കൊണ്ടോട്ടിയിലെ 40 മഹല്ലുകളുടെ ഖാസി, കുമ്പള സംയുക്ത ഖാസി, മംഗല്‍പാടി സംയുക്ത ഖാസി, ഫറോക് പുറ്റെക്കാട് മഹല്ല് ഖാസി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. 1976 ജൂലൈ 31ന് സമസ്ത കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാവമുസ്‌ലിയാര്‍ 1989 ഫെബ്രുവരി 21നാണ് വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രസിഡണ്ടാകുന്നത്. മദ്രസാ പ്രസ്ഥാനത്തെ രാജ്യവ്യാപകമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. പഠനരീതിയിലും പരീക്ഷാസമ്പ്രദായത്തിലും കാലോചിതമായ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളജില്‍ നിന്ന് മൗലവി ഫാസില്‍ ബാഖവി ബിരുദം നേടിയ ബാവ മുസ്‌ല്യാര്‍ കൂമണ്ണ, മൂര്യാട്, ഊരകം കോണിത്തോട്ടുങ്ങല്‍പള്ളി, വൈലത്തൂര്‍ -ചെലൂര്‍, കുണ്ടൂര്‍ ദര്‍സ്, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളില്‍ മുദരിസായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1930 ജൂലൈ 21ന് ബീരാന്‍കുട്ടി മുസ്‌ലിയാരുടെയും ഫാത്തിമയുടെയും മകനായാണ് ജനനം. പരപ്പനങ്ങാടി പനയത്തില്‍ പള്ളി ദര്‍സില്‍ നിന്നാണ് പ്രബോധനത്തിന്റെ തുടക്കം. ഇവിടെ മുദരിസായിരുന്ന വല്ല്യുപ്പയായിരുന്നു അന്ന് ഗുരുനാഥന്‍. വിളയില്‍ (അരീക്കോട്), കാസര്‍കോഡ് മാലിക്ദീനാര്‍ പള്ളി, കോട്ടുമല, മാങ്ങാട് (പൂനൂരിനടുത്ത്), ബാഖിയാത്ത് എന്നിവിടങ്ങളിലായിരുന്നു തുടര്‍ പഠനം. ഭാര്യ: ഖദീജ. മക്കള്‍: ഹാജി മുഹമ്മദ് ബഷീര്‍ ഫൈസി, അബ്ദുല്‍മജീദ്. മരുക്കള്‍: ആയിശ ബീവി (പരപ്പനങ്ങാടി), അസ്മാബി (വേങ്ങര), പരേതയായ ഫാത്വിമ (കൂമണ്ണ). സഹോദരങ്ങള്‍ അഹമ്മദ് മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ ഹാജി, പരേതനായ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, രായിന്‍കുട്ടി, ഹാജി, അബൂബക്കര്‍ മുസ്‌ല്യാര്‍ ബാഖവി.
1982-ല്‍ കാസര്‍കോട് സംയുക്ത ഖാസിയായ ബാവ മുസ്‌ല്യാര്‍ കാസര്‍ക്കോട്ടെ ഓരോ ഗ്രാമങ്ങളുടെയും പ്രശ്‌ന പരിഹാരകേന്ദ്രമായിരുന്നു. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ അലി കോമു മുസ്‌ലിയാര്‍, കുഞ്ഞീതു മുസ്‌ലിയാര്‍, അവറാന്‍ മുസ്‌ലിയാര്‍, കോട്ടമുല അബൂബക്കര്‍ മുസ്‌ലിയാര്‍, ഇമ്പിച്ചാലി മുസ്‌ലിയാര്‍, ആദം ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത്, പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, അബൂബക്കര്‍ ഹസ്രത്ത് തുടങ്ങിയവര്‍ പ്രധാന ഗുരുനാഥരും എം.എം ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാര്‍, കെ.കെ. ഹസ്‌റത്ത്, കെ.കെ. അബ്ദുള്ള മുസ്‌ലിയാര്‍, സി. അബൂബക്കര്‍ മുസ്‌ലിയാര്‍ (മടവൂര്‍ സി.എം വലിയുള്ളാഹി) തുടങ്ങിയവര്‍ പ്രധാന സഹപാഠികളുമായിരുന്നു.ഖാസി ടി.കെ. എം ബാവ മുസ്ലിയാരുടെ വിയോഗത്തോടെ നാടിന് നഷ്ടപ്പെട്ടത് ഇസ്ലാമിക വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള തേജസിനെ.
കാസര്‍കോട്ട് ദീര്‍ഘമായ 29 വര്‍ഷമാണ് അദ്ദേഹം ഖാസിയായി സേവനമനുഷ്ഠിച്ചത്. മാലിക് ദീനാര്‍ ജുമാമസ്ജിദിന്റെ ചരിത്രം നന്നായി അറിയാവുന്ന അപൂര്‍വം പണ്ഡിതന്‍മാരില്‍ ഒരാളായിരുന്നു ഖാസി.
മാലിക് ദീനാര്‍ ജുമാമസ്ജിദിന് കീഴിലുള്ള അനാഥാലയത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പിലും വളര്‍ച്ചയിലും മുഖ്യപങ്ക് വഹിച്ചു. ഖാസി പദവിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതോടനുബന്ധിച്ച് അദ്ദേഹത്തെ മൂന്നു വര്‍ഷം മുമ്പ് മാലിക്ദീനാര്‍ ഉറൂസിന്റെ പ്രൗഢമായ ചടങ്ങില്‍ ആദരിച്ചിരുന്നു.
പള്ളിയില്‍ എത്തുന്ന ആളുകളോടും തളങ്കര ഖാസി ഹൗസിലെ സന്ദര്‍ശകരോടും സ്‌നേഹത്തോടെ പെരുമാറുകയും അവരുടെ പ്രയാസങ്ങള്‍ ആരായുകയും അവയ്ക്ക് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുമായിരുന്ന ഖാസി സര്‍വാദരണീനായനായിരുന്നു. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആ വ്യക്തിയെ ഒരിക്കലും അദ്ദേഹം മറക്കുമായിരുന്നില്ല. ലളിതമായ ജീവിതം നയിച്ചിരുന്ന ഖാസി പ്രവര്‍ത്തികളിലും സംസാരത്തിലും അതീവ സൂക്ഷ്മതയും ഇസ്ലാമിക ചര്യകളില്‍ കാര്‍ക്കശ്യവും പുലര്‍ത്തി. ചരിത്ര പസിദ്ധമായ മാലിക്ദീനാര്‍ ഉറൂസിന്റെ വിജയകരമായ നടത്തിപ്പിലും നിയന്തണത്തിലും ഖാസി വഹിച്ചിരുന്ന പങ്ക് നിസ്തുലമാണ്. കാസര്‍കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ഇസ്ലാമിക ചടങ്ങുകളിലെയും സ്ഥാപനങ്ങളുടെ സംഘാടന സമിതികളിലെയും നിറസാന്നിധ്യമായിരുന്നു . ഖാസിയുടെ വിയോഗം നാടിനെ അതീവ ദുഃഖത്തിലാഴ്ത്തി.
No comments:
Post a Comment