Latest News

ലോകത്തെ ആദ്യ മുഖംമാറ്റല്‍ ശസ്ത്രക്രിയ വിജയം

Malabarflash
വാഴ്‌സ : സ്‌റ്റോണ്‍ കട്ടിങ് മെഷീനില്‍ കുടുങ്ങി മുഖം കീറിപ്പറിഞ്ഞുപോയ 33കാരന്റെ മുഖം മാറ്റിവച്ച് പോളിഷ് സര്‍ജന്മാര്‍ വൈദ്യലോകത്ത് അസാധാരണ നേട്ടം കൈവരിച്ചു.

ഈമാസം 15ന് ജോലിസ്ഥലത്തുണ്ടായ അത്യാഹിതത്തിലാണ് ഇയാളുടെ മൂക്കും മുകളിലെ താടിയെല്ലും കവിളും കീറിപ്പറിഞ്ഞുപോയത്. അതിനുശേഷം ഇവയെല്ലാം പുനസ്ഥാപിച്ചുകൊണ്ടുള്ള ശസ്ത്രക്രിയ ലോകത്ത് ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് നടത്തപ്പെട്ടതാണെന്നും ഡോക്ടര്‍മാര്‍ അവകാശപ്പെട്ടു.

ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തി വിഴുങ്ങാനും ശബ്ദം പുറപ്പെടുവിക്കാനും തുടങ്ങിയിട്ടുണ്ടെന്ന് സര്‍ജന്മാരിലൊരാള്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച അവസാനിച്ചപ്പോള്‍ ബെഡില്‍നിന്നെഴുന്നേറ്റ ഇയാള്‍ ദ്രാവകരൂപത്തിലുള്ള ഭക്ഷണം വിഴുങ്ങാന്‍ തുടങ്ങിയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. എഴുത്തിലൂടെ ആശയവിനിമയം നടത്താനും കഴിയുന്നുണ്ട്. ശ്വസിക്കാന്‍ സഹായിക്കുന്ന ട്രാക്കേടോമി ട്യൂബ് ഒരു നിമിഷം അടഞ്ഞുപോയപ്പോള്‍ അയാള്‍ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. അതിവേഗത്തിലാണത്രെ അയാളുടെ പുരോഗതി.

ഫേസ് ട്രാന്‍സ്പ്ലാന്റുകള്‍ അസാധാരണമായ വിധം സങ്കീര്‍ണത നിറഞ്ഞതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഏറെനാള്‍ നീളുന്ന തയ്യാറെടുപ്പുകള്‍ക്കുശേഷമാണ് സാധാരണയായി ഇത്തരം ശസ്ത്രക്രിയകള്‍ നടത്താറുള്ളത്. ഈ തയ്യാറെടുപ്പുകള്‍ ചിലപ്പോള്‍ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കും.

ഗ്രിഗോറിസ് എന്നു വിളിക്കപ്പെടുന്ന രോഗിയെ അപകടമുണ്ടായ ഉടന്‍ വ്രോക്ലെയിലെ ആശുപത്രിയിലെത്തിച്ച് അതേമുഖം തന്നെ വീണ്ടും സ്ഥാപിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു. അതോടെയാണ് ഗ്ലിവൈസിലെ കാന്‍സര്‍ സെന്റര്‍ ആന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജിയിലേക്ക് അയാളെ മാറ്റിയത്.പോളണ്ടില്‍ ഫേസ് ട്രാന്‍സ്പ്ലാന്റുകള്‍ നടക്കുന്ന ഏക കേന്ദ്രമാണിത്.

മുപ്പത്തിനാലുകാരനായ മറ്റൊരു വ്യക്തിയില്‍നിന്നെടുത്ത മുഖചര്‍മമാണ് ഇയാളില്‍ വച്ചുപിടിപ്പിച്ചത്. ഓപ്പറേഷന് 27 മണിക്കൂറെടുത്തു.


 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.