Latest News

സ്വന്തമായി വികസിപ്പിച്ചെടുത്ത പെയിന്റിംഗ് യന്ത്രവുമായി സ്‌കൂള്‍ അധ്യാപകന്‍

Malabarflash
കൊച്ചി: സ്വന്തമായി വികസിപ്പിച്ചെടുത്ത പെയിന്റിംഗ് യന്ത്രവുമായി അധ്യാപകന്‍. പെയിന്റ് ഇന്‍ജക്ഷന്‍ സിസ്റ്റം എന്നു പേരിട്ടിരിക്കുന്ന യന്ത്രം കൊല്ലം അഞ്ചല്‍ സ്വദേശി വടക്കേവിള പുത്തന്‍വീട്ടില്‍ ജി. ഷാനവാസ് എന്ന അന്‍പത്തിമൂന്നുകാരനാണു വികസിപ്പിച്ചെടുത്തത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ടെപ്പ് സെന്ററാണു ഗവേഷണത്തില്‍ ഷാനവാസിനെ സഹായിച്ചത്.

എല്‍പി സ്‌കൂളുകള്‍ക്കു പെയിന്റിംഗിനു പ്രതിവര്‍ഷം എസ്എസ്എയില്‍ നിന്നു ലഭിക്കുന്ന തുകയുടെ അപര്യാപ്തതയാണ് ഇങ്ങനെയൊരു യന്ത്രം വികസിപ്പിച്ചെടുക്കാന്‍ പ്രേരണ നല്‍കിയതെന്ന് അഞ്ചല്‍ അഗസ്ത്യക്കോട് ഗവ. ന്യൂ എല്‍പി സ്‌കൂള്‍ പ്രഥമാധ്യാപകനായ ഷാനവാസ് പറയുന്നു. പെയിന്റും അതു സ്‌പ്രേ ചെയ്യുന്നതിനാവശ്യമായ വായുവും തുടര്‍ച്ചയായി ഗണ്ണിലേക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനമാണു പെയിന്റ് ഇന്‍ജക്ഷന്‍ സിസ്റ്റം. സ്‌പ്രേ പെയിന്റിംഗിന് ഉപയോഗിക്കുന്ന എയര്‍കംപ്രസര്‍, സ്‌പ്രേ ഗണ്‍, തമ്മില്‍ ബന്ധിപ്പിക്കുന്ന ട്യൂബ് എന്നിവയോടൊപ്പം ഇന്‍ജക്ഷന്‍ സിസ്റ്റംകൂടി ചേരുമ്പോള്‍ പുതിയ യന്ത്രമായി.

90 ലിറ്റര്‍ ശേഷിയുള്ള ഗോളാകൃതിയിലുള്ള പാത്രമാണ് ഇത്. 18 വാല്‍വുകളും ടാപ്പുകളും ക്രമീകരിച്ചിട്ടുള്ള യന്ത്രത്തില്‍ മര്‍ദിത വായു കടത്തിവിടുമ്പോള്‍ പ്രവര്‍ത്തിക്കുന്നു. എട്ടു മണിക്കൂര്‍ കൊണ്ട് 16,000 ചതുരശ്ര അടി സ്ഥലം പെയിന്റു ചെയ്യാന്‍ കഴിയുമെന്നു ഷാനവാസ് പറഞ്ഞു. 260 അടി ചുറ്റളവില്‍ എവിടെയും ഗണ്‍ കൊണ്ടുപോയി പെയിന്റടിക്കാന്‍ കഴിയും. ഒരു പ്രാവശ്യം രണ്ടു മുതല്‍ 60 ലിറ്റര്‍ വരെ പെയിന്റ്് യന്ത്രത്തില്‍ നിറയ്ക്കാം. പെയിന്റ് ഇന്‍ജക്ഷന്‍ സിസ്റ്റം ഉപയോഗിച്ച് വീടു മുതല്‍ വിമാനം വരെ പെയിന്റ് ചെയ്യാമെന്നു ഷാനവാസ് പറയുന്നു.

കൃത്യതയോടെ ഉപയോഗിച്ചാല്‍ 20 ശതമാനം വരെ പെയിന്റ് ലാഭിക്കാന്‍ കഴിയും. ഇതു പ്രവര്‍ത്തിപ്പിക്കാന്‍ വളരെ കുറഞ്ഞ പരിശീലനം മതി. രണ്ടു കുതിരശക്തി ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിച്ചും നാലു കുതിരശക്തിയുള്ള ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചും ഇവ നിര്‍മിക്കാം. പത്തു വര്‍ഷം വരെ കേടില്ലാതെ എന്‍ജിന്‍ പ്രവര്‍ത്തിക്കും. യന്ത്രത്തിനു പേറ്റന്റിന് 2011 നവംബറില്‍ അപേക്ഷ സമര്‍പ്പിച്ചു.

ഉപകരണത്തിന്റെ വ്യാവസായിക വിപണനത്തിനായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ടെക്‌നോളജി കമേര്‍ഷ്യലൈസേഷന്‍ ഫെസിലിറ്റേഷന്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയതായും ഷാനവാസ് പറഞ്ഞു. യന്ത്രം വികസിപ്പിച്ചെടുക്കാനായി ഒന്നര ലക്ഷം രൂപ മുടക്കി വിവിധ യന്ത്രഭാഗങ്ങള്‍ വാങ്ങിച്ചു. ഇതു കൂടാതെ സ്വന്തം പക്കലുണ്ടായിരുന്ന അനുബന്ധ സാമഗ്രികളും ഉപയോഗിച്ചു.

 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.