Latest News

ഉമ്മന്‍ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം - പിണറായി

ദുബായ്: കോടികളുടെ അഴിമതിക്കേസില്‍ കൂട്ടുപ്രതിയായി മാറിക്കഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാനം രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. രാജിവെച്ച് ഒഴിയുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ മീഡിയാ ഫോറം ദുബായില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി. ആരോപണങ്ങള്‍ക്ക് മറുപടി പറയാനാവാതെ നിയമസഭപോലും ചേരാതെ ഒഴിഞ്ഞുമാറുകയാണ് ഉമ്മന്‍ചാണ്ടി. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം കേരളമാകെ ഉയര്‍ന്നുവരികയാണ്. എന്നാല്‍, ഇത്തരം പ്രക്ഷോഭങ്ങളെ മര്‍ദിച്ച് ഒതുക്കാനാണ് ശ്രമമെങ്കില്‍ അത് കേരളത്തില്‍ നടക്കാന്‍ പോകുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി മനസ്സിലാക്കണമെന്നും പിണറായി പറഞ്ഞു.

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കാപട്യക്കാരനായി ഉമ്മന്‍ചാണ്ടി മാറിക്കഴിഞ്ഞു. സര്‍ക്കാറുമായി അടുത്തുനില്‍ക്കുന്ന ചീഫ് വിപ്പ് പറയുന്നത് പതിനായിരം കോടിയിലേറെയുടെ അഴിമതി നടന്നുവെന്നാണ്. ഇതില്‍ ഉമ്മന്‍ചാണ്ടിയും ചില മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഓഫീസുമൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, അഞ്ചുകോടിയോളം മാത്രമേ വരൂ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അഴിമതിയുടെ സംഖ്യ കുറച്ചുകാണിക്കാന്‍ എന്തിനാണ് മുഖ്യമന്ത്രി വ്യഗ്രത കാട്ടുന്നത്? ഭാര്യയെ കൊലപ്പെടുത്തുകയും കോടികളുടെ ക്രമക്കേടുകള്‍ നടത്തുകയും ചെയ്ത ബിജു രാധാകൃഷ്ണനുമായി ഒരു മണിക്കൂറിലേറെ രഹസ്യചര്‍ച്ച നടത്തിയതെന്തിനാണെന്ന് ഇപ്പോഴും മുഖ്യമന്ത്രി പറയുന്നില്ല. മുഖ്യമന്ത്രിയുമായുള്ള ബന്ധമാണ് ഇവരുടെ തട്ടിപ്പിന് വളമായത്. അപകടകരമായ ഒരുപാട് തെളിവുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. നേരത്തേ ഇക്കാര്യം അന്വേഷിച്ച ഇന്റലിജന്‍സ് മേധാവി സെന്‍കുമാറിന്റെ റിപ്പോര്‍ട്ടിലും കേസില്‍ വസ്തുതയുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ നിപരാധിത്വം തെളിയിക്കാന്‍ ലഭിക്കുന്ന ജുഡീഷ്യല്‍ അന്വേഷണത്തിന് എന്തിനാണ് ഉമ്മന്‍ചാണ്ടി ഭയക്കുന്നതെന്നും പിണറായി ചോദിച്ചു.

ഉമ്മന്‍ചാണ്ടി ബിജുവുമായി ചര്‍ച്ചനടത്തുമ്പോള്‍ അയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് നിലവിലുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തണലാണ് ബിജുവിനും സരിതയ്ക്കും തട്ടിപ്പ് നടത്താന്‍ ധൈര്യം നല്‍കിയത്. ഇതിന് കൂട്ടുനിന്ന തന്റെ ഓഫീസ് ജീവനക്കാരെ പുറത്താക്കുക മാത്രമാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. ഇവര്‍ക്കെതിരെ മറ്റ് നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നതും ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്. സര്‍ക്കാറിനെ പുറത്താക്കാന്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, യു.ഡി.എഫിലെ പല കക്ഷികളും അവിടെ അസംതൃപ്തരാണ്. അവര്‍ നിലപാട് മാറ്റിയാല്‍ ഇടതുമുന്നണി അതേക്കുറിച്ച് ആലോചിക്കും. യു.ഡി.എഫിനെ അധികാരത്തിലേറാന്‍ സഹായിച്ച പലരും ഇപ്പോള്‍ തലയില്‍ കൈവെച്ച് ഈ ഭരണം അവസാനിച്ചുകിട്ടണേ എന്ന് ആഗ്രഹിക്കുകയാണ്. നാളെ ഒരു തിരഞ്ഞെടുപ്പ് വന്നാല്‍പ്പോലും അത് നേരിടാന്‍ ഇടതുമുന്നണി ഒരുക്കമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രസിഡന്റ് എല്‍വീസ് ചുമ്മാര്‍ സ്വാഗതവും സെക്രട്ടറി റോണി പണിക്കര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.