Latest News

പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അഭിമാനമായി നിമിഷ

കാസര്‍കോട്: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 47-ാം റാങ്ക് നേടിയ നിമിഷ പത്മനാഭന്‍ ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിന് അഭിമാനമായി. എളേരിത്തട്ടില്‍ കൂലിവേലക്കാരനായ എം ആര്‍ പത്മനാഭന്റേയും ആശവര്‍ക്കറായ എം സാവിത്രിയുടേയും മകളാണ് നിമിഷ. 

കഴിഞ്ഞ വര്‍ഷം പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനത്തിന് അര്‍ഹത നേടിയിട്ടും നിമിഷ മനസ്സില്‍ ഡോക്ടര്‍ ആവുക എന്ന മോഹം താലോലിക്കുകയായിരുന്നു. ഉയര്‍ന്ന ഫീസ് നല്‍കി എന്‍ട്രന്‍സ് കോച്ചിംഗിന് പോകാനാവാതെ വഴിമുട്ടി നില്‍ക്കുമ്പോഴായിരുന്നു ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസ് സഹായ ഹസ്തവുമായി നിമിഷയുടെ മുമ്പിലെത്തിയത്. അങ്ങനെ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നിമിഷ കോട്ടയം പാല ബ്രില്യന്‍സ് എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ ചേര്‍ന്നു. 

ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയ്ക്കും പ്രതീക്ഷയ്ക്കും ഫലപ്രാപ്തി വരുത്തിക്കൊണ്ട് അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിമിഷ 47-ാം റാങ്ക് കരസ്ഥമാക്കി.
സമൂഹത്തിലെ താഴത്തട്ടിലുളള ജനങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ആഗ്രഹമാണ് നിമിഷയെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ പ്രേരിപ്പിച്ചത്. കുടുംബത്തിന്റെ പരിപൂര്‍ണ്ണമായ മാനസിക പിന്‍തുണയും കിട്ടിയതോടെ രണ്ടാമതൊന്നും ആലോചിക്കാതെ നിമിഷ ഒരു വര്‍ഷം മുഴുവനും എന്‍ട്രന്‍സ് പരിശീലനത്തിനായി മാറ്റിവെക്കുകയായിരുന്നു. 

സാമ്പത്തിക പരാധീനതയ്ക്കിടയിലും മികച്ച വിജയത്തോടു കൂടിയാണ് എസ് എസ് എല്‍ സിയും പ്ലസ്ടുവും പരവനടുക്കത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ നിന്നും നിമിഷ പൂര്‍ത്തിയാക്കിയത്. കുറച്ചു കൂടി പരിശ്രമിച്ചിരുന്നെങ്കില്‍ ഇതിനെക്കാളും മികച്ച റാങ്ക് നേടാമായിരുന്നു. ഈ നേട്ടം പരിശ്രമിച്ചാല്‍ ആര്‍ക്കും സാധിക്കാവുന്നതാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം ബി ബി എസിന് ചേരാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് നിമിഷ പറഞ്ഞു.
സ്റ്റാമ്പ് ശേഖരവും സിനിമാ പാട്ട് ആസ്വദിക്കലും പ്രധാന വിനോദമായുളള നിമിഷ നല്ലൊരു വായനക്കാരി കൂടിയാണ്. നോവലും ചെറുകഥയുമാണ് നിമിഷയുടെ ഇഷ്ട സാഹിത്യ മേഖലകള്‍. എം ബി ബി എസ് പൂര്‍ത്തിയാക്കി ഗ്രാമീണ മേഖലയില്‍ സേവനം നടത്തുക എന്നതിനോടൊപ്പം ഐ എ എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുക എന്നതും ഈ മിടുക്കിയുടെ സ്വപ്നങ്ങളാണ്. കാസര്‍കോട് ജില്ലാപഞ്ചായത്ത് മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളേയും വിദ്യാലയങ്ങളേയും അനുമോദിച്ച ചടങ്ങില്‍ നിമിഷയ്ക്കും ഉപഹാരം നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.