Latest News

തണ്ണിമത്തനില്‍ എച്ച്.ഐ.വി വൈറസ് കുത്തിവെച്ചെന്ന പ്രചാരണം തെറ്റ്- അധികൃതര്‍

അബൂദബി: യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്ന തണ്ണിമത്തനില്‍ എയ്ഡ്സിന് കാരണമാകുന്ന എച്ച്.ഐ.വി വൈറസ് കുത്തിവെച്ചിട്ടുണ്ടെന്ന രീതിയില്‍ വ്യാപകമായി നടക്കുന്ന ഊഹാപോഹങ്ങളും പ്രചാരണവും തെറ്റാണെന്ന് അധികൃതര്‍. ശാസ്ത്രീയ പരിശോധനകളില്‍ പ്രചാരണം തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ഇത്തരം തട്ടിപ്പുകളില്‍ വിശ്വസിക്കരുതെന്നും അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി നിര്‍ദേശിച്ചു.

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറെ ഉദ്ധരിച്ചായിരുന്നു വ്യാജ പ്രചാരണം. ബ്ളാക്ക്ബറി മെസഞ്ചര്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവയുപയോഗിച്ചാണ് തണ്ണിമത്തനില്‍ എച്ച്.ഐ.വി വൈറസ് കുത്തിവെച്ചിട്ടുണ്ടെന്ന പ്രചാരണം നടന്നത്. ഊഹാപോഹങ്ങളെ തുടര്‍ന്ന് അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി സൗദി ഡോക്ടറുമായി ബന്ധപ്പെട്ടിരുന്നു. തനിക്ക് ഇങ്ങനെ ഒരു സംഭവം അറിയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അതോറിറ്റിക്ക് കീഴിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരിശോധനയില്‍ തണ്ണിമത്തനില്‍ എച്ച്.ഐ.വി വൈറസ് അതിജീവിക്കില്ലെന്നും വ്യക്തമായിട്ടുണ്ട്. 

കോണ്‍ഫ്ളേക്ക്, വിയറ്റ്നാമീസ് മല്‍സ്യം, ഉരുളക്കിഴങ്ങ് ചിപ്സ്, കുട്ടികള്‍ക്കുള്ള നൂഡില്‍സ്, ചെറുനാരങ്ങ തുടങ്ങിയവയിലും മാരക വിഷമടങ്ങിയതായി പ്രചാരണം നടന്നിരുന്നു. ഇതേതുടര്‍ന്ന് ഇവയും അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി പരിശോധനക്ക് വിധേയമാക്കിയിരുന്നു. വിവിധ ലബോറട്ടറികളില്‍ പരിശോധന നടത്തിയെങ്കിലും ഉരുളക്കിഴങ്ങ് ചിപ്സില്‍ കളര്‍ അല്‍പം കൂടുതലായിരുന്നു എന്നതൊഴികെ അപകടകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. 

ചിപ്സില്‍ ചേര്‍ത്തിരുന്ന കളര്‍ യു.എ.ഇയില്‍ നിരോധിച്ചിട്ടുള്ളതാണ്. അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റിയുടെ പേര് ഉപയോഗിച്ച് വരെ ചില ഭക്ഷ്യ പദാര്‍ഥങ്ങള്‍ക്കെതിരെ ബ്ളാക്ക് ബെറി മെസഞ്ചര്‍ ഉപയോഗിച്ചും പ്രചാരണം നടന്നിരുന്നു. 2007ലും സമാന രീതിയില്‍ പ്രചാരണം നടന്നിരുന്നു. അന്നും ഭക്ഷ്യ വസ്തുക്കളില്‍ മായമോ അപകടപരമായ വസ്തുക്കളോ കണ്ടെത്താന്‍ കഴിഞ്ഞില്ല.
അതേസമയം, ചില ഭക്ഷ്യ പദാര്‍ഥങ്ങളെ തെരഞ്ഞുപിടിച്ച് പ്രചാരണം നടത്തുന്നതിന് പിന്നില്‍ സ്ഥാപിത ലക്ഷ്യങ്ങള്‍ ഉള്ളതായും സൂചനയുണ്ട്. ചില ഉല്‍പന്നങ്ങളെ താറടിച്ചുകാട്ടുന്നതിന് എതിരാളികള്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതായാണ് സംശയം. ജനങ്ങളില്‍ ഭീതി സൃഷ്ടിക്കാനും ഊഹാപോഹങ്ങള്‍ ഉപയോഗിക്കുന്നതായി അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റിക്ക് വിവരം ലഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ സജീവമായതോടെ എളുപ്പത്തില്‍ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കഴിയുന്നു. അപകടകരമായ രീതിയില്‍ ഇത്തരത്തില്‍ പ്രചാരണം നടത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഇത്തരം പ്രചാരണങ്ങളും ഊഹാപോഹങ്ങളും വിശ്വസിക്കാതെ അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റിയുടെ വെബ്സൈറ്റില്‍ നിന്നോ സോഷ്യല്‍ സൈറ്റുകളിലെ ഔദ്യാഗിക വിലാസങ്ങളില്‍ നിന്നോ ശരിയായ വിവരം ജനങ്ങള്‍ മനസ്സിലാക്കണം. അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പറായ 800 555ല്‍ വിളിച്ചാല്‍ കൃത്യമായ വിവരം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.