Latest News

മുന്‍മന്ത്രി കെ.നാരായണക്കുറുപ്പ് അന്തരിച്ചു

കോട്ടയം: കേരള കോണ്‍ഗ്രസ് സ്ഥാപക അംഗങ്ങളില്‍ മുതിര്‍ന്നയാളും മുന്‍മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന കെ.നാരായണക്കുറുപ്പ് (86) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്്ക്ക് രണ്ടുമണിയോടെ ആയിരുന്നു അന്ത്യം. 

കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില അനുദിനം വഷളാകുകയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഏതാനും ദിവസങ്ങളായി ജീവനന്‍ നിലനിര്‍ത്തിയിരുന്നത്. ഏറെനാളായി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അവശനായിരുന്നു. 

കെ. പി. കൃഷ്ണന്‍ നായരുടെയും കുട്ടിയമ്മയുടെയും മകനായി 1927 ഒക്‌ടോബര്‍ 23 നു കറുകച്ചാലിലാണ് കെ. നാരായണക്കുറുപ്പ് ജനിച്ചത്. കോളജ് അധ്യാപകന്‍, അഭിഭാഷകന്‍ എന്നീ നിലകളില്‍ നിന്നാണ് പൊതുപ്രവര്‍ത്തനരംഗത്തെത്തുന്നത്. കെ.ലീലാദേവിയാണു ഭാര്യ. പ്രഫ.എന്‍ ജയരാജ് എംഎല്‍എ ഉള്‍പ്പെടെ നാലു പുത്രന്‍മാരും മൂന്നു പുത്രിമാരുമുണ്ട്. 

നിയമസഭാംഗം ആയിരിക്കുമ്പോഴും നാട്ടുകാര്യങ്ങളില്‍ തല്‍പരനായിരുന്ന കുറുപ്പ് രണ്ടു പതിറ്റാണ്ടിലേറെ കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. പല തവണകളിലായി 26 വര്‍ഷം എംഎല്‍എയായി പ്രവര്‍ത്തിച്ചു. വാഴൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് 1954 ലെ തിരു -കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പില്‍ പിഎസ്പി സ്ഥാനാര്‍ഥിയായി വിജയിച്ചു. 

കേരള നിയമസഭയില്‍ അദ്ദേഹം ആദ്യമായി അംഗമായത് ഉപതിരഞ്ഞെടുപ്പിലൂടെയാണ്. ആരോഗ്യമന്ത്രി വി.കെ. വേലപ്പന്‍ നിര്യാതനായ ഒഴിവില്‍ രണ്ടാം കേരള നിയമസഭയിലേക്ക് 1963 ലെ ഉപതിരഞ്ഞെടുപ്പില്‍ മന്നത്ത് പത്മനാഭന്റെ ആശീര്‍വാദത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ചു. പിന്നീട് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി 1970, 1977, 1991, 1996, 2001 എന്നീ വര്‍ഷങ്ങളിലും നിയമസഭാംഗമായി. 1967 ലും 1980ലും പരാജയപ്പെട്ടു. 

നാലു മന്ത്രിസഭകളില്‍ 972 ദിവസം (രണ്ടു വര്‍ഷം എട്ടു മാസം) നാരായണക്കുറുപ്പ് മന്ത്രിയായി. രണ്ടാം അച്യുതമേനോന്‍, ഒന്നാം കരുണാകരന്‍, ഒന്നാം ആന്റണി, പി. കെ. വി. മന്ത്രിസഭകളിലായി ഗതാഗത-എക്‌സൈസ് വകുപ്പുകളുടെ ചുമതലയാണു വഹിച്ചത്. ഒന്‍പതാം നിയമസഭയില്‍ (1991 - 96) ഡപ്യൂട്ടി സ്പീക്കര്‍ ആയിരുന്നു. ഇതിനിടെ 53 ദിവസം ആക്ടിങ് സ്പീക്കറുമായി. പതിനൊന്നാം നിയമസഭയില്‍ 2001 ജൂണില്‍ പ്രോടെം സ്പീക്കറായും പ്രവര്‍ത്തിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.