Latest News

ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യേറ്റശ്രമം: സഭ നിര്‍ത്തിവച്ചു

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് വിവാദത്തില്‍ നിയമസഭ അസാധാരണ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ തുടര്‍ച്ചയായ നാലാം ദിനവും തടസ്സപ്പെട്ടു. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നല്‍കിയ നോട്ടീസില്‍ ആഭ്യന്തരമന്ത്രി മറുപടി പറയുന്നതിനിടെ സഭ സംഘര്‍ഷത്തിലേക്ക് നീങ്ങി.

ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങി പരസ്പരം വാക്കേറ്റമുണ്ടായി. സംഘര്‍ഷം കയ്യാങ്കളിയിലേക്ക് നീങ്ങുന്ന സ്ഥിതിയിലെത്തിയതോടെ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ സഭ താത്ക്കാലികമായി നിര്‍ത്തിവച്ച് ചെയറില്‍ നിന്ന് എഴുന്നേറ്റുപോയി. ഇരുപക്ഷത്തെയും നേതാക്കള്‍ ഇടപെട്ട് എംഎല്‍എമാരെ അനുനയിപ്പിക്കുകയായിരുന്നു.

സോളാര്‍ ഇടപാടിന് മുഖ്യമന്ത്രി കത്ത് നല്‍കിയിരുന്നുവെന്ന് മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടത്. അടിയന്തര പ്രമേയത്തിനുള്ള നോട്ടിസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി നല്‍കുന്നതിനു മുന്‍പ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരണത്തിന് എത്തിയതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ആഭ്യന്തരമന്ത്രിയുടെ കരണത്തടിയ്ക്കണമെന്ന പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോട് തനിക്കുള്ള അതൃപ്തി അറിയിക്കാനാണ് തിരുവഞ്ചൂര്‍ എഴുന്നേറ്റത്. എന്നാല്‍ ആഭ്യന്തരമന്ത്രി അനാവശ്യമായ കീഴ്‌വഴക്കം സൃഷ്ടിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിയുടെ മറുപടിക്കു ശേഷമാണ് സ്പീക്കറുടെ അനുമതിയോടെ ആഭ്യന്തരമന്ത്രി വിശദീകരണം നല്‍കേണ്ടതെന്ന് പ്രതിപക്ഷത്തു നിന്നുള്ള വി.എസ് സുനുല്‍കുമാര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ആഹ്വാനപ്രകാരം ആഭ്യന്തരമന്ത്രിയെ കയ്യേറ്റം ചെയ്യാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് ഭരണകക്ഷി അംഗങ്ങള്‍ ആരോപിച്ചു. അതേസമയം, ഒരേവിഷയത്തില്‍ തുടര്‍ച്ചയായി അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ച അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ഇതോടെ നോട്ടീസ് തള്ളുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.