Latest News

റിസോര്‍ട്ട് ജീവനക്കാരനായ യുവാവു മര്‍ദനമേറ്റു മരിച്ചു

കൊച്ചി: റിസോര്‍ട്ട് ജീവനക്കാരനായ യുവാവ് മര്‍ദനമേറ്റു മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കുമ്പളത്തായിരുന്നു സംഭവം. കൂനമ്മാവ് പാനായിക്കുളം ചിങ്ങംതറ വീട്ടില്‍ ദേവസിയുടെ മകന്‍ ആന്റണി (29) ആണു മര്‍ദനമേറ്റു മരിച്ചത്. സംഭവത്തെ ത്തുടര്‍ന്നു കുമ്പളം കൊമരേത്ത് മോഹനന്റെ മകന്‍ രാജേഷിനെ (38) പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുത്തതായി പോലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കുമ്പളത്തെ ഒരു പ്രമുഖ റിസോര്‍ട്ടില്‍ ശുചീകരണ വിഭാഗത്തില്‍ ജീവനക്കാരനായ ആന്റണി സമീപത്തെ ഒരു വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വിവസ്ത്രനായി കുളിക്കാനിറങ്ങുകയായിരുന്നു. വീട്ടുകാര്‍ ഇതു കണ്ടു ബഹളം വച്ചു. ടാങ്കില്‍നിന്നു പുറത്തു വന്ന ഇയാള്‍ സമീപത്തെ മറ്റൊരു വീട്ടിലേക്ക് ഓടിക്കയറി. ഈ സമയം വീടിന്റെ കതകു തുറന്നു പുറത്തുവരുകയായിരുന്ന സ്ത്രീയെ യുവാവ് കയറിപിടിക്കാന്‍ ശ്രമിച്ചു. അവര്‍ ബഹളം വച്ചതിനെ ത്തുടര്‍ന്നു വീട്ടിനകത്തുനിന്നു ഭര്‍ത്താവ് മോഹനനും മകനും ഓടിയെത്തി. യുവാവിനെ ഇവര്‍ മര്‍ദിച്ചതായാണു സംശയിക്കപ്പെടുന്നത്. ഇരുവരും മത്സ്യത്തൊഴിലാളികളാണ്.

വിവരം ലഭിച്ചതിനെത്തുടര്‍ന്നു തങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ വീടിനു സമീപത്തെ തെങ്ങില്‍ കെട്ടിയിട്ട നിലയിലായിരുന്ന യുവാവ് അബോധാവസ്ഥയിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. നാട്ടുകാരില്‍ ചിലരെയും ഒപ്പം കൂട്ടി യുവാവിനെ ഉടന്‍ തന്നെ വാഹനത്തില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

തലയ്ക്കു പരുക്കേറ്റ നിലയിലായിരുന്നതിനാല്‍ എറണാകുളത്തെ മറ്റേതെങ്കിലും ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നു പോലീസ് വിശദീകരിക്കുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമുതല്‍ മുതല്‍ ഇയാള്‍ പ്രദേശത്ത് അലഞ്ഞു തിരിയുകയായിരുന്നുവത്രെ. നാലു വീടുകളില്‍ കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായും പോലീസ് പറയുന്നു. യുവാവിനു മാനസിക അസ്വസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം നടത്തിയിട്ടുള്ള ആന്റണി അവിവാഹിതനാണ്. കുറച്ചുകാലം ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. കുമ്പളത്തെ റിസോര്‍ട്ടില്‍ ജോലിക്കെത്തിയിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളൂ. പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി. സംസ്‌കാരം പാനായിക്കുളം ലിറ്റില്‍ ഫ്‌ളവര്‍ പള്ളി സെമിത്തേരിയില്‍ ചൊവ്വാഴ്ച നടക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.