Latest News

കേരളത്തിന്റെ ശാപം അതിസമ്പന്നത: സുഗതകുമാരി

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന എറ്റവും വലിയ ശാപം അതിസമ്പന്നതയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകയും കവയത്രിയുമായ സുഗതകുമാരി. ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മുസ്‌ലിംലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'നിത്യഹരിതഭൂമി, വീണ്ടെടുക്കപ്പെട്ട പ്രകൃതി' എന്ന വിഷയത്തിലുള്ള സെമിനാറില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു അവര്‍.

11 ലക്ഷം കെട്ടിടങ്ങളാണ് കേരളത്തില്‍ ഉപയോഗിക്കപ്പെടാതെ അടഞ്ഞുകിടക്കുന്നത്. വയലുകള്‍ വലിയ രീതിയില്‍ നിരത്തിയതിന്റെ ഫലമായി വിഷമയമായ ഭക്ഷണമാണ് മലയാളികള്‍ കഴിക്കുന്നത്. കേരളത്തിന്റെ മുഖച്ഛായ തന്നെ മാറിയിരിക്കുകയാണ്. കേരളത്തിന്റെ പച്ചപ്പ് കണ്ടാണ് വിദേശികളടക്കമുള്ള ടൂറിസ്റ്റുകള്‍ കേരളത്തിലെത്തിയിരുന്നത്. അല്ലാതെ വന്‍കിട ഹോട്ടലുകളില്‍ താമസിക്കുന്നതിനോ ഷോപ്പിംഗ് മാളുകളില്‍ വന്ന് ഷോപ്പിംഗ് നടത്തുവാനോ ആയിരുന്നില്ല. എന്നാല്‍ വികസനത്തിന്റെ പേരില്‍ കേരളത്തിന്റെ പച്ചപ്പ് ഇല്ലാതാക്കിയിരിക്കുകയാണ്. വയല്‍ നികത്തിയും തോട് നികത്തിയും കുന്നുകള്‍ ഇടിച്ചു നിരത്തിയും സംസ്ഥാനത്ത് വിമാനത്താവളങ്ങളും ഷോപ്പിംഗ് മാളുകളും ഉണ്ടാക്കരുത്. പ്രകൃതിയെ വീണ്ടെടുക്കാന്‍ കഴിഞ്ഞ 35 വര്‍ഷമായി താന്‍ പറഞ്ഞു നടന്ന കാര്യം മരിക്കുന്നതിനും മുമ്പ് മുസ്‌ലിംലീഗ് പാര്‍ട്ടി ഏറ്റെടുത്തു നടപ്പാക്കുന്നത് ഈശ്വരാനുഗ്രഹമായി കരുതുന്നു.

ഇന്നത്തെ അവസ്ഥയില്‍ മുന്നോട്ടുപോയാല്‍ അര നൂറ്റാണ്ട് കഴിഞ്ഞാല്‍ കേരളം മറ്റൊരു രാജസ്ഥാനായി മാറുമെന്ന് സന്ദേശം നല്‍കിയ മുന്‍മന്ത്രി എം.വിജയകുമാര്‍ പറഞ്ഞു. നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളം പോലെയായിരുന്ന രാജസ്ഥാന്‍. വരള്‍ച്ച നല്ലതല്ലെങ്കിലും കഴിഞ്ഞ അഞ്ച് മാസമുണ്ടായ വരള്‍ച്ച എല്ലാവര്‍ക്കും ഒരു പാഠമായിരിക്കും. ഈ വരള്‍ച്ച മുന്നില്‍ കണ്ട് ഭാവിയിലേക്കുള്ള പ്രവര്‍ത്തനം തുടങ്ങണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുസ്‌ലിം ലീഗിനൊപ്പമുണ്ടാകുമെന്നും എം. വിജയകുമാര്‍ പറഞ്ഞു.

പരിസ്ഥിതിയുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ നടക്കേണ്ടവരാണെന്ന് മനസ്സിലാക്കിയാണ് ഇത്തരം പരിപാടി ഏറ്റെടുത്തിരിക്കുന്നതെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ പറഞ്ഞു. പശ്ചിമഘട്ട മലനിരകളിലെ പച്ചപ്പ് മുഴുവന്‍ നഷ്ടമായിരിക്കുകയാണ്. ലോകം ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം ശുദ്ധജലം ലഭിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.