Latest News

ഫേസ്ബുക്കില്‍ വായിച്ചത്: ഇതാണോ ഈ മതസൗഹാര്‍ദ്ദം

ഇന്നലെ മലപ്പുറം ജില്ലയിലെ പുലാമന്തോളില്‍ പാലൂര്‍ എന്ന സ്ഥലത്ത് ഒരു ബന്ധുവിന്റെ 'കുടിയിരിക്കലിലും' അതിനോടനുബന്ധിച്ചു നടന്ന നോമ്പ് തുറയിലും കുടുംബസമേതം പങ്കെടുത്തു.
ഭക്ഷണ പന്തലില്‍ നോമ്പ് തുറക്കാന്‍ ബാങ്ക് വിളിയും പ്രതീക്ഷിച്ചു പലഹാരങ്ങളുടെ മുന്നില്‍ ഇരുക്കുന്നു. നല്ല വിശപ്പും ദാഹവുമുണ്ട്, 20 മിനിട്ടിലധികം സമയമുണ്ട് ബാങ്ക് വിളിക്കാന്‍...ഓരോ മിനിറ്റും മണിക്കൂറിന്റെ ദൈര്‍ഗ്യം ......അപ്പോളാന്ന്! എന്റെ മുന്നിലിരിക്കുന്ന രണ്ടു നോമ്പുകാരെ ഞാന്‍ ശ്രദ്ധിച്ചത്. പത്തു വയസ്സിന് താഴേ തോന്നിപ്പിക്കുന്ന രണ്ട് 'അമുസ്ലിം' കുട്ടികള്‍, സാധാരണ ആ പ്രായത്തിലുള്ള കുട്ടികളെ കണ്ടാല്‍ അവരുടെ മതത്തെ തിരിച്ചറിയാന്‍ പ്രയാസമാണ്, എന്നാല്‍ ഇവരെ കണ്ടാല്‍ പ്രത്യക്ഷത്തില്‍ തന്നെ തിരിച്ചറിയാം .
രണ്ടു പേരും എല്ലാവരേയും പോലെ ക്ഷമയോടെ അച്ചടക്കത്തോടെ ബാങ്ക് വിളിയും കാത്തിരിക്കുകയാണ്ണ്. ഞാന്‍ അവരെത്തന്നെ ശ്രദ്ധിച്ചു ഇരിക്കുമ്പോള്‍ ബാങ്ക് വിളിച്ചു, എല്ലാവരും ഈത്തപ്പഴം കഴിച്ചു നോമ്പ് തുറന്നപ്പോള്‍ എന്റെ ആകാംഷ അസ്ഥാനത്താക്കികൊണ്ട് അവരും എല്ലാവരെയുംപോലെ ഈത്തപഴം കഴിച്ചു, നോമ്പുകാരെപോലെ തന്നെ; അതില്‍ ഒരാള്‍ക്ക് ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നെന്ന് മാത്രം.
എന്റെ ഇടത്തും വലത്തും ഇരിക്കുന്ന നോമ്പുകാരായ എന്റെ രണ്ടു മക്കളുടെയും കാര്യം ശ്രദ്ധിക്കാതെ ഞാന്‍ എന്റെ മുന്നിലിരിക്കുന്ന ആ രണ്ടു 'പുതിയ നോമ്പുകാരെ' സഹായിച്ചു, അവര്‍ക്ക് പലഹാരങ്ങള്‍ വിളംബിക്കൊടുത്തും 'തരിക്കഞ്ഞി' കുടിക്കാന്‍ പ്രോത്സാഹിപ്പിച്ചും എന്റെ സന്തോഷവും സ്‌നേഹവും അവരുമായി പങ്കുവെച്ചു.
പലഹാരം കഴിച്ച് എല്ലാവരും പള്ളിയില്‍പോയി നമസ്‌കാരം കഴിഞ്ഞുവന്ന് വീണ്ടും ഭക്ഷണം കഴിക്കാന്‍ പന്തലില്‍ ചെന്നപ്പോള്‍ 8 പേര്‍ക്കിരിക്കാവുന്ന മേശയില്‍ ഞാന്‍ ഒഴികെ മറ്റെല്ലാവരും അമുസ്ലിങ്ങള്‍, എല്ലാവരും നെയ്‌ച്ചോറും പത്തിരിയും പോത്തിറച്ചി വരട്ടിയതും കോഴിക്കറിയും കഴിക്കുന്നു ഇതെല്ലാം കണ്ട് സന്തോഷംകൊണ്ട് എന്റെ വയറ് പകുതിയും നിറഞ്ഞിരുന്നു.......
ഭക്ഷണം വിളമ്പുന്നതിലും അമുസ്ലിംങ്ങലുണ്ടായിരുന്നു; രാവിലെമുതല്‍ പട്ടിണികിടക്കുന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് തിടുക്കത്തിലും ആവേശത്തോടെയും ഓടിനടന്നു പത്തിരിയും പോത്തിറചിക്കറിയും 'സപ്ലൈ' ചെയ്യുന്ന അമുസ്ലിം സഹോദരങ്ങള്‍ എന്റെ മുന്നിലെ 'പാത്ര'ത്തോടൊപ്പം എന്റെ മനസ്സും നിറച്ചു.......
മതസൗഹാര്‍ദ്ദവും വര്‍ഗീയതയും എന്താണെന്ന് എനിക്കറിയില്ലായിരുന്നു, ഞാനും Mujeeb K. A. Kuttyമുജീബും രഘുവും സലീമും റെനി തോമസും Mohammed Ameer Pa ശ്രീലതയും Kunhimohamed Chatholi മധുവും  ഞങ്ങള്‍ കോളേജില്‍ ഒന്നിച്ച് പഠിച്ചു, കളിച്ചു, യാത്രകള്‍ ചെയ്തു, ജീവിച്ചു; അതു മതസൗഹാര്‍ദ്ദമാണെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു അന്നത് ഞങ്ങളുടെ ജീവിതമായിരുന്നു, ഞങ്ങളുടെ ലോകമായിരുന്നു; ഞങ്ങള്‍ ഒരേവീട്ടില്‍ പിറക്കാത്ത സഹോദരങ്ങളായിരുന്നു , ഞങ്ങളുടെ ആ ബന്ധത്തിന് മതസൌഹാര്‍ദ്ദം എന്ന് പേര് വീണത് എപ്പോളാണെന്നു ഞങ്ങള്‍ക്കറിയില്ല....ഞങ്ങളുടെ പിണക്കത്തിന്നും വഴക്കിന്നും വര്‍ഗീയത എന്ന് പേരുവന്നതും ഞങ്ങള്‍ അറിഞ്ഞില്ല......
'RIGHT THINKERS' ലും 'FREE THINKERS' ലും കുറച്ചുകാലമായി സജീവമായിരുന്ന ഞാന്‍ വളരെ ആശങ്കയിലായിരുന്നു; നമ്മുടെ നാട്ടില്‍ എല്ലാവരും വര്‍ഗീയമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നപോലെ തോന്നിയിരുന്ന എനിക്ക് ആ 'നോമ്പുതുറ' തരുന്ന സന്തോഷവും പ്രതീക്ഷയും ചെറുതല്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.