Latest News

വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമായി ഹാജബ്ബയുടെ ജീവിതം

മംഗലാപുരം: കണ്‍മുന്നിലുള്ള മാതൃകകളെ വിദ്യാര്‍ഥികളെങ്കിലും കാണാതെപോകരുതെന്ന ദൃഢനിശ്ചയത്തിലാണ് കര്‍ണാടകയിലെ വിദ്യാഭ്യാസ വിദഗ്ധര്‍. കുട്ടികള്‍ റോഡരികില്‍ സ്ഥിരം കാണാറുള്ള ഒരു മനുഷ്യനും ഇനി അവരുടെ പാഠപുസ്തകങ്ങളിലുണ്ടാകും. കറുത്തു മെലിഞ്ഞ ഒരു ഓറഞ്ചുകച്ചവടക്കാരന്‍.

ദക്ഷിണ കന്നടയിലെ തെരുവോരങ്ങളില്‍ ഓറഞ്ചുകച്ചവടം നടത്തുന്ന ഹരേക്കള ഹാജബ്ബ എന്ന അമ്പത്തൊന്നുകാരനാണ് വിദ്യാര്‍ഥികള്‍ക്ക് 'റോള്‍ മോഡല്‍' ആകുന്നത്.

അന്നന്നത്തെ ഭക്ഷണംപോലും സംഘടിപ്പിക്കാന്‍ പാടുപെട്ടിരുന്ന ഹാജബ്ബയുടെ അച്ഛനമ്മമാര്‍ക്ക് മകനെ പഠിപ്പിക്കുകയെന്നത് ചിന്തിക്കാന്‍പോലുമാവാത്ത കാര്യമായിരുന്നു. അങ്ങനെ അടിസ്ഥാന വിദ്യാഭ്യാസംപോലുമില്ലാതെ ആ കുട്ടി വളര്‍ന്നു. ജീവിക്കാനായി പണികള്‍ പലതും ചെയ്തു. ഒടുവില്‍, ഓറഞ്ചുകച്ചവടക്കാരനായി. അക്ഷരലോകത്തുനിന്ന് അകന്നുപോയതിന്റെ വേദന ഹാജബ്ബയില്‍ അപ്പോഴുമുണ്ടായിരുന്നു. അതിലേറെ ഹാജബ്ബയെ ഞെട്ടിച്ചത് തന്നെപ്പോലെ അക്ഷരമറിയാത്ത ഒരു തലമുറ തന്റെ ഗ്രാമത്തില്‍ വളര്‍ന്നുവരുന്നുണ്ടെന്ന സത്യമായിരുന്നു. തന്റെ ഗതികേട് ഇനി നാട്ടിലാര്‍ക്കുമുണ്ടായിക്കൂടെന്ന് അദ്ദേഹം തീരുമാനിച്ചു.

ഒരു സ്‌കൂളോ നഴ്‌സറിയോപോലുമില്ലാത്ത ആ കുഗ്രാമത്തില്‍ ഓറഞ്ചുകച്ചവടത്തില്‍നിന്ന് കിട്ടുന്ന തുച്ഛ വരുമാനം സ്വരുക്കൂട്ടിവെച്ച്ഹാജബ്ബ ഒരു സ്‌കൂള്‍ തുടങ്ങി. 'ന്യൂ പടവ് ഇസഡ് പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍' എന്ന് പേരുമിട്ടു. ആ നാട്ടിലെ ദരിദ്രരുടെ മക്കള്‍ക്ക് അതൊരു അനുഗ്രഹമായിരുന്നു. ദാരിദ്ര്യത്തിന്റെ അങ്ങേയറ്റത്തെത്തിയിട്ടും സ്‌കൂളിനുള്ള വിഹിതം ഹാജബ്ബ എങ്ങനെയെങ്കിലും മാറ്റിവെച്ചു. ഒടുവില്‍ ഈ നിഷ്‌കാമ കര്‍മത്തിന് ഫലമുണ്ടായി. കാണേണ്ടവര്‍ ഹാജബ്ബയുടെ പുണ്യപ്രവൃത്തി കണ്ടു. 2004 ല്‍ 'കന്നടപ്രഭ അവാര്‍ഡ്' അദ്ദേഹത്തിന് ലഭിച്ചു. 2009 ല്‍ സി.എന്‍.എന്‍., ഐ.ബി.എന്‍. റിയല്‍ ഹീറോ അവാര്‍ഡും ലഭിച്ചു. ഇതിന്റെ അവാര്‍ഡ്തുകയായ അഞ്ചുലക്ഷം രൂപ ഹാജബ്ബ തന്റെ സ്‌കൂളിന്റെ ആവശ്യത്തിനായി നല്‍കി.

ഇതിനെക്കാള്‍ മികച്ച ഒരു മാതൃകതേടി എങ്ങോട്ടും പോകേണ്ടതില്ലെന്ന ചിന്തയില്‍നിന്നാണ് ഹാജബ്ബയുടെ ജീവചരിത്രം പാഠപുസ്തകമാക്കാന്‍ സര്‍വകലാശാലകള്‍ തീരുമാനിച്ചത്. ദാവന്‍ഗരെ, ഷിമോഗ സര്‍വകലാശാലകള്‍ ഈ ജീവചരിത്രം നേരത്തേ പാഠപുസ്തകമാക്കി. സ്‌കൂള്‍തലത്തിലും ഹാജബ്ബയുടെ ജീവിതം പഠനവിഷയമായി. ഇപ്പോഴിതാ മംഗലാപുരം സര്‍വകലാശാലയും ബി.കോം വിദ്യാര്‍ഥികള്‍ക്കായി ഈ മാതൃകാ ജീവിതം പാഠപുസ്തകത്തിലാക്കിയിരിക്കുന്നു.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.