Latest News

ഈത്തപ്പഴങ്ങളുടെ വൈവിധ്യവുമായി രുചിയുടെ ലോകത്തേക്ക് കോഴിക്കോട്


കോഴിക്കോട് :  പ്രവാചകന്‌ ഏറെയിഷ്ടമുണ്ടായിരുന്നതെന്ന് വിശ്വസിക്കുന്ന അല്‍-അജ്‌വ ഈത്തപ്പഴം, ഈത്തപ്പഴങ്ങളുടെ രാജാവായ ജോര്‍ദാന്‍, ഇറാനില്‍ നിന്നും സൗദിയില്‍ നിന്നുമുള്ള പലതരക്കാര്‍, ഒപ്പം ഇത്തിരി എരിവും മധുവുമായി ഈത്തപ്പഴം അച്ചാറും.. ഈത്തപ്പഴങ്ങളുടെ വൈവിധ്യവുമായി രുചിയുടെ ലോകത്തേക്ക് നയിക്കുകയാണ് കോഴിക്കോടന്‍സ് ബേക്കറി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടത്തുന്ന ഈത്തപ്പഴ മേള.

ഈത്തപ്പഴമേളയില്‍ വേറിട്ടുനില്‍ക്കുന്നത് വിശുദ്ധ ഈത്തപ്പഴം എന്നറിയപ്പെടുന്ന അല്‍-അജ്‌വയാണ്. രുചിയിലും ഗുണത്തിലും മറ്റ് ഈത്തപ്പഴങ്ങളോട് കിടപിടിക്കുന്ന അല്‍-അജ്‌വ മദീനയില്‍ മാത്രമേ കായ്ക്കാറുള്ളൂവെന്നാണ് പറയുന്നത്. മറ്റ് സ്ഥലങ്ങളില്‍ ഈന്തപ്പനകള്‍ ഉണ്ടെങ്കിലും വിളവുണ്ടാകാറില്ല. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കറുപ്പ് നിറത്തില്‍ തിളങ്ങി നില്‍ക്കുന്നവയാണ് വിശുദ്ധ ഈത്തപ്പഴം. കിലോയ്ക്ക് 2,000 രൂപ വിലയുണ്ട്. അല്‍-അജ്‌വയെ ഒന്നുകൂടി സ്വാദുകൂട്ടാന്‍ കുങ്കുമത്തിലും തേനിലും സൂക്ഷിക്കാറുണ്ട്. ഇതിന് നേരേ ഇരട്ടിയാണ് വില. വിശുദ്ധ-ഈത്തപ്പഴം ഒരെണ്ണത്തിന് 25 രൂപയുണ്ട്.
ഏറ്റവും വലിപ്പമേറിയതുകൊണ്ടാണ് ജോര്‍ദാന്‍ ഈത്തപ്പഴം ഈത്തപ്പഴങ്ങളുടെ രാജാവായത്. 
സാധാരണ ഈത്തപ്പഴത്തിന്റെ ഇരട്ടി വലിപ്പമുണ്ട് ഇതിന്. 1,400 രൂപയാണ് വില. ഒമാന്‍, അല്‍-യാസൂജ്, അല്‍-മറിയം, അല്‍-ഷുക്കറി, മാബ്രൂം, സഫവി, സിംഫണി, ടുണീഷ്യന്‍ ബൊക്ക, കിമിയ റൊട്ടാബ്, അല്‍-ഹമീര്‍, മദീനാത്ത് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 40-ഓളം ഇനങ്ങളാണ് മേളയിലുള്ളത്. കൂട്ടത്തില്‍ രാജസ്ഥാനില്‍ നിന്നുള്ള ഈത്തപ്പഴവും ഉണ്ട്. 60-80 രൂപയാണ് വില. ഉണക്കപ്പഴങ്ങളും മേളയിലുണ്ട്. രണ്ട് തരത്തിലാണ് ഉള്ളത്.
ഈത്തപ്പഴം മാത്രമല്ല മേളയുടെ ആകര്‍ഷണം. പായസവും ഹല്‍വയും ചോക്ലേറ്റും കേക്കും ബിസ്‌കറ്റുമെല്ലാമുണ്ട്. ഒരു ലിറ്റര്‍ പായസത്തിന് 240 രൂപയാണ് വില. ഒരു ദിവസം മാത്രമാണ് ഉപയോഗിക്കാന്‍ പറ്റുക. അരലിറ്റര്‍ അച്ചാറിന് 99 രൂപയാണ്. ഈത്തപ്പഴം കൊണ്ടുള്ള ചോക്ലേറ്റിന് രുചി കൂടുമെങ്കിലും വില കേട്ടാല്‍ ഞെട്ടും. കിലോയ്ക്ക് 1,500-ഉം ഒരെണ്ണത്തിന് 25 രൂപയുമാണ് വില. ആവശ്യാനുസരണം ഈത്തപ്പഴം ജ്യൂസും തയ്യാറാക്കി നല്‍കുന്നുണ്ട്. 

മേളയ്ക്ക് മാത്രമായി വിദേശത്ത് നിന്ന് കൊണ്ടുവരുന്നവയാണ് ഈത്തപ്പഴങ്ങളെന്ന് കോഴിക്കോടന്‍സ് ബേക്കറിയിലെ എം. ജാഫര്‍ പറഞ്ഞു. രണ്ടാം തവണയാണ് മേള നടത്തുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതം പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന് നല്‍കുകയാണ് ചെയ്യാറെന്നും അദ്ദേഹം പറഞ്ഞു.മേയര്‍ പ്രൊഫ. എ.കെ. പ്രേമജം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എന്‍.സി. മോയിന്‍കുട്ടി ആദ്യ വില്പന നടത്തി. പെയിന്‍ ആന്‍ഡ് പാലിയേറ്റീവിലെ ഡോക്ടര്‍ അനില്‍ പാലേരി സംസാരിച്ചു. മേള 17-ന് സമാപിക്കും.




Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.