Latest News

കാഞ്ഞങ്ങാട് പാസ്‌പോര്‍ട്ട് തട്ടിപ്പ്: 25 പേര്‍ക്കെതിരേ തിരച്ചില്‍ നോട്ടീസ്

കാഞ്ഞങ്ങാട്: ട്രാവല്‍ ഏജന്‍സികളുടെ ഒത്താശയോടെ വ്യാജ മേല്‍വിലാസത്തില്‍ വിദേശത്തേക്കു കടന്ന 25 പേര്‍ക്കെതിരേ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചു. വ്യാജ മേല്‍വിലാസത്തില്‍ പാസ്‌പോര്‍ട്ട് തരപ്പെടുത്തി വിദേശത്തേക്കു കടന്ന ഇവരെ കണ്ടെത്താനായി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ആദ്യനടപടി എന്ന നിലയില്‍ നോട്ടീസ് കൈമാറി.

രണ്ടാംഘട്ടത്തില്‍ മാധ്യമങ്ങളില്‍ ഇവരുടെ ഫോട്ടോ പ്രസിദ്ധീകരിക്കും. വ്യാജ പാസ്‌പോര്‍ട്ട് നേടിയവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികളുടെ കൈയിലുണ്ട്. ഇവരില്‍ ലണ്ടനിലും ജപ്പാനിലും ഗള്‍ഫ് നാടുകളിലും കഴിയുന്നവരുണ്ടെന്നാണു വിവരം.

നോട്ടീസ് പുറപ്പെടുവിച്ചതിനു പുറമെ ഇതുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് ബ്യൂറോക്ക് ആഭ്യന്തര സുരക്ഷാ ഏജന്‍സി വിശദമായ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. നോട്ടീസ് പുറപ്പെടുവിച്ചവരെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുന്നുണ്ട്.

കേസില്‍ അട്ടേങ്ങാനം തപാല്‍ ഓഫിസിലെ പോസ്റ്റ്മാന്‍ അട്ടേങ്ങാനം കുറ്റ്യോട്ടെ കരിപ്പാടകന്‍ നാരായണ (46)നെ കേസന്വേഷിക്കുന്ന സംസ്ഥാന ആഭ്യന്തര സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തു. കോഴിക്കോട് യൂനിറ്റ് ഡി വൈ. എസ്.പി. എ ജെ ബാബു, സി.ഐ. സുരേഷ് ബാബു തുടങ്ങിയവരടങ്ങുന്ന സംഘമാണ് തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ നാരായണനെ ഉച്ചയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

ട്രാവല്‍ ഏജന്‍സി ഉടമകള്‍ തരപ്പെടുത്തുന്ന വ്യാജ പാസ്‌പോര്‍ട്ടുകളടങ്ങുന്ന രജിസ്‌ട്രേഡ് കത്തുകള്‍ ട്രാവല്‍ ഏജന്‍സി ഉടമകള്‍ക്കും തട്ടിപ്പുകാര്‍ക്കും കൈമാറിയെന്ന രണ്ടു കേസുകളിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അട്ടേങ്ങാനം പോസ്റ്റുമാന് പുറമെ പടന്നക്കാട്, കൊളവയല്‍ പോസ്റ്റാഫിസിലെ പോസ്റ്റ്മാന്‍മാരും വ്യാജ പാസ്‌പോര്‍ട്ട് സംഘത്തിലെ പ്രധാന കണ്ണികളാണ്.

കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് ഇതിനകം 150 വ്യാജ പാസ്‌പോ ര്‍ട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ട്രാവല്‍ ഏജന്‍സി ഉടമകളും പോലിസുകാരും വ്യാജ വിലാസത്തില്‍ പാസ്‌പോര്‍ട്ട് തരപ്പെടുത്തിയവരുള്‍പ്പെടെ 50 ലധികം പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

അഞ്ചു ട്രാവല്‍ ഏജന്‍സികള്‍ക്ക് വ്യാജ പാസ്‌പോര്‍ട്ട് സംഭവവുമായി നേരിട്ടു ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.