Latest News

പശതേച്ച് പണം തട്ടാന്‍ വീണ്ടും ശ്രമം; രണ്ട് എ.ടി.എമ്മുകള്‍ അടച്ചിട്ടു


കണ്ണൂര്‍: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ എ.ടി.എമ്മുകളില്‍ പശതേച്ച് പണം തട്ടാന്‍ വീണ്ടും ശ്രമം. എസ്.ബി.ടി, കാനറാ ബാങ്ക് എ.ടി.എമ്മുകളിലാണ് പണം തട്ടാന്‍ ശ്രമമുണ്ടായത്. പശതേച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായ രണ്ട് എ.ടി.എമ്മുകളും താല്‍ക്കാലികമായി അടച്ചിട്ടു. 

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ കാനറാ ബാങ്ക് എ.ടി.എമ്മില്‍ പണം പിന്‍വലിക്കാനെത്തിയ ഇടപാടുകാരനാണ് മെഷീനില്‍നിന്നും പണം വരുന്ന ഭാഗത്ത് പശ തേച്ചതായി കണ്ടെത്തിയത്. കൗണ്ടറിനു സമീപം ചുറ്റിപ്പറ്റി ഒരാള്‍ നില്‍ക്കുന്നതും ശ്രദ്ധയില്‍പെട്ട ഇദ്ദേഹം ഉടന്‍ ഹൈവേ പൊലീസിനെ വിവരമറിയിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ സമീപത്തുണ്ടായിരുന്ന എസ്.ബി.ടി എ.ടി.എമ്മിലും പശതേച്ചതായി പൊലീസ് കണ്ടെത്തുകയായിരുന്നു. കാനറാ ബാങ്കില്‍ നേരത്തേ രണ്ടുതവണ പശതേച്ച് പണം തട്ടിയിരുന്നു. പണം പുറത്തേക്കു വരുന്ന ഭാഗത്താണ് പശ തേക്കുക. ഇതോടെ പണം പിന്‍വലിക്കുന്നവര്‍ക്ക് ലഭിക്കില്ല. ആളുകള്‍ പോയതിനുശേഷം എത്തുന്ന തട്ടിപ്പുകാര്‍ വിദഗ്ധമായി ഈ പണം കൈക്കലാക്കുകയും ചെയ്യും. 

ഏതാനും ദിവസം മുമ്പ് ഏഴിമല നാവിക അക്കാദമിയിലെ ലഫ്.കേണല്‍ അര്‍ച്ചന ചൗധരിക്കും, ബംഗളൂരു സ്വദേശിയായ യുവതിക്കും പണം നഷ്ടപ്പെട്ടിരുന്നു. ഇതത്തേുടര്‍ന്ന് അര്‍ച്ചന ചൗധരി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് വീണ്ടും തട്ടിപ്പിന് ശ്രമം നടന്നത്.
എ.ടി.എമ്മിന്‍െറ കീ ബോര്‍ഡിലും മറ്റു ഭാഗങ്ങളിലും പശ വീണതിനെത്തുടര്‍ന്ന് 83,000 രൂപ ബാങ്കിന് നഷ്ടമുണ്ടായതായി കാനറാ ബാങ്ക് കണ്ണൂര്‍ ബ്രാഞ്ച് മാനേജര്‍ അബ്ദുല്‍ മജീദ് ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ബാങ്ക് അധികൃതരില്‍നിന്നും കേസ് അന്വേഷിക്കുന്ന ടൗണ്‍ എസ്.ഐ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. എ.ടി.എമ്മിലെ കാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ പരിശോധിക്കുമെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.