Latest News

ബംഗാളി തൊഴിലാളിയെ കൊലപ്പെടുത്തിയത് കറിയുണ്ടാക്കാത്തത് ചോദ്യം ചെയ്തതിന്

കൂത്തുപറമ്പ: നരവൂരില്‍ ബംഗാളി തൊഴിലാളിയെ സഹപ്രവര്‍ത്തകന്‍ കഴുട്ടത്തറുത്ത് കൊന്നത് നിസാര വാക്ക് തര്‍ക്കത്തിന്റെ പേരില്‍. ഷംസുദീനെ (26) കൊലപ്പെടുത്തിയ കേസില്‍ കൊല്‍ക്കത്തയില്‍ പിടിയിലായ നാരായണ്‍പൂര്‍ സ്വദേശി മുഹമ്മദ് ആസാദ് എന്ന യാസി മുഹമ്മദിനെ (26) കൂത്തുപറമ്പില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയപ്പോഴാണ് കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമായത്.

നരവൂര്‍ ചാത്താടി മനക്കല്‍ ക്ഷേത്രത്തിന് സമീപത്തെ ചാക്ക് ഗോഡൗണില്‍ കഴിഞ്ഞ 17നാണ് ഷംസുദീന്‍ കൊല്ലപ്പെട്ടത്. കൊല്‍ക്കത്തയില്‍ കുറച്ചുകാലം ചാക്ക് ജോലി ചെയ്തിരുന്ന ഷംസുദീനെ മുഹമ്മദ് ആസാദാണ് കൂത്തുപറമ്പിലേക്ക് ജോലിക്ക് കൊണ്ടുവന്നത്. ബംഗാള്‍ തൊഴിലാളികളെ കേരളത്തിലെ തൊഴില്‍ സ്ഥാപനങ്ങളില്‍ എത്തിക്കുന്ന ഏജന്റുകൂടിയാണ് മുഹമ്മദ് ആസാദ്. ഇതിന് ഇയാള്‍ക്ക് കമ്മീഷന്‍ ലഭിക്കും. 400രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് ഷംസുദീനെ കൊണ്ടുവന്നത്. 

കോഴിക്കോട് സന്തോഷ് ഗണ്ണി എന്ന സ്ഥാപനത്തില്‍ ഷംസുദീനെ കൊണ്ടുവന്ന് അന്നുതന്നെ ജോലിക്ക് കയറ്റി. രാത്രി 7.30വരെ അവിടെ ജോലി ചെയ്ത ഷംസുദീന്‍ കൂത്തുപറമ്പ് ടൗണില്‍ വന്ന് പച്ചക്കറികള്‍ വാങ്ങിയാണ് താമസസ്ഥലത്തേക്ക് മടങ്ങിയത്. അവിടെ എത്തി ചപ്പാത്തി ഉണ്ടാക്കിയ ശേഷം വീണ്ടും ടൗണിലേക്ക് വന്നു. രാത്രി പത്ത് മണിയോടെ തിരിച്ച് എത്തിയപ്പോള്‍ മുഹമ്മദ് ആസാദ് കറിയൊന്നും ഉണ്ടാക്കാതിരുന്നത് ഷംസുദീനെ പ്രകോപിപ്പിച്ചു. ഇതേ ചൊല്ലി തുടങ്ങിയ തര്‍ക്കം കൂലിയെ സംബന്ധിച്ച തര്‍ക്കമായി മാറി. ഇതോടെ മുഹമ്മദ് ആസാദ് തുണി അലക്കിയിടുന്ന കയര്‍ മുറിച്ച് ഷംസുദീന്റെ കഴുത്ത് മുറുക്കി. തുടര്‍ന്ന് കിടപ്പുമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി കഴുത്ത് അറുക്കുകയായിരുന്നു. 

കൂത്തുപറമ്പിലേക്ക് നടന്നുപോയി അവിടെ നിന്ന് ലോറിയില്‍ കയറി തലശേരിയിലെത്തിയ മുഹമ്മദ് ആസാദ് തീവണ്ടി മാര്‍ഗ്ഗം ഷൊര്‍ണ്ണൂരിലെത്തി. അവിടെ നിന്ന് ചെന്നൈയിലേക്ക് കടന്നു. അതിനിടയില്‍ ഷംസുദീനില്‍ നിന്ന് തട്ടിയെടുത്ത എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും രഹസ്യ കോഡ് അറിയാത്തതിനാല്‍ വിഫലമായി. ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയിലെ വീട്ടില്‍ വിളിച്ച് സംഭവം പറഞ്ഞപ്പോള്‍ വരേണ്ടയെന്നാണ് പറഞ്ഞത്. എങ്കിലും മുഹമ്മദ് ആസാദ് കൊല്‍ക്കത്തയിലെത്തി. നാട്ടില്‍ എത്തിയാല്‍ കൊന്നുകളയാന്‍ ഇടയുണ്ടെന്ന സൂചന ലഭിച്ചതോടെ കൊല്‍ക്കത്ത ഉല്‍ട്ടംഡള്ള പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയാകയായായായിരുന്നു. 

തെളിവെടുപ്പ് പൂര്‍ത്തിയാക്കി വെളളിയാഴ്ച രാത്രി കൂത്ത്പറമ്പ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.