Latest News

വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് സംഘടിപ്പിക്കും-ഡോ.ലിസ്സി ജോസ്


കാസര്‍കോട്: വിവാഹം ചെയ്യുന്ന യുവാക്കള്‍ക്ക് സംസ്ഥാനത്തെ എല്ലാ ജില്ലയിലും വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ (പ്രീമാര്യേജ് കോഴ്‌സ്) സംഘടിപ്പിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ലിസ്സി ജോസ് പറഞ്ഞു. വനിതാ കമ്മീഷന്‍ അദാലത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവര്‍. 

കുടുംബ ജീവിതം, ഭാര്യാഭര്‍തൃ ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ വേണ്ടത്ര അറിവില്ലാത്ത യുവാക്കള്‍ വിവാഹ ജീവിതത്തില്‍ പരസ്പരം മല്ലിടുന്ന സ്ഥിതി ഉണ്ടാവുന്ന സാഹചര്യത്തിലാണ് ഈ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ജില്ലാതല, പഞ്ചായത്ത് മുന്‍സിപ്പല്‍തല ജാഗ്രതാ സമിതികള്‍ പുനസംഘടിപ്പിക്കുമെന്ന് ലിസ്സി ജോസ് പറഞ്ഞു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പോലീസ്,അഭിഭാഷകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ അംഗങ്ങളായിട്ടുളള ജാഗ്രതാ സമിതികള്‍ അതാത് പ്രദേശത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന വേദിയായി മാറ്റും. 

വനിതകളുടെ അവകാശങ്ങളെക്കുറിച്ചു കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമെന്നതിനാല്‍ ജില്ലയില്‍ വനിതാ ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കും. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും യുവതികളെ ബോധവല്‍ക്കരിക്കുന്നതിനായി കലാലയ ജ്യോതി പദ്ധതിയുടെ ഭാഗമായി കോളേജുകളിലും സ്‌ക്കൂളുകളിലും സെമിനാറുകള്‍ സംഘടിപ്പിക്കും. 

പെണ്‍കുട്ടികളുടെ സ്വയം രക്ഷയ്ക്കുളള പരിശീലനം നല്‍കും.സമൂഹത്തിനു സ്ത്രീകളോടുളള മനോഭാവം മാറണം. സ്ത്രീയെ ഇന്നു വെറുമൊരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന അവസ്ഥയുണ്ട്. നിയമനിര്‍മ്മാണത്തിലും നടപ്പാക്കുന്നതിനും സ്ത്രീ പ്രാതിനിധ്യം വേണം. മറുനാടന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ പഠിച്ചു അവ ദേശീയ വനിതാ കമ്മീഷനുമായി സഹകരിച്ചു പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ലിസ്സി പറഞ്ഞു. 

പതിനാറു വയസ്സിനു താഴെ പ്രായമുളള പെണ്‍കുട്ടികളുടെ വിവാഹം സംബന്ധിച്ചു സമഗ്ര പഠനം നടത്തി സര്‍ക്കാറിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനായി വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. വനിതാ കമ്മീഷന്‍ ശൈശവ വിവാഹം ഒരിക്കലും അംഗീകരിക്കില്ലെന്നും അവര്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.