ഉദുമ: ഖാലിസ്ഥാന്‍ ഭീകരസംഘടനകളുടെയും സിക്ക്-ശിവസേനസംഘടനകളുടെയും കടുത്ത അപ്രീതിക്ക് ഇരയാവുകയും അവരുടെ ഹിറ്റ്‌ലിസ്റ്റില്‍പ്പെടുകയും നിരവധി തവണ വധശ്രമത്തിന് ഇരയാവുകയും ചെയ്ത ദേര സച്ച സൗദ വിശ്വാസ സമൂഹത്തിന്റെ തലവന്‍ ഗുര്‍മിത് റാം റഹിം സിങ്ങിന്റെ ബേക്കല്‍ സന്ദര്‍ശനം പോലീസിന്റെ ഉറക്കം കെടുത്തി.
സിങ്ങ് എന്തിന് ബേക്കലിലെത്തിയെന്ന് കണ്ടുപിടിക്കാന്‍ എഡിജിപി ടി പി സെന്‍കുമാറിന്റെ നേതൃത്വത്തിലുള്ള കാസര്‍കോട്ടെ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിനോ ജില്ലാ പോലീസ് സൂപ്രണ്ട് തോംസണ്‍ ജോസിന്റെ നിയന്ത്രണത്തിലുള്ള സ്‌പെഷ്യല്‍ ബ്രാഞ്ചിനോ അവസാന നിമിഷം വരെ നന്നേ വിയര്‍ക്കേണ്ടിവന്നു.
ജൂലായ് 10 ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഇരുപതിലധികം വാഹനങ്ങളുടെ അകമ്പടിയോടെ ബുള്ളറ്റ്പ്രൂഫ് വാഹനത്തില്‍ റാം റഹിം സിങ്ങ് ഉദുമ ബേവൂരിയിലുളള ലളിത് റിസോര്‍ട്‌സിലെത്തിയത്. കേന്ദ്രസര്‍ക്കാറിന്റെ സ്‌പെഷ്യ ല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ഇ സെഡ് പ്ലസ് കാറ്റഗറിയില്‍ പെടുന്ന അതിവിശിഷ്ട വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഗുര്‍മിത് റാം റഹിം സിങ്ങിനോടൊപ്പം മുന്നൂറോളം അംഗ പരിവാര സംഘങ്ങളുണ്ടായിരുന്നു. ഇവരില്‍ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് കമാന്റോകളും കരിമ്പൂച്ചകളും അനുയായിവൃന്ദങ്ങളുമുണ്ടായിരുന്നു.
റാം റഹിം സിങ്ങും പരിചാരകരും ഏറ്റവും അടുത്ത അനുയായികളും അടങ്ങുന്ന 68 അംഗ സംഘം ഉദുമ ബേവൂരിയിലുളള ലളിത് റിസോര്‍ട്‌സിലെ 17 മുറികളിലാണ് താമസിച്ചത്. തിരുവക്കോളിയിലെ ചന്ദ്രാലയം ഹോമില്‍ അഞ്ച് മുറികളും പള്ളത്തെ കോടങ്കൈ ടൂറിസ്റ്റ് ഹോമില്‍ പത്ത് മുറികളും പാലക്കുന്നിലെ ഫോര്‍ട്ട്‌പോയിന്റ് ലോഡ്ജില്‍ 16 മുറികളും പാലക്കുന്ന് രഞ്ജീസ് ലോഡ്ജില്‍ പത്ത് മുറികളും ഇവര്‍ക്ക് വേണ്ടി ബുക്ക് ചെയ്തിരുന്നു. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍പ്പെട്ടവരായിരുന്നു സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ മിക്ക അംഗങ്ങളും.
സിങ്ങ് താമസിക്കുന്ന സ്ഥലത്തിന്റെ ചുറ്റളവില്‍ മൊബൈല്‍ഫോണുകളുടെയും വയര്‍ലെസിന്റെയും പ്രവര്‍ത്തനം നിശ്ചലമാക്കുന്ന ജാമര്‍ യന്ത്രം ഘടിപ്പിച്ച വാഹനം വരെ സിങ്ങിന്റെ സുരക്ഷക്ക് വേണ്ടി സജ്ജമാക്കിയിരുന്നു. ബേക്കലില്‍ സിങ്ങും പരിപാരങ്ങളും എത്തിയത് എന്തിനെന്ന് വ്യക്തമല്ലെങ്കിലും ജൂലായ് 10 മുതല്‍ 17 വരെ ഇവര്‍ക്ക് വേണ്ടി വിവിധ ലോഡ്ജുകളില്‍ മുറികള്‍ ബുക്ക് ചെയ്തതാ യി രഹസ്യാനേ്വഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.
അതിരഹസ്യമായി ധ്യാനാദി ചടങ്ങുകള്‍ നടത്താനാണ് ഗുര്‍മിത് റാം റഹിം സിങ്ങ് എത്തിയതെന്ന് സൂചനയുണ്ട്. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഇവിടെ നടത്താനിരുന്ന ധ്യാനം ഉപേക്ഷിക്കുകയും ജൂലായ് 14 ന് ഞായറാഴ്ച സന്ധ്യക്ക് മംഗലാപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് ധ്യാനം സംഘടിപ്പിക്കുകയും ചെയ്തു. അന്ന് വൈകിട്ട് 5.30 മണിയോടെ ലളിത് റിസോര്‍ട്ടില്‍ നിന്ന് മംഗലാപുരത്തേക്ക് പുറപ്പെട്ട റാം റഹിം സിങ്ങും പരിവാരങ്ങളും രാത്രി ഏറെ വൈകിയാണ് തിരിച്ചെത്തിയത്. തിങ്കളാഴ്ച രാവിലെ ബേക്കല്‍കോട്ടയും പള്ളിക്കര കടപ്പുറവും സന്ദര്‍ശിച്ച റഹിം സിങ്ങ് ഉച്ചക്ക് 12 മണിയോടെ കര്‍ണാടകയിലെ മടിക്കേരിയിലേക്ക് പോയി.
കഴിഞ്ഞ അഞ്ച് ദിവസമായി ലോക്കല്‍ പോലീസ് എരിതീയിലായിരുന്നു. വിഘടന തീവ്രവാദ സംഘടനകളുടെ കണ്ണിലെ കരടായ റാം റഹിം സിങ്ങിന്റെ സുരക്ഷാ ചുമതല പോലീസിന് വലിയ തലവേദന തന്നെയായിരുന്നു. എല്ലാ മതങ്ങളും ഒരുപോലെയാണെന്ന് വിശ്വസിക്കുന്ന വിശ്വാസ സമൂഹമായ ദേര സച്ച സൗദ എന്ന സംഘടനക്ക് ഉത്തരേന്ത്യയില്‍ നല്ല വേരോട്ടമുണ്ട്. 1967 ല്‍ സ്വാതന്ത്ര്യദിന വാര്‍ഷിക ദിനത്തില്‍ രാജസ്ഥാനിലെ ശ്രീഗംഗ നഗറില്‍ ജനിച്ച റാം റഹിം സിങ്ങിന്റെ യഥാര്‍ത്ഥ പേര് ഗുര്‍സര്‍ മോഡിയ എന്നാണ്. വിശ്വാസ സമൂഹം രൂപീകരിച്ചതോടെ ഹിന്ദുവിന്റെയും മുസ്ലീമിന്റെയും സിക്കുകാരന്റെയും പേര് ഉള്‍പ്പെടുത്തി ഗുര്‍മിത് റാം റഹിം സിങ്ങ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
സിക്ക് മതത്തിലേതുള്‍പ്പെടെയുള്ള മതങ്ങളിലെ യാഥാസ്ഥിതിക ചിന്തയെ വിമര്‍ശിച്ചും കൂടുതല്‍ സ്വതന്ത്രമായ മതദര്‍ശനം മുന്നോട്ട് വെച്ചുമാണ് റാം റഹിം സിങ്ങ് മുന്നോട്ട് നീങ്ങുന്നത്. സിക്ക് മതത്തോടുള്ള ഇദ്ദേഹത്തിന്റെ കടുത്ത വിമര്‍ശനങ്ങളും സമീപനങ്ങളും 2010 ല്‍ പഞ്ചാബില്‍ വന്‍ കലാപം സൃഷ്ടിക്കുകയും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ്, ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ്, ഇക്‌നൂര്‍ ഹല്‍സഫൗജ് തുടങ്ങിയ ഭീകരവാദ സംഘടനകള്‍ നിരവധി തവണ സിങ്ങിനെ വധിക്കാന്‍ ശ്രമിച്ചിരുന്നു. സ്‌പോര്‍ട്‌സിലും സംഗീതത്തിലും തല്‍പരനായ സിങ്ങിന്റെ സൃഷ്ടികള്‍ യൂണിവേഴ്‌സല്‍ മ്യൂസിക്കല്‍ പുറത്തിറക്കിയിട്ടുണ്ട്.
കനത്ത സുരക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ ഇദ്ദേഹത്തിനേര്‍പ്പെടുത്തിയിരിക്കുന്നത്. ദേര സച്ച സൗദ വിശ്വാസി സമൂഹത്തെ നേട്ടങ്ങളിലേക്ക് നയിച്ച സിങ്ങ് 2007 ല്‍ സിക്കുകാരുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണത്തിനിരയായിരുന്നു. വിവാദങ്ങളും ഇദ്ദേഹത്തെ വിടാതെ പിന്തുടരുന്നു. 1993 ല്‍ സംഘടനയുടെ മാനേജര്‍ ഫാക്കിര്‍ ചന്ദ് കൊല്ലപ്പെട്ട കേസില്‍ സിബിഐ ഗുര്‍മിത് സിങ്ങിനെതിരെ കേസെടുത്തിരുന്നു. മറ്റൊരു മാനേജറും മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ട കേസിലും ലൈംഗിക പീഢന കേസിലും ഇദ്ദേഹം മുന്‍പ് പ്രതിയായിട്ടുണ്ട്.
ഗുര്‍മിതിനെതിരെ കേസെടുത്തെന്നറിഞ്ഞ ഇദ്ദേഹത്തിന്റെ അനുയായികള്‍ തെരുവിലും മറ്റും അക്രമം അഴിച്ചുവിട്ടിരുന്നു. കേസില്‍ ഇദ്ദേഹം പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു. ഏത് ദിവസത്തെ സന്ദര്‍ശനത്തിനാണ് പരിവാര സമേതം സിങ്ങ് ബേക്കലിലെത്തിയതെങ്കിലും അഞ്ച് ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ അദ്ദേഹം കര്‍ണാടകയിലേക്ക് പോവുകയായിരുന്നു. ഇവിടുത്തെ പ്രതികൂല കാലാവസ്ഥയാണ് പരിപാടി വെട്ടിച്ചുരുക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു..
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment