Latest News

പകര്‍ച്ചവ്യാധികള്‍ തടയാന്‍ സമ്പൂര്‍ണ്ണ ശുചിത്വ പരിപാടി സംഘടിപ്പിക്കും: ജില്ലാ വികസന സമിതി


കാസര്‍കോട്: ജില്ലയില്‍ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപിത്തം തുടങ്ങിയ മാരക രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പൊതുജനങ്ങളുടേയും വ്യാപാരിവ്യവസായികളുടേയും സഹകരണത്തോടെ സമ്പൂര്‍ണ്ണ സമൂഹ ശുചിത്വ പരിപാടി സംഘടിപ്പിക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഇതിനായി ബന്ധപ്പെട്ടവരുടെ യോഗം ആഗസ്റ്റ് 15 ന് മുമ്പ് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ക്കും.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കൊതുക് പരത്തുന്ന പകര്‍ച്ചവ്യാധികള്‍ ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ഉള്‍പ്പെടെ വര്‍ദ്ധിച്ചു വരുന്ന മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ നടപടിയുണ്ടാകണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
കാര്‍ഷിക വായ്പയ്ക്ക് സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചില ബാങ്കുകള്‍ കര്‍ഷകരുടെ സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതായി പരാതി ലഭിക്കുന്നുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നതിന് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും ഇടപാടുകള്‍ തുടരാത്തതിനാല്‍ അക്കൗണ്ട് റദ്ദാക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ എല്ലാ വര്‍ഷവും അക്കൗണ്ട് തുറക്കേണ്ട സാഹചര്യമാണ്. സ്‌കോളര്‍ഷിപ്പുകള്‍ക്കായി പഴയ അക്കൗണ്ട് തുടരാന്‍ ബാങ്കുള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കടല്‍ക്ഷോഭത്തിലും പ്രകൃതി ദുരന്തങ്ങളിലും മരിച്ചവര്‍ക്കും വീടുകള്‍ തകര്‍ന്നും കാര്‍ഷിക വിളകള്‍ നശിച്ചും നാശനഷ്ടമുണ്ടായവര്‍ക്കും അടിയന്തിര ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.
കാസര്‍കോട്-മംഗലാപുരം ദേശസാല്‍കൃത റൂട്ടില്‍ യാത്രാ ക്ലേശം പരിഹരിക്കാന്‍ കൂടുതല്‍ കെ എസ് ആര്‍ ടി സി ബസുകളും ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകളും അനുവദിക്കണം.

ട്രോളിംഗ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കടല്‍ക്ഷോഭം രൂക്ഷമായ അജാനൂര്‍ കടപ്പുറത്ത് കടല്‍ഭിത്തി നിര്‍മ്മിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി.കേരള നെല്‍വയല്‍ നീര്‍ത്തട നിയമത്തിന്റെ ഭാഗമായി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രൂപീകരിച്ച അവലോകന സമിതികളുടേ യോഗം കാലതാമസം കൂടാതെ വിളിച്ചുചേര്‍ക്കണമെന്ന് തണ്ണീര്‍ത്തട ഡാറ്റാ ബാങ്കുകളെക്കുറിച്ചുളള പരാതികള്‍ പരിശോധിച്ച് ഉടന്‍ തീര്‍പ്പാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
പനത്തടി പഞ്ചായത്തിലെ പരപ്പ വില്ലേജില്‍ നാല്‍പത് പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് അനുവദിച്ച പട്ടയങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനികളിലെ കൈവശഭൂമിക്ക് പട്ടയമില്ലാത്ത മുഴുവന്‍ കുടുംബങ്ങളില്‍ നിന്നും അപേക്ഷ സ്വീകരിച്ച് നടപടിയെടുക്കാന്‍ ജില്ലാ പട്ടികവര്‍ഗ്ഗ, പട്ടികജാതി വികസന ഓഫീസര്‍മാരെ യോഗം ചുമതലപ്പെടുത്തി. പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ മാതൃകാ കോളനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ അപേക്ഷകളില്‍ നടപടിയെടുക്കാന്‍ ജില്ലാപഞ്ചായത്ത് ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയുടെ കീഴില്‍ ഏകജാലജാലക സംവിധാനം ഏര്‍പ്പെടുത്തും.
നീലേശ്വരം മുനിസിപ്പാലിറ്റിക്ക് ബസ് സ്റ്റാന്റ് നിര്‍മ്മിക്കാന്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ ഭൂമി ലഭ്യമാക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ജില്ലയില്‍ മതിയായ രേഖകളില്ലാതെ മുഴുവന്‍ കരിങ്കല്‍ ചെങ്കല്‍ ക്വാറികളുടേയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ് നല്‍കിയതായി ബന്ധപ്പെട്ടവര്‍ യോഗത്തില്‍ അറിയിച്ചു. മാടക്കാല്‍ തൂക്കുപാലം തകര്‍ന്ന് പരിക്കു പറ്റിയവര്‍ക്ക് ഉടന്‍ ധനസഹായം നല്‍കാന്‍ ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ കിണറിടിഞ്ഞ് മൂന്ന് വീട്ടുകാര്‍ക്ക് പുറത്തിറങ്ങുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ കിണര്‍ നികത്തി ഉപയോഗപ്പെടുത്താന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദേശീയ പാതയിലും, പൊതുമരാമത്ത് റോഡുകളിലും അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഉത്തരമലബാര്‍ ജലോത്സവം നടത്തുന്നതിനുളള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 2187 എ പി എല്‍ കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകളും ബി പി എല്‍ കാര്‍ഡുകളാക്കി നല്‍കുന്നതിനുളള നടപടി അവസാന ഘട്ടത്തിലാണ്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍റസാഖ്, കെ കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) കെ കുഞ്ഞിരാമന്‍ (ഉദുമ), ഇ ചന്ദ്രശേഖരന്‍, നീലേശ്വരം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ വി ഗൗരി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എസ് കുര്യാക്കോസ്, സബ്കളക്ടര്‍ വെങ്കിടേശപതി, എ ഡി എം എച്ച്.ദിനേശന്‍, ജില്ലാപ്ലാനിംഗ് ഓഫീസര്‍ കെ ജി ശങ്കരനാരായണന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
 


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.