Latest News

ഭര്‍തൃമതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്ക് വലവിരിച്ചത് യുവതിയുടെ ബന്ധുക്കള്‍

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കടപ്പുറത്ത് ഭര്‍ത്താവിനോടും മൂന്ന് മക്കളോടൊപ്പം താമസിക്കുന്ന 32കാരിയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്യുകയും പിന്നീട് നിരന്തരം പീഢിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത രണ്ടംഗസംഘത്തെ കെണിയൊരുക്കി വലയില്‍ വീഴ്ത്തി കൈകാര്യം ചെയ്തത് യുവതിയുടെ അടുത്ത ബന്ധുക്കളാണെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തി. 

യുവതി താമസിക്കുന്ന മീനാപ്പീസിലെ ക്വാര്‍ട്ടേഴ്‌സില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 9 മണിയോടെയാണ് രണ്ട് യുവാക്കള്‍ യുവതിയുടെ ബന്ധുക്കള്‍ വിരിച്ച വലയില്‍ കുടുങ്ങിയത്. ഹൊസ്ദുര്‍ഗ് കടപ്പുറത്ത് തന്നെ താമസിക്കുന്ന ഷംസുദ്ദീന്‍(34), റാഷിദ്(22)എന്നിവര്‍ യുവതിയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്ത ശേഷം നിരന്തരം പീഢിപ്പിച്ചുവരികയായിരുന്നുവത്രെ. 

ഒരുമാസം മുമ്പ് പരിസരവാസിയായ ഒരു യുവാവ് യുവതിയുടെ വീട്ടുപരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ പിടികൂടിയിരുന്നു. പിടിയിലായ യുവാവിനെ അന്ന് നാട്ടുകാര്‍ യുവതിയുടെ വീട്ടുപരിസരത്ത് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തിനും പീഢനത്തിനും നേതൃത്വം നല്‍കിയത് ഷംസുദ്ദീനായിരുന്നുവത്രെ. അന്ന് യുവാവിന്റെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത ഷംസുദ്ദീന്‍ ഈ ഫോണില്‍ ഉണ്ടായിരുന്ന ചിത്രങ്ങളും റിക്കാര്‍ഡ് ചെയ്തിരുന്ന സംസാരവും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ കെണിയില്‍പ്പെടുത്തുകയായിരുന്നുവത്രെ. 

ഷംസുദ്ദീന്റെ പീഢനം സഹിക്കാന്‍ വയ്യാതെ യുവതി തന്നെ ബന്ധുക്കളോട് വിവരം പറയുകയും ബന്ധുക്കളുടെ നിര്‍ദ്ദേശം അനുസരിച്ച് ഷംസുദ്ദീനോട് ബുധനാഴ്ച രാത്രി താമസസ്ഥലത്തേക്കെത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. 

രാത്രി 9 മണിേയാടെ യുവതിയെ തേടിയെത്തിയ ഷംസുദ്ദീന്‍ തല്‍സമയം വീട്ടുപരിസരത്ത് മറഞ്ഞിരുന്ന യുവതിയുടെ ബന്ധുക്കളുടെ പിടിയിലകപ്പെട്ടു. പടന്നക്കാട് സ്വദേശിനിയായ യുവതിയുടെ പടന്നക്കാട്ടെയും കൊളവയലിലെയും ബന്ധുക്കളാണ് വീട്ടുപരിസരത്ത് ഷംസുദ്ദീനെ കാത്തിരുന്നത്. വീട്ടിനകത്ത് അകപ്പെട്ട യുവാവിനെ ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. 

ഇതേസമയം ഷംസുദ്ദീനോടൊപ്പം എത്തി വീട്ടുപരിസരത്ത് കാവലിരുന്ന റാഷിദിനെയും യുവതിയുടെ ബന്ധുക്കള്‍ പിടികൂടി. സംഘര്‍ഷ വിവരം അറിഞ്ഞെത്തിയ പ്രദേശത്തെ ചിലരെയും യുവതിയുടെ ബന്ധുക്കള്‍ കൈകാര്യം ചെയ്തതായി നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ട്. പിന്നീട് ഷംസുദ്ദീന്റെ വീട്ടിലെത്തി ഭാര്യയെയും മാതാവിനെയും കുട്ടികളെയുമൊക്കെ മര്‍ദ്ദിച്ചതായും പറയപ്പെടുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഷംസുദ്ദീന്റെ ഭാര്യ അസീഫ(30), സഹോദരന്‍ ഷരീഫിന്റെ ഭാര്യ സുഹറ(34)എന്നിവര്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. 

സംഭവ ദിവസം രാത്രി തന്നെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി യുവതി രണ്ട് യുവാക്കള്‍ക്കുമെതിരെ മൊഴി നല്‍കി. മെയ് 8ന് രാത്രി മീനാപ്പീസിലെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് തന്നെ ഷംസുദ്ദീനും റാഷിദും ചേര്‍ന്ന് ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയതായി യുവതിയുടെ മൊഴിയില്‍ പറയുന്നു. 

നേരത്തെ യുവതിയുടെ ഭര്‍ത്താവിനെ അന്വേഷിച്ച് ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ബാബു എന്ന യുവാവ് മീനാപ്പീസിലെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയിരുന്നു. തല്‍സമയം യുവതിയും മൂന്നര വയസുള്ള മകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. യുവതിയുടെ വ്യാപാരിയായ ഭര്‍ത്താവ് കടയിലും മൂത്ത മകന്‍ മദ്രസയിലും മറ്റ് രണ്ട് കുട്ടികള്‍ തറവാട് വീട്ടിലുമായിരുന്നു. ഭര്‍ത്താവ് എത്തിയിട്ടില്ലെന്ന് യുവതി അറിയിച്ചതിനെത്തുടര്‍ന്ന് ബാബു തിരിച്ചു പോകുകയും ചെയ്തു. അല്പസമയം കഴിഞ്ഞപ്പോള്‍ ഷംസുദ്ദീനും റാഷിദും ചേര്‍ന്ന് ബാബുവിനെ ബലമായി പിടികൂടി മീനാപ്പീസിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുവരികയും ഭര്‍തൃമതിയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് തന്നെ കിടപ്പുമുറിയില്‍ പൂട്ടിയിടുകയും ചെയ്തു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും പറയേണ്ടെന്നും നീയും ബാബുവും തമ്മില്‍ ബന്ധമുണ്ടെന്നും ഇക്കാര്യം ഭര്‍ത്താവിനെയും നാട്ടുകാരെയും അറിയിക്കുമെന്നും ഷംസുദ്ദീനും റാഷിദും ഭീഷണിപ്പെടുത്തി. ഇതിനുശേഷം രണ്ടുപേരും ചേര്‍ന്ന് വീട്ടിലെ മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും വായ പൊത്തിപ്പിടിച്ച് ബലാത്സംഗത്തിനിരയാക്കുകയും ചെയ്തുവെന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ യുവതി ബോധിപ്പിച്ചിരിക്കുന്നത്. 

ബലാത്സംഗത്തിന് ശേഷം ഷംസുദ്ദീനും റാഷിദും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ നിന്നെയും കുട്ടികളെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയത്രെ. ഇതുകാരണം താന്‍ ഭര്‍ത്താവിനോട് പീഢനവിവരം പറഞ്ഞില്ലെന്നും യുവതിയുടെ മൊഴിയിലുണ്ട്. പിറ്റേദിവസവും ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് ഷംസുദ്ദീനും റാഷിദും മീനാപ്പീസിലെ ക്വാര്‍ട്ടേഴ്‌സിലെത്തി യുവതിയോട് വീണ്ടും ഭീഷണി ആവര്‍ത്തിച്ചു. താന്‍ ബലാത്സംഗത്തിനിരയായ വിവരം ആരോടും പറയാനാകാതെ ആത്മഹത്യയെക്കുറിച്ച് വരെ താന്‍ ചിന്തിച്ചുവെന്നും യുവതി പറയുന്നു. 

പിന്നീടുള്ള ദിവസങ്ങളിലും ഇരുവരും ഭീഷണിപ്പെടുത്തി പീഢിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അപ്പോഴൊക്കെ ചെറുത്തുനില്‍ക്കുകയാണുണ്ടായത്. ഒടുവില്‍ ബന്ധുക്കളെ വിവരം അറിയിക്കുകയും ബുധനാഴ്ച രാത്രിയോടെ ഇരുവരും പിടിയിലാവുകയും ചെയ്തു. 

ബന്ധുക്കളുടെ മര്‍ദ്ദനമേറ്റ ഷംസുദ്ദീന്‍ ആദ്യം അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് മംഗലാപുരത്തേക്ക് മാറ്റിയിരുന്നു. ഇവിടെ ഷംസുദ്ദീന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധുക്കള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച റാഷിദിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. 

കൂട്ടബലാല്‍സംഗത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376(ഡി)യും ഭവന ഭേദനത്തിന് ഐപിസി 450, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് 506(1) വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം കഠിന തടവ് വരെ ലഭിക്കുന്ന വകുപ്പുകളാണ് ഇവ.


(കടപ്പാട്: മലബാര്‍ വാര്‍ത്ത) 
Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.