Latest News

വിശുദ്ധ റംസാനിലും പട്ടിണിയും പരിവട്ടവുമായി വൃദ്ധ സഹോദരിമാര്‍


ബദിയടുക്ക: പട്ടിണിയും പരിവട്ടവുമായി വൃദ്ധ സഹോദരിമാര്‍ ദുരിതജീവിതം തള്ളിനീക്കുന്നു. ബേള കിളിങ്കാര്‍ മജിര്‍ പള്ളക്കട്ടയിലെ ഉമ്മു സല്‍മ(70), സഹോദരി ബീഫാത്തിമ (65)എന്നിവരാണ് ഒരു കടയ്ക്കു സമീപമുള്ള ഒറ്റമുറിയില്‍ ദുരിതജീവിതം നയിക്കുന്നത്.

ഇരുവരുടേയും വിവാഹം നേരത്തെ നടന്നിരുന്നുവെങ്കിലും ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കുകയായിരുന്നു. ഇവരുടെ ഏക സഹോദരന്‍ വര്‍ഷങ്ങള്‍ക്കു മുമ്പു മഞ്ഞപ്പിത്തംബാധിച്ചു മരിച്ചിരുന്നു.

തുടര്‍ന്നു കുടുംബസ്വത്തായ അഞ്ചു സെന്റ് സ്ഥലത്തുള്ള പൊളിഞ്ഞുവീഴാറായ വീട്ടില്‍ ഇരുവരും തനിച്ചു കഴിഞ്ഞുകൂടുകയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളുള്ളതിനാല്‍ മറ്റുജോലിക്കു പോകാനൊന്നും സാധിക്കുന്നില്ല.

അയല്‍വാസികളുടെ സഹായത്തോടെയാണ് ഇതുവരെ കഴിഞ്ഞുകൂടിയിരുന്നത്. ഈയിടെ പെയ്ത കനത്ത മഴയിലും കാറ്റിലും വീട് ഭാഗികമായി തകര്‍ന്നു. പിന്നീട് ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എന്‍. കൃഷ്ണഭട്ട് മുന്‍കൈയെടുത്ത് സമീപത്തെ ഒരു കടമുറി വാടകയ്‌ക്കെടുത്തു നല്‍കി. ഇതിന്റെ വാടക കൃഷ്ണഭട്ടാണ് നല്‍കുന്നത്. 

പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന വാര്‍ധക്യ പെന്‍ഷന്‍ മാത്രമാണ് ഇവരുടെ ആശ്രയം ഈ സഹോദരിമാരെ തിരിഞ്ഞുനോക്കാന്‍ കുടുംബത്തില്‍ മറ്റാരുമില്ലാത്തതിനാല്‍ പരസഹായം തേടുകയാണ്. ഇവരുടെ പേരിലുള്ള സ്ഥലത്തു വീട് നിര്‍മിച്ചുനല്‍കാന്‍ സുമനസുകള്‍ തയാറാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.