Latest News

ഉത്തേജക എണ്ണയുടെ പേരിൽ ഒന്നരക്കോടി തട്ടി: നൈജീരിയക്കാരനും കാമുകിയും അറസ്റ്റിൽ

കൊല്ലം: ഉത്തേജക എണ്ണയുടെ പേരിലുള്ള കയറ്റുമതി തട്ടിപ്പുമായി ബന്ധപ്പെട്ട് നൈജീരിയക്കാരനെയും മുംബയ് ബാന്ദ്ര സ്വദേശിനിയായ കാമുകിയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഫ്രാങ്കോ ഒബന്യാനോ ചുക്കുവ (30), കാമുകി ജ്യോത്സ്ന സുധീപ് അലുവാലിയ (22) എന്നിവരാണ് പിടിയിലായത്.

റബർ കയറ്റുമതിക്കാരനായ തിരുവനന്തപുരം സ്വദേശി അനിൽകുമാർ ഡി.ജി.പി ബാലസുബ്രഹ്മണ്യത്തിന് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. മികച്ച കയറ്റുമതിക്കാരനുള്ള അവാർഡുകൾ നേടിയിട്ടുള്ള അനിൽകുമാറിന് രണ്ട് വർഷമായി ബിസിനസിൽ പ്രതീക്ഷിച്ച ലാഭം ലഭിച്ചില്ല. പുതിയ ബിസിനസ് മേഖല തേടിയതാണ് അനിൽകുമാർ തട്ടിപ്പിന് ഇരയാവാൻ കാരണം. ഒരു കോടി 56 ലക്ഷം രൂപയാണ് അനിൽകുമാറിന് നഷ്ടപ്പെട്ടത്.

കയറ്റുമതി ബിസിനസ് ചെയ്യുന്നവരുടെ വിവരങ്ങളുള്ള എക്സ്‌പോർട്ടേഴ്സ് യെല്ലോ പേജിൽ നിന്ന് അനിൽകുമാറിന്റെ ഇ-മെയിൽ വിലാസം സംഘടിപ്പിച്ചാണ് സംഘം തട്ടിപ്പിന് തുടക്കമിട്ടത്. 

നൈജീരിയയിൽ താൻ ജോലി ചെയ്യുന്ന കമ്പനിക്ക് 'വീറ്റോ സൈറ്റോ ഓയിൽ' എത്തിച്ചിരുന്ന കയറ്റുമതിക്കാരൻ മരിച്ചുപോയതിനാൽ കമ്പനി പുതിയ ബിസിനസുകാരനെ തേടുന്നു എന്നായിരുന്നു ഫ്രാങ്കോ ഒബന്യാനോ ചുക്കുവയുടെ ആദ്യ ഇ-മെയിൽ സന്ദേശം. 

നൈജീരിയൻ കമ്പനി 60,000 ഡോളറിന് വാങ്ങുന്ന എണ്ണ ഇന്ത്യയിൽ 29,000 ഡോളറിന് ലഭിക്കുമെന്നറിഞ്ഞാണ് ബിസിനസ് ചെയ്യാൻ അനിൽകുമാർ ഇറങ്ങിത്തിരിച്ചത്. കയറ്റുമതിക്കാർക്ക് എണ്ണ എത്തിക്കുന്ന കമ്പനിയുടെ നമ്പരിൽ വിളിച്ചപ്പോൾ ലക്ഷ്മി കുമാർ എന്നു പരിചയപ്പെടുത്തിയ സ്ത്രീയാണ് ഫോണെടുത്തത്. വിലയുടെ പകുതി പണമടച്ചാൽ എണ്ണ എത്തിക്കാമെന്ന് അവർ അറിയിച്ചു. തുടർന്ന് ആദ്യഗഡുവായി 10 ലക്ഷം നൽകി. മുംബെയിലെ ഒരു ബാങ്ക് അക്കൗണ്ടിലേയ്‌ക്കാണ് പണം അയച്ചത്. ഇതോടെ ചെന്നൈയിലേക്ക് എണ്ണയുടെ സാമ്പിൾ അയച്ചു. ഇത് തിരുവനന്തപുരത്ത് എത്തിച്ചതോടെ എണ്ണ പരിശോധിക്കാൻ നൈജീരിയൻ കമ്പനി പ്രതിനിധിയെന്ന വ്യാജേന നീഗ്രോ യുവാവ് എത്തി. 

ഏറ്റവും ഗുണമേന്മയുള്ളതാണെന്നും ഇനിമേൽ ഈ കമ്പനിയിൽ നിന്ന് എണ്ണ വാങ്ങിയാൽ മതിയെന്നും പരിശോധകൻ 'കമ്പനി എം.ഡി ഡോ. മൂറിനെ' അറിയിച്ചതായി അനിൽകുമാറിനെ ധരിപ്പിച്ചു. ഇതോടെ കൂടുതൽ എണ്ണ ശേഖരിക്കാൻ അനിൽകുമാർ തയ്യാറായി. 20 ഗ്യാലൻ എണ്ണയ്ക്കായി ലക്ഷ്മി കുമാറിനെ ബന്ധപ്പെട്ടപ്പോൾ വില മുഴുവൻ നൽകിയാലേ എണ്ണ നൽകൂ എന്നായി. പേശലിനൊടുവിൽ 75 ശതമാനത്തിൽ ഒതുങ്ങി. ഇതനുസരിച്ച് ഒരു കോടി 65 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലായി നൽകി. പല അക്കൗണ്ടുകളെക്കുറിച്ച് അന്വേഷിച്ചപ്പോൾ പലരിൽ നിന്നാണ് എണ്ണ ശേഖരിക്കുന്നതെന്നും പണം നേരിട്ട് അവരുടെ അക്കൗണ്ടിൽ നൽകുകയാണെന്നുമായിരുന്നു മറുപടി. ഇതിനിടെ 'വീറ്റോ സൈറ്റോ ഓയിൽ' പരിശോധിച്ചു നോക്കിയ അനിൽകുമാറിന് മൃഗക്കൊഴുപ്പിന്റെ ഗന്ധം അനുഭവപ്പെട്ടു. 

ഓരോ തവണ ഓരോ അക്കൗണ്ടിൽ പണമടപ്പിക്കുന്നതും നൈജീരിയൻ കമ്പനി കയറ്റുമതി ഓർഡർ അയയ്ക്കാൻ വൈകുന്നതുമൊക്കെ സംശയം ജനിപ്പിച്ചു. തുടർന്നാണ് പരാതി നൽകിയത്. മഹാരാഷ്ട്ര പൊലീസിന്റെയും സൈബർ വിദഗ്ദ്ധരുടെയും സഹായത്തോടെ നടത്തിയ മാരത്തോൺ അന്വേഷണത്തിലാണ് കമ്പനി ജീവനക്കാരനായും പരിശോധകനായും എത്തിയ ഫ്രാങ്കോ ഒബന്യാനോ ചുക്കുവയെയും ലക്ഷ്മി കുമാറായി കബളിപ്പിച്ച ജ്യോത്സ്ന സുധീപ് അലുവാലിയയെയും അറസ്റ്റുചെയ്തത്.
ഓൺലൈൻ ലോട്ടറി അടിച്ചതായും ഫോൺ നമ്പരിന് സമ്മാനം ലഭിച്ചതായും മറ്റും ഡോ. ഫ്രാങ്കോ മൂർ എന്നയാളുടേതായി വരുന്ന വ്യാജ അന്താരാഷ്ട്ര എസ്.എം.എസുകളുടെ ഉറവിടത്തെക്കുറിച്ചും ഈ കേസിന്റെ തുടർച്ചയായി അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി. രാജഗോപാൽ, സി.ഐ അബ്ദുൾ വഹാബ് എന്നിവർ പറഞ്ഞു. 


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.