Latest News

കോടിക്കണക്കിനു രൂപയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച സംഘം പിടിയില്‍

കൊച്ചി: രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ ജ്വല്ലറികളില്‍ നിന്ന് കോടിക്കണക്കിനു രൂപയുടെ സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും മോഷണം നടത്തിയ വനിതകള്‍ ഉള്‍പ്പെടെയുള്ള നാലംഗ സംഘം അറസ്റ്റില്‍. പശ്ചിമബംഗാളിലെ പര്‍ഗാന പശ്ചിംഗുംഗ്രി സ്വദേശികളായ മുംതാസ് ബീഗം (50), യാസീന്‍ ഷേഖ് (54), നൊബിയ ബീവി (45), ആമിന ശെയ്ഖ് (55) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് പിടികൂടിയത്.

എറണാകുളം എം.ജി. റോഡിലുള്ള മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എന്ന സ്ഥാപനത്തില്‍ ചൊവ്വാഴ്ച വൈകീട്ട് 5 മണിയോടെ ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജീവനക്കാര്‍ ഇവരെ ശ്രദ്ധിച്ചപ്പോള്‍ ഇവര്‍ വേഗം കടയില്‍ നിന്ന് ഇറങ്ങിപ്പോയി. 2011 മാര്‍ച്ച് 12ന് ഈ ജ്വല്ലറിയില്‍ നിന്ന് പാദസരം മോഷ്ടിച്ച സ്ത്രീകളാണോ ഇവര്‍ എന്ന സംശയത്തില്‍ ജീവനക്കാര്‍ പഴയ വീഡിയോ ക്ലിപ്പിങ്ങുകള്‍ പരിശോധിച്ചപ്പോള്‍ അന്നു മോഷണം നടത്തിയത് ഇവര്‍ തന്നെയാണെന്നു കണ്ടെത്തി ഇതിനെ തുടര്‍ന്ന് ജ്വല്ലറി അധികൃതര്‍ എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം നടത്തിവരുന്നതിനിടയില്‍ വ്യാഴാഴ്ച വൈകീട്ടോടെ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള ലോഡ്ജില്‍നിന്ന് ഇവരെ പിടികൂടുകയായിരുന്നു.

ചോ ദ്യംചെയ്യലില്‍ മംഗലാപുരത്തുള്ള ഗോള്‍ഡ് പാലസ്, തനിഷ്‌ക് ജ്വല്ലറി, കോഴിക്കോടുള്ള മലബാര്‍ ഗോള്‍ഡ് പാര്‍ക്ക് ജൂവലറി, ബാംഗ്ലൂരുള്ള റിലയന്‍സ് ജ്വല്ലറി, എറണാകുളം ആലപ്പാട്ട് ജൂവലറി എന്നിവിടങ്ങളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷണം നടത്തിയതായും എറണാകുളം ഫ്രാന്‍സിസ് ആലുക്കാസ് ജ്വല്ലറിയില്‍നിന്ന് മോഷണശ്രമം നടത്തിയതായും ഇവര്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു. കര്‍ണാടക, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പോലിസ് സ്‌റ്റേഷനുകളിലെ കേസുകളില്‍ ഇവര്‍ പ്രതികളാണെന്നു പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതികളില്‍ നിന്ന് 1,50,000 രൂപയും മോഷണത്തിനായി ഉപയോഗിച്ചിരുന്ന മുക്കുപണ്ടങ്ങളും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം അസി.പോലിസ് കമ്മീഷണര്‍ സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ എറണാകുളം സെന്‍ട്രല്‍ സി. ഐ ഫ്രാന്‍സിസ് ഷെല്‍ ബി, സെന്‍ട്രല്‍ എസ്.ഐ അനന്തലാല്‍, ജൂനിയര്‍ എസ്.ഐ ശ്രീകുമാര്‍, വനിത എസ്.ഐ ലൈലാ കുമാരി, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ജോയികുമാര്‍, സലിം, സിവില്‍ പോലിസ് ഓഫിസര്‍ ജോബി, വനിത സിവില്‍ പോലിസ് ഓഫിസര്‍ വിദ്യ എന്നിവരാണ് ഇവരെ പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റു ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എറണാകുളം സെന്‍ട്രല്‍ പോലിസ് അറിയിച്ചു.




Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kasaragod News, Kerala Vartha, Kannur Vartha.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.