Latest News

കാണാതായ അറുപതുകാരിയെ സെപ്റ്റിക് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: കാണാതായ അറുപത് വയസ്സുകാരിയുടെ മൃതദേഹം പരിചയക്കാരി താമസിക്കുന്ന വാടകവീട്ടിലെ കക്കൂസ് ടാങ്കില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായതായി സൂചനയുണ്ട്.

ചിയ്യാരം മണികണേ്ഠശ്വരം റോഡില്‍ കുണ്ടുകുളങ്ങര പറമ്പന്‍വീട്ടില്‍ പരേതനായ ലോനയുടെ ഭാര്യ കൊച്ചുത്രേസ്യ(60)യാണ് കൊല്ലപ്പെട്ടത്. പൊന്നൂക്കരയിലെ ഒരു വാടകവീട്ടിലെ കക്കൂസ് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. മുന്‍പരിചയമുള്ള അഞ്ചേരി സ്വദേശി ലതയും ബന്ധുക്കളുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.

കൊച്ചുത്രേസ്യ ധരിച്ചിരുന്ന ഏഴ് പവന്‍ സ്വര്‍ണാഭരണങ്ങളും കാണാതായിട്ടുണ്ട്. സംഭവത്തിനുശേഷം വാടകവീട് പൂട്ടി മുങ്ങിയ ലതയും കുടുംബവും തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍നിന്ന് പിടിയിലായതായാണ് സൂചന. സ്വര്‍ണത്തിനുവേണ്ടി നടത്തിയ കൊലപാതകത്തിന് ലതയ്ക്ക് സഹായികളുണ്ടെന്നും പോലീസ് കരുതുന്നു.

ഈ മാസം എട്ടുമുതലാണ് കൊച്ചുത്രേസ്യയെ കാണാതായത്. വീട്ടുകാര്‍ നെടുപുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. കാണാതാകുന്നതിന് നാല് ദിവസംമുമ്പ് ലത കൊച്ചുത്രേസ്യയെ കാണാന്‍ ചിയ്യാരത്തെ വീട്ടിലെത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. 15 കൊല്ലംമുമ്പ് ലതയും കൊച്ചുത്രേസ്യയും കെട്ടിടനിര്‍മാണരംഗത്ത് ഒരുമിച്ച് ജോലിചെയ്തിരുന്നു. പിന്നെ വര്‍ഷങ്ങളായി പരസ്​പരം കാണാറില്ല. കുറച്ചുനാള്‍മുമ്പ് വാടകവീട് തിരക്കി ചിയ്യാരത്തെത്തിയ ലത അവിചാരിതമായി കൊച്ചുത്രേസ്യയെ കണ്ടുമുട്ടി. പഴയ പരിചയം പുതുക്കി. പിന്നീട് കൊച്ചുത്രേസ്യയുടെ വീട്ടിലെത്തി.

ഭര്‍ത്താവ് മരിച്ച കൊച്ചുത്രേസ്യ രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചതോടെ തനിച്ചാണ് താമസം. ലത വന്നപ്പോള്‍ കൊച്ചുത്രേസ്യയുടെ ആഭരണങ്ങള്‍ സ്വര്‍ണ്ണമാണോ എന്നൊക്കെ ചോദിച്ചത് അയല്‍വാസികള്‍ കേട്ടിരുന്നു. അതു കഴിഞ്ഞ് എട്ടാം തീയതി കൊച്ചുത്രേസ്യ ലതയ്‌ക്കൊപ്പം പോകുന്നത് കണ്ടവരുമുണ്ട്. പിന്നീട് കൊച്ചുത്രേസ്യയെക്കുറിച്ച് യാതൊരു വിവരവുമില്ല. വീട്ടുകാരുടെ പരാതിപ്രകാരം കേസന്വേഷിക്കുന്നതിന്റെ ഭാഗമായി ലഭിച്ച ചില തെളിവുകളാണ് നെടുപുഴ പോലീസിനെ പൊന്നൂക്കരയില്‍ ലതയുടെ വാടകവീട്ടിലെത്തിച്ചത്.

മുമ്പ് വിവാഹിതയായ ലത ഭര്‍ത്താവിനെയും മകനെയും പിരിഞ്ഞ് രാജേഷ് എന്ന സുധീഷിനൊപ്പമാണ് കഴിഞ്ഞിരുന്നത്. വാടകവീട്ടില്‍ ഇവരെക്കൂടാതെ സുധീഷിന്റെ സഹോദരി സിന്ധു, അമ്മ, സിന്ധുവിന്റെ രണ്ട് മക്കള്‍ എന്നിവരോടൊപ്പമായിരുന്നു താമസം.

കൊച്ചുത്രേസ്യയെ കൊണ്ടുവന്ന തിങ്കളാഴ്ച തന്നെ കൊല നടത്തിയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. അന്നുതന്നെ ലതയും കൂടെയുള്ളവരും വീട് പൂട്ടി രക്ഷപ്പെടുകയായിരുന്നു. ഇതില്‍ രാജേഷ് ഒഴികെയുള്ളവര്‍ പിടിയിലായതായാണ് സൂചന.

എ.സി.പി. ചന്ദന്‍ചൗധരി, ഡിവൈഎസ്​പി ടി.കെ. തോമസ്, പുതുക്കാട് സി.ഐ. മുരളീധരന്‍, എസ്.ഐ. ജിജോ, ഒല്ലൂര്‍ സിഐ എന്‍.കെ. സുരേന്ദ്രന്‍, എസ്‌ഐ ആര്‍. സുജിത്കുമാര്‍ എന്നിവരെക്കൂടാതെ സയന്റിഫിക് അസിസ്റ്റന്റ് സഫ്‌ന, വിരലടയാളവിദഗ്ധര്‍, ഡോഗ്‌സ്‌ക്വാഡ് എന്നിവരും സംഭവസ്ഥലത്തെത്തി.

റീന, ബീന, പരേതയായ ബിന്ദു എന്നിവരാണ് കൊച്ചുത്രേസ്യയുടെ മക്കള്‍. മരുമക്കള്‍: ഷാജന്‍, നിക്‌സണ്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.