Latest News

മലപ്പുറത്ത് മുസ്‌ലിംലീഗ്-കോണ്‍ഗ്രസ് ബന്ധത്തില്‍ വിളളല്‍

മലപ്പുറം: യു.ഡി.എഫിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മുസ്‌ലിംലീഗ്-കോണ്‍ഗ്രസ് ബന്ധം തകര്‍ച്ചയിലേക്ക്. ജില്ലയിലെ 10 ശതമാനത്തിലധികം പഞ്ചായത്തുകളിലും കോണ്‍ഗ്രസ്-മുസ്‌ലിംലീഗ് ബന്ധം തകര്‍ച്ചയിലാണ്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരിലും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയിലും യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായിട്ടുണ്ട്. വേങ്ങരയില്‍ കോണ്‍ഗ്രസ്സിന്റെ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ലീഗ് തീരുമാനിച്ചതാണ് ജില്ലയിലെ ലീഗ്-കോണ്‍ഗ്രസ് ഭിന്നതയിലുണ്ടായ ഏറ്റവും പുതിയ നീക്കം.

ലീഗ്-സി.പി.എം. അടവുനയം ശക്തമായി നിലനില്‍ക്കുന്ന മൂത്തേടം ഗ്രാമപ്പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായിരുന്ന കാറ്റാടി ഉസ്മാനെ സി.പി.എമ്മുമായി ചേര്‍ന്ന് അവിശ്വാസപ്രമേയം വഴിയാണ് മുസ്‌ലിംലീഗ് താഴെയിറക്കിയിരുന്നത്. എന്നാല്‍ പിന്നീട് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലീഗ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ ത്തുടര്‍ന്ന് ഉസ്മാന്‍ വീണ്ടും പ്രസിഡന്റായി. സി.പി.എമ്മുമായി ചേര്‍ന്നാണ് ഇവിടെ ലീഗ് അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ നടന്ന കാരപ്പുറം വാര്‍ഡ് തിരഞ്ഞെടുപ്പില്‍ ലീഗും കോണ്‍ഗ്രസ്സും വേറിട്ടാണു മല്‍സരിച്ചത്. ഇതില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരിലും ലീഗുമായി കോണ്‍ഗ്രസ്സിന് നല്ല ബന്ധമല്ല . ആര്യാടന്‍ ഷൗക്കത്ത് ചെയര്‍മാനായ നഗരസഭയില്‍ മുസ്‌ലിംലീഗ് കൗണ്‍സിലര്‍മാരെ പരിഗണിക്കുന്നില്ലെന്ന പരാതി ശക്തമാണ്. മുസ്‌ലിംലീഗിനെ ഒതുക്കുന്നതില്‍ പ്രതിഷേധിച്ച് ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കാന്‍ വൈസ് ചെയര്‍പേഴ്‌സണായ മുസ്‌ലിംലീഗിലെ അടുക്കത്ത് ആസ്യ എത്തിയിരുന്നില്ല.

കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍നിന്നുപോലും തങ്ങളെ ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ച് ലീഗ് കൗണ്‍സിലര്‍മാര്‍ നിരവധി പരിപാടികള്‍ ബഹിഷ്‌കരിച്ചിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന ലീഗ് കൗണ്‍സിലര്‍മാര്‍ ചര്‍ച്ചകളെ തുടര്‍ന്ന് തീരുമാനം മാറ്റിയിട്ടുണ്ടെങ്കിലും ബന്ധം നല്ലനിലയിലായിട്ടില്ല. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ലീഗ് വിരുദ്ധ പരാമര്‍ശങ്ങളും അദ്ദേഹത്തിന്റെ മണ്ഡലമായ നിലമ്പൂരില്‍ യു.ഡി.എഫ്. ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നുണ്ട്.

നന്നംമുക്ക് പഞ്ചായത്തില്‍ സി.പി.എം. കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ മുസ്‌ലിംലീഗ് അംഗങ്ങള്‍ പിന്തുണച്ചതിനാല്‍ കോണ്‍ഗ്രസ്സുകാരിയായ പഞ്ചായത്ത് പ്രസിഡന്റ് പുറത്തായിരുന്നു. നന്നംമുക്കിലെ പുറത്താക്കലിനു പ്രതികാരമായി യു.ഡി.എഫ്. ഭരിക്കുന്ന ആലങ്കോട് പഞ്ചായത്തില്‍ ലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റിനുള്ള പിന്തുണ കോണ്‍ഗ്രസ്സും പിന്‍വലിച്ചിട്ടുണ്ട്. ഇവിടെയും സി.പി.എം. അവിശ്വായപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. തവനൂര്‍ പഞ്ചായത്തില്‍ മുന്‍ധാരണപ്രകാരം കോണ്‍ഗ്രസ് ലീഗിന് പ്രസിഡന്റ് സ്ഥാനം കൈമാറി ദിവസങ്ങള്‍ കഴിഞ്ഞതോടെ മുന്നണിയില്‍ വിള്ളലുണ്ടായി. പൊന്നാനി നഗരസഭയിലും ചെയര്‍പേഴ്‌സണെതിരേ കോണ്‍ഗ്രസ് നീക്കം തുടങ്ങിയിട്ടുണ്ട്.

വേങ്ങരയില്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ പി പി സഫീര്‍ ബാബുവിനെതിരേ അവിശ്വാസം അവതരിപ്പിക്കാനാണ് ലീഗ് തീരുമാനിച്ചിട്ടുള്ളത്. വേങ്ങരയില്‍ എ കോണ്‍ഗ്രസ്സുകാരെ ഒതുക്കാന്‍ ലീഗ് വിശാല ഐ ഗ്രൂപ്പുമായി ചേര്‍ന്ന് കോണ്‍ഗ്രസ് വൈസ്് പ്രസിഡന്റിനെ പുറത്താക്കാനൊരുങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. ചോക്കാട് ഗ്രാമപ്പഞ്ചായത്തില്‍ മുന്‍ധാരണപ്രകാരം ലീഗ് പ്രസിഡന്റ്സ്ഥാനം ഒഴിയാന്‍ വൈകിയതും ലീഗ് വിരുദ്ധനായ അംഗത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു നിശ്ചയിച്ചതും ബന്ധം ഉലയാന്‍ കാരണമായിരുന്നു. തിരൂരങ്ങാടി ഗ്രാമപ്പഞ്ചായത്തില്‍ രണ്ടുവര്‍ഷത്തോളമായി ലീഗും കോണ്‍ഗ്രസ്സും എതിര്‍ ചേരിയിലാണുള്ളത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.