Latest News

മദ്രസാ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി

സല്‍വ
മഞ്ചേരി: നിലമ്പൂര്‍ ചുള്ളിയോട് പൊന്നാംകല്ലില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി.

എള്ളുപറമ്പ് മുരിക്കിന്‍കാടന്‍ സുഹ്‌റയുടെ മകള്‍ സല്‍വ വധക്കേസില്‍ അയല്‍വാസിയായ പ്രതി നെല്ലിക്കുത്ത് പാലാമ്പറമ്പത്ത് അബ്ദുള്‍നാസര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ബുധനാഴ്ച ജഡ്ജി പി.കെ. ഹനീഫ ശിക്ഷ വിധിക്കും.

ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് അബ്ദുള്‍നാസറിനെതിരെ തെളിയിക്കപ്പെട്ടത്. 2012 ഏപ്രില്‍ നാലിന് രാവിലെയാണ് മദ്രസയിലേക്ക് പോയ നാലാം ക്ലാസ് വിദ്യാര്‍ഥിയായ സല്‍വയെ കാണാതായത്. നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലില്‍ രാത്രിയോടെ അയല്‍വാസി അബ്ദുള്‍നാസറിന്റെ ഓലകൊണ്ട് നിര്‍മിച്ച കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പീഡിപ്പിച്ചശേഷം ക്രൂരമായി കൊലപ്പെടുത്തിയ നിലയിലായിരുന്നു. ചെവിയിലും ശരീരത്തില്‍ പലഭാഗങ്ങളിലും മുറിപ്പാടുകള്‍ ഉണ്ടായിരുന്നു. പായയും തുണിയും കൊണ്ട് മറച്ച നിലയിലായിരുന്നു മൃതദേഹം. രക്ഷപ്പെടാന്‍ ശ്രമിച്ച നാസറിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ചോദ്യംചെയ്യലില്‍, മദ്രസയില്‍ ഒപ്പം പഠിക്കുന്ന മകളെ അന്വേഷിച്ചുവന്ന സല്‍വയെ പീഡനത്തിനിടയില്‍ കഴുത്തില്‍ ഷാള്‍മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അബ്ദുള്‍നാസര്‍ പോലീസിനോട് സമ്മതിച്ചു.

സല്‍വയും പ്രതിയുടെ മകളും ഒരേ ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. സല്‍വയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളാനായിരുന്നു പദ്ധതിയെങ്കിലും സ്ലാബ് ഉയര്‍ത്താന്‍ സാധിക്കാത്തതിനാല്‍ കുളിമുറിയില്‍ ഒളിപ്പിച്ച് വെക്കുകയായിരുന്നു.

നിലമ്പൂര്‍ സി.ഐ എ.പി. ചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. 46 സാക്ഷികളാണ് ഉണ്ടായിരുന്നത്. 23 സാക്ഷികളെ വിസ്തരിച്ചു. പ്രതിയുടെ 
അബ്ദുള്‍നാസര്‍
കുറ്റസമ്മതമൊഴിയും കോടതി പരിഗണിച്ചു. അഭിഭാഷകര്‍ അബ്ദുള്‍നാസറിനുവേണ്ടി ഹാജരായിരുന്നില്ല. അതിനാല്‍ സര്‍ക്കാരാണ് വക്കീലിനെ ഏര്‍പ്പാടാക്കിയത്. സംഭവം നടന്ന് 15 മാസത്തിനുള്ളില്‍ത്തന്നെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധിപറയുന്നുവെന്ന അപൂര്‍വതയും കേസിനുണ്ട്.

പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അനസ് വരിക്കോടന്‍ കോടതിയോട് ആവശ്യപ്പെട്ടു. ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നുമില്ലെന്നായിരുന്നു അബ്ദുള്‍നാസറിന്റെ പ്രതികരണം. തുടര്‍ന്ന് കേസ് വിധിപറയാന്‍ 31ലേക്ക് മാറ്റി. പ്രതിയെ മഞ്ചേരി സബ്ജയിലിലേക്ക് കൊണ്ടുപോയി.

പ്രോസിക്യൂഷനുവേണ്ടി അഡ്വ. സാജു ജോര്‍ജും അഡ്വ. എ.പി. ഇസ്മയിലും കോടതിയില്‍ ഹാജരായി. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് പ്രാര്‍ഥനയെന്ന് കോടതിയിലെത്തിയ സല്‍വയുടെ അമ്മാവന്‍ നാസ്‌റുദ്ദീന്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.