Latest News

നോമ്പുകാലത്തെ സൗഹൃദ രുചിക്കൂട്ട്


ഏതൊരു തലശ്ശേരിക്കാരനെയും പോലെ ഞാനും ഭക്ഷണ പ്രിയനാണ്. അതുകൊണ്ടു തന്നെ നോമ്പുകാലത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് നോമ്പുതുറ വിഭവങ്ങളാണ്.

പത്താം ക്ളാസ് വരെ തലശ്ശേരിയിലാണ് പഠിച്ചത്. അന്ന് നാട്ടില്‍ ധാരാളം മുസ്ലിം സുഹൃത്തുക്കളുണ്ടായിരുന്നു. നോമ്പ് കാലത്ത് ഇവരുടെ വീടുകളില്‍ സ്ഥിരമായി പോകും. നോമ്പ് തുറക്കായി ഗംഭീര വിഭവങ്ങള്‍ തയാറാക്കിയിട്ടുണ്ടാകും. എണ്ണി തിട്ടപ്പെടുത്താന്‍ പറ്റാത്ത അത്ര വിഭവങ്ങള്‍ മുന്നിലെത്തും. അതില്‍ ഇഷ്ടപ്പെട്ട വിഭവം ഏതെന്ന് ചോദിച്ചാല്‍ എനിക്ക് പറയാന്‍ അറിയില്ല. വിഭവങ്ങളുടെ വൈവിധ്യം കാരണം പലതിന്‍െറയും പേര് എനിക്കറിയില്ല. കല്ലുമ്മക്കായ കൊണ്ടുണ്ടാക്കിയ ചില വിഭവങ്ങള്‍ പത്തിരിക്കും പത്തലിനുമുള്ള ചില കറികള്‍ എന്നിവ നോമ്പ് തുറക്കുള്ള ചില തലശ്ശേരി സ്പെഷലുകളാണ്.
ചെന്നൈയില്‍ സ്ഥിര താമസമാക്കിയതോടെ തലശ്ശേരിയിലെ കുറേ സൗഹൃദങ്ങളും ബന്ധങ്ങളും അനുഭവങ്ങളും എനിക്ക് നഷ്ടപ്പെട്ടു. അതില്‍ വലിയ ഒരു നഷ്ടമാണ് തലശ്ശേരിയിലെ നോമ്പ് കാലം.സിനിമാ തിരക്കുകള്‍ക്കിടയില്‍ വല്ലപ്പോഴും സുഹൃത്തും സംഗീത സംവിധായകനുമായ ഷാന്‍ റഹ്മാന്‍െറ വീട്ടില്‍ പോകാറുണ്ട്. ഷാന്‍െറ വീട്ടിലെത്തുമ്പോള്‍ പലപ്പോഴും ആ പഴയ തലശ്ശേരി രുചിക്കൂട്ട് ഓര്‍മവരും.
ഇതിനെല്ലാമുപരി വ്രതം എന്ന പ്രവൃത്തിയോട് എനിക്ക് വളരെയധികം ബഹുമാനമാണ്. പട്ടിണികിടക്കുന്നവരുടെ വികാരത്തെ തിരിച്ചറിഞ്ഞ് ദൈവത്തെ അറിയുന്ന പുണ്യപ്രവൃത്തിയാണ് വ്രതം. റമദാന്‍ എന്നത് നന്‍മയുടെ ഒരു കാലമാണ്. ദൈവത്തെ ഓര്‍ത്തുള്ള ഒരു മാസക്കാല വ്രതം ശരീരവും ആത്മാവും ശുദ്ധീകരിക്കാനുള്ള ഒരവസരമാണ്. അനാവശ്യ ചിന്തകള്‍ വെടിഞ്ഞ് വളരെ അച്ചടക്കത്തോടെയുള്ള ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തോട് അങ്ങേയറ്റം സന്തോഷവും ബഹുമാനവും തോന്നാറുണ്ട്.
വീട്ടില്‍ അമ്മ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചും മറ്റു പ്രാര്‍ഥനകളോടനുബന്ധിച്ചും വ്രതമെടുക്കാറുണ്ട്. തിങ്കളാഴ്ച വ്രതവും ശനിയാഴ്ച വ്രതവും അമ്മ സ്ഥിരമായി എടുക്കും .എന്നാല്‍, ഭക്ഷണപ്രിയനായതുകൊണ്ട് ഒരു ദിവസം പോലും വ്രതമെടുക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഒരു ദിവസമെങ്കിലും വ്രതമെടുക്കണമെന്ന് ആഗ്രഹമുണ്ട്.
രാഷ്ട്രീയ സംഘട്ടനങ്ങളിലൂടെയാകാം തലശ്ശേരിയെ ചിലപ്പോള്‍ പുറംലോകം അറിയുന്നത്. പക്ഷേ, മറ്റെവിടെയും കാണാത്ത സൗഹാര്‍ദവും മനോഹാരിതയും ഞാന്‍ തലശ്ശേരിയില്‍ അനുഭവിക്കാറുണ്ട്. തലശ്ശേരിയുടെ മനോഹാരിത കൊണ്ടാണ് എന്‍െറ രണ്ടു സിനിമയുടെയും ചിത്രീകരണം തലശ്ശേരിയിലെത്തിപ്പെട്ടത്.
തലശ്ശേരിയിലെ മുസ്ലിംങ്ങളുടെ ആതിഥ്യ മര്യാദ എന്നെ പലപ്പോഴും അദ്ഭുതപ്പെടുത്താറുണ്ട്. ആ സൗഹൃദങ്ങളിലേക്കും ബന്ധങ്ങളിലേക്കും എപ്പോഴും തിരിച്ചു പോകാന്‍ ആഗ്രഹിക്കാറുണ്ട്. ആഗ്രഹങ്ങള്‍ പൂര്‍ണമായി സഫലമാക്കാനാകില്ലെങ്കിലും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ നാട്ടിലെത്തുമ്പോള്‍ ചിലപ്പോഴെങ്കിലും ആ നന്മകളിലേക്കു മടങ്ങാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.





(കടപ്പാട്: മാധ്യമം)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.