Latest News

അട്ടപ്പാടിയില്‍ വിതരണം ചെയ്തത് കഴിച്ചാല്‍ മരിച്ചു പോകുന്ന ഭക്ഷ്യധാന്യങ്ങള്‍

അട്ടപ്പാടി: അട്ടപ്പാടിയില്‍ ഗുണമേന്മയുള്ള പോഷകാഹാരമാണ് വിതരണം ചെയ്തതെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് തെളിയുന്നു. ഭക്ഷ്യവിഷബാധയും മരണവും സംഭവിക്കാന്‍ സാധ്യതയുള്ള ഭക്ഷ്യവസ്തുക്കള്‍ അട്ടപ്പാടിയില്‍ വിതരണം ചെയ്തുവെന്നതിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചു. പോഷകാഹാരവിതരണത്തിലെ ക്രമക്കേട് വര്‍ഷങ്ങള്‍ക്ക് മുമ്പേ സര്‍ക്കാരിനെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതിന് പിന്നില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നത് .

2011 സെപ്തംബറില്‍ അട്ടപ്പാടി അഗളിയിലെ ഐസിഡിഎസ് ഗോഡൌണില്‍ നിന്നും വിതരണം
ചെയ്ത ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യ എണ്ണയും ഉപയോഗശൂന്യമായിരുന്നുവെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് റിപ്പോര്‍ട്ടറിന് ലഭിച്ചത്. അഗളി സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ പ്രകാരം ഇവിടുത്തെ ഗോഡൌണില്‍ നിന്നും അംഗന്‍വാടികളിലേയ്ക്ക് വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ ഭക്ഷ്യവിഷബാധയും മരണവും സംഭവിക്കാന്‍ കാരണമായതാണ്.

ഇതിന്റെ ഉപഭോക്താക്കള്‍ അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളും ഗര്‍ഭിണികളും കൌമാരക്കാരുമായതിനാല്‍ വന്‍ ദുരന്തമുണ്ടാകാന്‍ സാധ്യതയുണ്ട് എന്നതായിരുന്നു പ്രധാന വിലയിരുത്തല്‍. ഈ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തി വെയ്ക്കണമെന്നും ഗോഡൌണ്‍ അടച്ചുപൂട്ടണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ടെങ്കിലും അധികൃതര്‍ അവയെല്ലാം അവഗണിച്ചു.

ഇവ വിതരണം ചെയ്യാന്‍ നേതൃത്വം നല്‍കിയ അന്നത്തെ ഐസിഡിഎസ് പ്രൊജക്ട് ഓഫീസര്‍ക്കെതിരെ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായതുമില്ല. ഗോഡൌണിന് പുറമെ അഗളി, പുതൂര്‍ പഞ്ചായത്തിലെ അംഗന്‍വാടികളിലും ആരോഗ്യവകുപ്പ് അധികൃതര്‍ പരശോധന നടത്തി. ഇവിടെയും മോശം ഭക്ഷ്യവസ്തുക്കളാണ് കണ്ടെത്തിയത്.

ഇതിന് പുറമെ ഫുഡ്ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയിലും ലാബ് ടെസ്റ്റിലും ഇവിടെ വിതരണം ചെയ്ത ഭക്ഷണ വസ്തുക്കള്‍ മോശം നിലവാരമുള്ളതാണെന്നാണ് കണ്ടെത്തിയിരുന്നത്. സര്‍ക്കാര്‍ നല്‍കിയ പോഷകാഹാരം കഴിക്കാത്തത് ആദിവാസികളുടെ കുറ്റമാണെന്നരീതിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിരന്തരം പ്രസ്താവന നടത്തുമ്പോഴാണ് അതിന്റെ കാരണം വ്യക്തമാക്കി ഭക്ഷ്യവസ്തുക്കള്‍ ഗുണനിലവാരമില്ലാത്തത് ആയിരുന്നുവെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attappadi, child Death, Nutrition

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.