Latest News

സി.എല്‍ മുഹമ്മദലി ഓര്‍മ്മയായി

ചെമനാട്: കാസര്‍കോടിന്റെ സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, കലാരംഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ചെമനാട്ടെ സി.എല്‍ മുഹമ്മദലി ഓര്‍മ്മയായി. ബുധനാഴ്ച വൈകിട്ട്‌വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി

അസുഖ ബാധിതനായി ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്ന മുഹമ്മദലി ബുധനാഴ്ച പുലര്‍ചെയാണ് മരിച്ചത്. മരണ വിവരമറിഞ്ഞ് പ്രമുഖരടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകള്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പിച്ചു. പൊതുപ്രവര്‍ത്തനത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളിലൊക്കെ തന്റേതായ രീതിയില്‍ ഇടപെടുകയും പരിഹാരമുണ്ടാക്കാന്‍ യത്‌നിക്കുകയും ചെയ്ത മുഹമ്മദലി ഏവര്‍ക്കും പ്രിയങ്കരനായിരുന്നു.

കര്‍ഷക കോണ്‍ഗ്രസ് അവിഭക്ത കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട്, ഉദുമ ബ്ലോക്ക് ജനറല്‍ സെക്രട്ടറി, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട്, സംസ്‌കാരസാഹിതി ജില്ലാ ചെയര്‍മാന്‍, പരവനടുക്കം പ്രിയദര്‍ശിനി കലാവേദി, ലേസ്യത്ത് കലാവേദി എന്നിവയുടെ രക്ഷാധികാരി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ജില്ലയിലെ ആദ്യത്തെ വീഡിയോ ഗ്രാഫറുമായിരുന്നു. കുറേകാലം കുവൈത്തിലായിരുന്നു. പാലിച്ചിയടുക്കം നൂര്‍ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നഗരത്തിലെ പ്രമുഖ പത്ര വിതരണ സ്ഥാപനമായ ബി.എച്ച്. അബൂബക്കര്‍ സിദ്ദീഖ് ആന്റ് കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദലി ഫ്രീലാന്‍സ് റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയായിരുന്നു അദ്ദേഹം.

വീഡിയോഗ്രാഫി അത്രയൊന്നും പ്രചാരം നേടാതിരുന്ന കാലത്ത് സ്വന്തമായി വീഡിയോ ക്യാമറ സംഘടിപ്പിച്ച് ദൃശ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. പാര്‍ലമെന്റ് പൊതുതിരഞ്ഞെടുപ്പില്‍ ഇന്ദിര പ്രിയദര്‍ശിനിയെ കുറിച്ച് ഇദ്ദേഹം തയ്യാറാക്കിയ ഡോക്യുമെന്ററി ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കറകളഞ്ഞ വ്യക്തിത്വത്തിനുടമയായ ഇദ്ദേഹം രോഗത്തോട് മല്ലടിച്ച് കിടക്കുമ്പോഴും പ്രകൃതി തനിക്ക് കനിഞ്ഞരുളിയ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സദാസന്നദ്ധനായിരുന്നു.

രോഗബാധിതനായി ചികില്‍സയില്‍ കഴിയുന്നതിനിടയില്‍ കഴിഞ്ഞ വര്‍ഷം പരവനടുക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന യുവജനോല്‍സവ വേദിയിലും സി എല്‍ സജീവ സാന്നിധ്യമായിരുന്നു. വായന ഇദ്ദേഹത്തിന്റെ പ്രധാന ഹോബിയായിരുന്നു.

കാസര്‍കോട്ട് പെരുന്നാള്‍ തലേന്ന് ബൈക്ക് റാലിയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തിന്റെ ഫോട്ടോ പകര്‍ത്തുന്നതിനിടയില്‍ ഇദ്ദേഹത്തിന്റെ തലക്ക് കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കെ.എസ്.യുവിലൂടെ കോണ്‍ഗ്രസിലെത്തിയ സി എല്‍ മുഹമ്മദലി പ്രിയദര്‍ശിനി കലാവേദി, സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍, കര്‍ഷക കോണ്‍ഗ്രസ് അവിഭക്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത അറിഞ്ഞ് ജീവിതത്തിന്റെ നാനാതുറകളിലുള്ള നിരവധിപേരാണ് പരവനടുക്കത്തെ വീട്ടിലെത്തിയത്. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ തിളങ്ങിനില്‍ക്കുമ്പോള്‍ തന്നെ ആത്മീയത പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം സജീവമായിരുന്നു. ബാങ്കൊലി മുഴങ്ങുമ്പോള്‍ പള്ളിയിലേക്ക് ഓടിപോകുന്ന വ്യക്തിയായിരുന്നു സി എല്‍ മുഹമ്മദലി.
എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, എന്‍. രാമകൃഷ്ണന്‍, കെ.പി. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നല്ല അടുപ്പം സ്ഥാപിച്ചിരുന്നു.

പരേതനായ കൈന്താര്‍ സി.എല്‍ അഹമദിന്റെയും സി.എല്‍ മറിയുമ്മയുടേയും മകനാണ്.
ഭാര്യ: താഹിറ. മക്കള്‍: ഡോ. നസീഹ് അഹ്മദ് (ഗവ. ജനറല്‍ ആസ്പത്രി, കാസര്‍കോട്), എഞ്ചിനിയര്‍ നബീല്‍ മുഹമ്മദ് (ബംഗളൂരു), എഞ്ചിനിയര്‍ നജാത്ത് മറിയം, എഞ്ചിനിയര്‍ നവാസ് അബ്ദുല്ല. മരുമക്കള്‍: ശിശുരോഗ വിദഗ്ധ ഡോ. ശറീന പാലക്കാട് (ഗവ. ജനറല്‍ ആസ്പത്രി, കാസര്‍കോട്), എഞ്ചിനിയര്‍ ഫംസീന (ബദിയടുക്ക), ഷാജാഹന്‍ (ഷാര്‍ജ). സഹോദരങ്ങള്‍: കര്‍ഷക കോണ്‍ഗ്രസ് നേതാവ് സി.എല്‍ അബ്ദുല്ല, സി.എല്‍ റഹീം (സഊദി), സി.എല്‍ റഫീഖ് (സഊദി), സി.എല്‍ ഹബീബ് (കുവൈത്ത്), പരേതയായ സൈനബ, മൈമൂന (കൈന്താര്‍), ഖദീജ (കൈന്താര്‍), ആയിഷ (ചെന്പരിക്ക), സഫിയ (കക്കണ്ടം), ബുഷ്‌റ ബേവിഞ്ച.
മരണ വിവരമറിഞ്ഞ് നിരവധി പേര്‍ പരേതന്റെ വീട്ടിലെത്തി അനുശോചിച്ചു. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.