Latest News

ടാങ്കറുകള്‍ കരക്കടിഞ്ഞത് ഒമാനില്‍ തകര്‍ന്ന് മുങ്ങിയ കപ്പലില്‍ നിന്ന്

കാസര്‍കോട്: കാസര്‍കോടിന്റെ തീരപ്രദേശങ്ങളില്‍ ഏതാനും ദിവസങ്ങളിലായി ഒഴുകിയെത്തിയ ആറോളം ടാങ്കറുകളും സിലണ്ടറുകളും ഒമാനില്‍ തകര്‍ന്ന് മുങ്ങിയ കപ്പലില്‍ നിന്നാണെന്ന് വിവരം ലഭിച്ചു. ലക്ഷദ്വീപിലും കപ്പലിലെ സാധനങ്ങള്‍ ഒഴുകിയെത്തിയിട്ടുണ്ട്.

ജൂണ്‍ 17ന് സിങ്കപ്പൂരില്‍ നിന്നും ജിദ്ദവഴി നോര്‍ത്ത് യൂറോപ്പിലേക്ക് പോവുകയായിരുന്ന എം.വി. മോള്‍ (M V Mol) കംഫേര്‍ട്ട് എന്ന കപ്പല്‍ ഒമാനിലെ സലാല ഇന്ത്യന്‍ സമുദ്രത്തില്‍ തകര്‍ന്ന് മുങ്ങിയിരുന്നു. ഈ കപ്പലിലെ അവശിഷ്ടങ്ങളാണ് ഇന്ത്യന്‍ തീരത്തേക്ക് ഇപ്പോള്‍ ഒഴുകിയെത്തിയിട്ടുള്ളത്. 4,382 കണ്ടൈനറുകളാണ് തകര്‍ന്ന കപ്പലിലുണ്ടായിരുന്നത്. ഇതില്‍ ഭൂരിഭാഗവും സുരക്ഷിതമായി മാറ്റാന്‍ കഴിഞ്ഞിരുന്നു. അവശേഷിക്കുന്നവയാണ് കടലിലൂടെ ഒഴുകിപ്പോയത്. ഒമാനിലെ സലാലയില്‍ നിന്നും 430 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്.

ഈ കപ്പലില്‍ 11 റഷ്യക്കാരും ഒരു ഉക്രൈന്‍കാരനും 14 ഫിലിപ്പൈനികളും അടക്കം 26 തൊഴിലാളികളാണ് ഉണ്ടായിരുന്നത് ഇവരെയെല്ലാം രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. കണ്ടൈനറുകളുടെ ഭാരംമൂലം കപ്പല്‍ രണ്ടായി മൂറിഞ്ഞ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. 1600 മെട്രിക്ക് ടണ്‍ ഇന്ധനവും കപ്പലില്‍ ഉണ്ടായിരുന്നു. ജൂലൈ 13 നാണ് മുങ്ങിയ കപ്പലില്‍ നിന്നുള്ള സാധനങ്ങള്‍ നീക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയായത്.

തുടര്‍ന്ന് നഷ്ടപ്പെട്ട സാധനങ്ങള്‍ക്കുള്ള തിരച്ചില്‍ നിര്‍ത്തുകയും ഇന്ത്യന്‍ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. സലാലയില്‍ മുങ്ങിയ കപ്പല്‍ 7.9 ബില്യണ്‍ ജപ്പാന്‍ യെന്നിന് ഇന്‍ഷൂര്‍ചെയ്തിരുന്നു. മറ്റ്‌സൂയി എസ്.കെ. ലൈന്‍ എന്ന കമ്പനിയുടേതാണ് കപ്പല്‍. ലക്ഷദ്വീപിലെ കടമറ്റ് ദ്വീപിലാണ് ഇത്തരത്തില്‍ മുങ്ങിയ കപ്പലില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍
ലഭിച്ചതെന്ന് ലക്ഷദ്വീപ് ഡി.ഐ.ജി. സതീഷ് ചന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.

കാസര്‍കോട് തീരത്തേക്ക് ഫ്രിഡ്ജ്, ഫുട്‌ബോള്‍, ക്യാപ് തുടങ്ങിയ സാധനങ്ങളും ഒഴുകിയെത്തിയിരുന്നു. കാസര്‍കോട്ട് കണ്ടെത്തിയ ടാങ്കറുകള്‍ വിദഗ്ദ്ധസംഘം പരിശോധിച്ചശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് കാസര്‍കോട് തീരദേശ പോലീസ് അധികൃതര്‍ അറിയിച്ചു. ഒമാനില്‍ മുങ്ങിയ കപ്പലില്‍ നിന്ന് തന്നെയാണ് ടാങ്കറുകളും മറ്റുസാധനങ്ങളും ഒഴുകിവന്നതെന്നും ജനങ്ങള്‍ ആശങ്കപെടേണ്ടതില്ലെന്നും തീരദേശ പോലീസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.


Kvartha
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.