ന്യൂഡല്‍ഹി: റോസാപ്പൂ വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് വാര്‍ത്തയെഴുതിയ മാധ്യമപ്രവര്‍ത്തകക്കെതിരെ നൂറു കോടി രൂപയുടെ മാനനഷ്ടക്കേസ്. പ്രമുഖ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തകയും ഫോറം ഓഫ് എന്‍വയണ്‍മെന്‍റല്‍ ജേണലിസ്റ്റ്സ് ഇന്‍ ഇന്ത്യ അധ്യക്ഷയുമായ കേയാ ആചാര്യയെയാണ് വ്യവസായികളിലൊരാള്‍ കേസില്‍ കുടുക്കിയത്.
പനിനീര്‍പ്പൂ വ്യവസായ മേഖലയിലെ ഇന്ത്യന്‍ വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ബാങ്കോക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍പ്രസ് സര്‍വീസ് (ഐ.പി.എസ്) വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്.
കെനിയ, ഇത്യോപ്യ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യവസായ ശൃംഖലകളുള്ള കരുതുരി ഗ്ളോബല്‍ ലിമിറ്റഡ് (കെ.ജി.എല്‍) കമ്പനി സ്ഥാപകന്‍ ബംഗളൂരു വ്യവസായി രാമകൃഷ്ണ കരുതുരി നടത്തിയ ഇടപെടലുകള്‍ ഇന്ത്യന്‍ വ്യവസായികള്‍ക്ക് തിരിച്ചടിയായി എന്ന പരാമര്‍ശം സല്‍പ്പേരിന് കളങ്കംചാര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ്. കേയക്കും ഐ.പി.എസിനും പുറമെ ലേഖനത്തില്‍ അഭിപ്രായം പറഞ്ഞ രണ്ട് വ്യവസായികളെയും കക്ഷിചേര്‍ത്തിട്ടുണ്ട്.
2007-08 കാലത്ത് ഇത്യോപ്യയില്‍ 3,00,000 ഹെക്ടര്‍ പാട്ടത്തിനെടുത്ത് കൃഷി നടത്തിയിരുന്ന കെ.ജി.എല്‍, അക്കാലത്ത് ലോകത്തെ ഏറ്റവും വലിയ പനിനീര്‍പ്പൂ ഉല്‍പാദകരായിരുന്നു. എന്നാല്‍, ഏറെ വൈകാതെ നിയമ-നികുതി പ്രശ്നങ്ങളും ഭൂമി, തൊഴില്‍ അവകാശ തര്‍ക്കങ്ങളും ഉയര്‍ന്നുവന്നു. വ്യവസായ നിയമങ്ങളില്‍ വീഴ്ച വരുത്തിയതിന് സെബിയും കമ്പനിക്കെതിരെ നടപടിയെടുത്തിരുന്നു.
ഈ കാരണങ്ങള്‍ കൃഷി മേഖലയില്‍ ബാധിച്ചതെങ്ങനെയെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയതിന്‍െറ പേരിലാണ് നിയമവഴിയിലൂടെ തന്നെ ഭയപ്പെടുത്തി നിശ്ശബ്ദയാക്കാന്‍ ശ്രമിക്കുന്നതെന്നും പൂര്‍ണമായും തെളിവുകളുടെയും വിശ്വസ്തമായ വാര്‍ത്താ സ്രോതസ്സുകളുടെയും പിന്‍ബലത്തോടെയാണ് താന്‍ എഴുതിയതെന്നും കേയ വ്യക്തമാക്കി.
ഇത്തരം നിയമക്കുരുക്കുകളില്‍ പെടുത്തി സ്വതന്ത്രമായ വാര്‍ത്തയെഴുത്തിന് തടയിടാന്‍ വമ്പന്‍ കുത്തക കമ്പനികള്‍ തുടര്‍ന്നുവരുന്ന ശ്രമങ്ങള്‍ക്കെതിരെ നിയമപോരാട്ടമാരംഭിക്കാന്‍ തീരുമാനിച്ച അവര്‍, ഇതു സംബന്ധിച്ച് പ്രസ് കൗണ്‍സിലിനും കേന്ദ്ര പരിസ്ഥിതി, നിയമമന്ത്രിമാര്‍ക്കും നിവേദനം നല്‍കുമെന്നും അറിയിച്ചു.
20 വര്‍ഷമായി മാധ്യമപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന കേയ പ്രശസ്തമായ നിരവധി മാധ്യമപുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment