Latest News

മനാമയില്‍ മലയാളി നഴ്‌സിനെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

മനാമ: ബഹ്‌റൈനിലെ മനാമയില്‍ നഴ്‌സായി ജോലിചെയ്യുന്ന പുത്തൂര്‍ സ്വദേശിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് കഴുത്തുമുറിച്ച് ജീവനൊടുക്കി. പുത്തൂര്‍ ചെറുകുന്ന് ചാഴൂര്‌വീട്ടില്‍ ചാണ്ടി ജോര്‍ജിന്റെ മകള്‍ സനിത(26)യാണ് കുത്തേറ്റ് മരിച്ചത്. ഭര്‍ത്താവ് എളവൂര്‍ പുളിയനം മണവാളന്‍വീട്ടില്‍ പൗലോസിന്റെ മകന്‍ സ്മിജോ(30)യാണ് ഭാര്യയെ കൊന്നശേഷം കഴുത്തുമുറിച്ച് ജീവനൊടുക്കിയത്. സ്മിജോയും അവിടെ നഴ്‌സാണ്.

മനാമയില്‍ സല്‍മാനിയ മെഡിക്കല്‍ കോളേജില്‍ ജോലിചെയ്തിരുന്ന സനിത ഫേസ്ബുക്കിലൂടെയാണ് സ്മിജോയെ പരിചയപ്പെടുന്നത്. പിന്നീട് വീട്ടുകാരുമായി ആലോചിച്ച് നാട്ടിലെത്തിയശേഷം കഴിഞ്ഞ ജനവരി 29നായിരുന്നു വിവാഹം.

ഇരുവരുടെയും മരണം ചൊവ്വാഴ്ച വെളുപ്പിനാണ് പുത്തൂരിലുള്ള സനിതയുടെ വീട്ടുകാര്‍ അറിയുന്നത്. മനാമയില്‍തന്നെ നഴ്‌സായി ജോലിചെയ്യുന്ന ചേച്ചി സംഗീതയാണ് ഇക്കാര്യമറിയിച്ചത്.

വിവാഹശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞതോടെ സ്മിജോ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നുവെന്ന് മകള്‍ പരാതിപ്പെട്ടിരുന്നതായി സനിതയുടെ വീട്ടുകാര്‍ പറഞ്ഞു. ഇതിനിടെ ഗര്‍ഭം അലസിയത് സനിതയെ ഏറെ വിഷമത്തിലാക്കി. ഇനി ഒരുമിച്ച് കഴിയാനാവില്ലെന്ന തീരുമാനത്തോടെ അവിടെ ചേച്ചിയുടെ കുടുംബത്തോടൊപ്പം മാറിത്താമസിച്ചുവരികയായിരുന്നു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് നഴ്‌സായി ജോലി ലഭിച്ച് സനിതയുടെ അനുജന്‍ ജോണ്‍സനും ബഹ്‌റൈനിലെത്തിയിരുന്നു. സഹോദരിയുടെ ദുരിതത്തെപ്പറ്റി തിരിച്ച് നാട്ടിലെത്തിയ ജോണ്‍സണ്‍ മാതാപിതാക്കളെ ധരിപ്പിച്ചു. വിവാഹമോചനകാര്യത്തെപ്പറ്റി വീട്ടുകാര്‍ ആലോചിച്ചുവരികയായിരുന്നു. ഗര്‍ഭം അലസിയതിനുശേഷം സനിത ചേച്ചി സംഗീതയുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ചേച്ചിയും ഭര്‍ത്താവും ജോലിക്കു പോയ സമയം നോക്കിയാണ് സ്മിജോ സനിതയ്ക്കരികിലെത്തിയത്. ചേച്ചിയുടെ കുട്ടികള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും കൃത്യം നടന്നത് അവരറിഞ്ഞില്ല.

വിവരമറിഞ്ഞ് എത്തിയ സനിതയുടെ സഹോദരീഭര്‍ത്താവ് റെജി ഡേവിസിന് നേരെയും സ്മിജോ കത്തി വീശി. തലയ്ക്കു പരിക്കേറ്റ റെജി അവിടെ ആസ്പത്രിയിലാണ്.

മൃതദേഹങ്ങള്‍ ആസ്പത്രിയിലേക്കു നീക്കിയെങ്കിലും മൃതദേഹപരിശോധന തുടങ്ങിയ നടപടികള്‍ വൈകുകയാണ്. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസ് വഴി എംബസി ഇടപെട്ടതോടെയാണ് മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാന്‍ ശ്രമം ആരംഭിച്ചത്. സംഭവം നടന്ന ദിവസം രാവിലെ 11ന് വീട്ടിലേക്ക് സനിത വിളിച്ചിരുന്നതായി പിതാവ് ജോര്‍ജ് പറഞ്ഞു.

അമ്മ: എല്‍സി. സനിതയ്ക്ക് ഒരു ചേച്ചികൂടിയുണ്ട്. ജര്‍മനിയില്‍ മിഷണറിയായ സിസ്റ്റര്‍ കവിത. സനിതയുടെ മൃതദേഹം പുത്തൂരില്‍ വെട്ടുകാട് ഇടവകപ്പള്ളിയില്‍ സംസ്‌കരിക്കാനാണ് ഉദ്ദേശിക്കുന്നത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.