Latest News

ദുബൈയില്‍ തെരുവു കച്ചവടക്കാര്‍ക്കെതിരെ നടപടി ശക്തമാക്കുന്നു

ദുബൈ: തെരുവുകളും താമസ കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി തീരുമാനിച്ചു. തെരുവില്‍ കച്ചവടം നടത്തുന്നതിനിടെ പിടിക്കപ്പെട്ടാല്‍ 2000 ദിര്‍ഹം പിഴ ഈടാക്കുമെന്ന് മുനിസിപ്പാലിറ്റി എന്‍വയോണ്‍മെന്‍റ് എമര്‍ജന്‍സി ഓഫിസ് മേധാവി ഖാലിദ് സുലത്തിന്‍ പറഞ്ഞു.

പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും തെരുവുകളിലും താമസ കേന്ദ്രങ്ങളിലും കൊണ്ടുനടന്ന് വില്‍ക്കാന്‍ അനുവദിക്കില്ല. പിടിക്കപ്പെട്ടാല്‍ ഇത്തരക്കാരുടെ വാഹനം കണ്ടുകെട്ടുകയും പിഴ ഈടാക്കുകയും ചെയ്യും. റംസാനില്‍ തെരുവ് കച്ചവടക്കാര്‍ കൂടുതലായി രംഗത്തിറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

തെരുവ് കച്ചവടക്കാര്‍ വിനോദസഞ്ചാരികള്‍ക്കും മറ്റും ശല്യമാകുന്നത് പരിഗണിച്ചാണ് നടപടിയെന്ന് ഖാലിദ് സുലത്തിന്‍ പറഞ്ഞു. നഗര സൗന്ദര്യം സംരക്ഷിക്കല്‍ കൂടി ഇതിന്‍െറ ലക്ഷ്യമാണ്. തുറസ്സായ സ്ഥലങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ലേബര്‍ ക്യാമ്പുകള്‍ക്ക് പുറത്തും പൊതുസ്ഥലങ്ങളിലും ഭക്ഷണം പാകം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകും. 1000 ദിര്‍ഹം വരെ ഇത്തരക്കാരില്‍ നിന്ന് പിഴ ഈടാക്കും. നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ മുനിസിപ്പാലിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.