Latest News

ദീപക് വധം: നിരന്തര പീഡനം; പ്രധാന സാക്ഷി കോളേജ് മാറി

ദീപക്
തളിപ്പറമ്പ: സേലം നാമക്കല്‍ ജ്ഞാനമണി എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി തുച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിന് സമീപത്തെ ദീപക് (20)നെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിക്ക് നിരന്തര പീഡനം. ഇതേ തുടര്‍ന്ന് സാക്ഷിക്ക് മറ്റൊരു കോളേജിലേക്ക് മാറേണ്ടി വന്നു.

കഴിഞ്ഞ ഏപ്രില്‍ നാലിന് വൈകുന്നേരമാണ് ദീപക് കൊല്ലപ്പെട്ടത്. സഹപാടി എറണാകുളം സ്വദേശി ദിനേഷ് ജോസഫിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കാറില്‍ എത്തിയ സംഘം ഇടിച്ചുവീഴ്ത്തി അടിച്ചുകൊല്ലുകയായിരുന്നു. കേസില്‍ ജ്ഞാനമണി എജിനിയറിംഗ് കോളേജ്‌വിദ്യാര്‍ത്ഥികളായ നടുവിലെ മിഥുന്‍, ചെമ്പേരിയിലെ ഡാനിഷ്, സെബിന്‍, വയനാട്ടിലെ അമല്‍, ബാലുശേരിയിലെ അശ്വിന്‍, കോഴിക്കോട്ടെ ലിജോ, എറണാകുളത്തെ ഡേവിഡ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളെ യൂണിവേഴ്‌സിറ്റി ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തതിനേ തുടര്‍ന്ന് കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ സ്ഥലത്ത് തന്നെ തമ്പടിച്ച് വിലസുകയാണ്.
സംഭവദിവസം ദീപകിനൊപ്പം ഉണ്ടായിരുന്ന ദിനേഷ് ജോസഫാണ് കേസിലെ പ്രധാന സാക്ഷി. ദീപക്കിനെ പ്രതികള്‍ കൊലപ്പെടുത്തുമ്പോള്‍ ദിനേഷ് ജോസഫിനേയും അക്രമിച്ചിരുന്നു. കേസിലെ പ്രധാന സാക്ഷിയായ ദിനേഷ് ജോസഫിനെ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ദിനേഷ് ജോസഫിന് ജ്ഞാനമണി കോളേജിലെ പഠനം തുടരാനാവാത്ത സ്ഥിതിയുണ്ടായി. ഇക്കാര്യം അറിഞ്ഞ് തളിപ്പറമ്പിലെ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജയിംസ് മാത്യു എം.എല്‍.എ, ജന. കണ്‍വീനര്‍ സതീശന്‍ പാച്ചേനി, അഡ്വ. നിക്കോളസ് ജോസഫ് എന്നിവര്‍ ഇടപെടുകയും സേലത്തെ ഒരു മലയാളി വ്യവസായി പ്രമുഖന്റെ സഹായത്തോടെ പാലക്കാട്ടെ സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജില്‍ തുടര്‍പഠനത്തിന് സൗകര്യം ഒരുക്കുകയായിരുന്നു. 

എന്നാല്‍ ദിനേഷിന് ട്രാന്‍സ്ഫര്‍ സര്‍ടിഫിക്കറ്റ് നല്‍കുന്ന കാര്യത്തില്‍ അധികൃതര്‍ നിഷേധാത്മക സമീപനം സ്വീകരിക്കുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ദിനേഷിന്റെ ചികിത്സാചെലവുകള്‍ വഹിച്ചിരുന്നത് കോളേജ് അധികൃതരാണ്.
കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഷൂറന്‍സ് കവറേജുണ്ട്. ചികിത്സാചെലവ് ഇന്‍ഷൂറന്‍സ് കമ്പനി കോളേജ് അധികൃതര്‍ക്ക് ചെക്കായി നല്‍കുകയാണ് പതിവ്. എന്നാല്‍ ദിനേഷിന് വേണ്ടി തങ്ങള്‍ ചെലവാക്കിയ തുക തിരിച്ചുനല്‍കാതെ ടി.സി. നല്‍കില്ലെന്ന കടുംപിടുത്തത്തിലായിരുന്നു കോളേജ് അധികൃതര്‍. ഇതേ തുടര്‍ന്ന്. 57,000 രൂപ ദിനേഷ് അടച്ചതിനേതുടര്‍ന്നാണ് ടി.സി. നല്‍കിയത്.
ഭീഷണി ഏറെയുണ്ടെങ്കിലും ജീവന്‍ പോയാലും യഥാര്‍ത്ഥ വസ്തുത കോടതിയില്‍ പറയുന്നതില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് ദിനേഷ് ജോസഫും അദേഹത്തിന്റെ കുടുബാംഗങ്ങളും. ഏതാനും ദിവസം മുമ്പ് സതീശന്‍ പാച്ചേനി ദിനേഷിന്റെ കുടുംബാംഗങ്ങളെ കണ്ട് വിശദമായി സംസാരിച്ചിരുന്നു. സ്ഥലം എം.പി യും പ്രതികള്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്ന ഉറച്ച അഭിപ്രായക്കാരനാണ്. കേസ് തേച്ചുമായ്ച്ച് കളയാന്‍ പല കോണില്‍ നിന്നും ശ്രമങ്ങള്‍ നടക്കുമ്പോഴും പ്രതീക്ഷ നല്‍കുന്നത് ഈ ഘടകങ്ങളാണ്.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.