Latest News

ഉമ്മന്‍ചാണ്ടി രാജിവെക്കും വരെ സമരക്കൊടുങ്കാറ്റ്; പിണറായി


നീലേശ്വരം: സോളാര്‍ അഴിമതിക്കേസില്‍ കോടതി തന്നെ പരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ അടുത്ത നിമിഷം അധികാരം ഒഴിയാനുള്ള രാഷ്ട്രീയ ധാര്‍മ്മികത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാണിക്കണമെന്നും അല്ലാത്തപക്ഷം മുഖ്യമന്ത്രി രാജിവെക്കും വരെ എല്‍ഡിഎഫ് കേരളത്തില്‍ സമരക്കൊടുങ്കാറ്റ് ഉയര്‍ത്തുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് നീലേശ്വരത്ത് ആരംഭിച്ച എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സോളാര്‍ കേസിന്റെ അന്വേഷണം ഭരണാധികാരം ഉപയോഗിച്ച് അട്ടിമറിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. ഇതിനെതിരെ ഉയര്‍ന്നുവരുന്ന പ്രതിപക്ഷ സമരത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം വിലപ്പോകില്ല. ബഹുജനങ്ങളെ അണിനിരത്തി സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയത്തെ ചെറുത്തുതോല്‍പ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്കിടയില്‍ വിശ്വാ സം നഷ്ടപ്പെട്ട മുഖ്യമന്ത്രി ഇപ്പോഴും അധികാരത്തില്‍ തുടരുന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്ന് പിണറായി കുറ്റപ്പെടുത്തി. 

സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എം പി, എംഎല്‍എ മാരായ കെ കുഞ്ഞിരാമന്‍(ഉദുമ), കെ കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, അഡ്വ.കെ പുരുഷോത്തമന്‍, എ കെ നാരായണന്‍, ജനതാദള്‍ സംസ്ഥാന കമ്മിറ്റിയംഗം സി കെ ദാമോദരന്‍, ഹരീഷ് ബി നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, എം അനന്തന്‍ നമ്പ്യാര്‍, കെ ബാലകൃഷ്ണന്‍, എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. പി രാഘവന്‍ സ്വാഗതം പറഞ്ഞു. 

വര്‍ഗ്ഗീയ സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി കാസര്‍കോട് താലൂക്കിലും കാഞ്ഞങ്ങാട് സര്‍ക്കിള്‍ പരിധിയിലും കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാലാണ് കലക്‌ട്രേറ്റ് പടിക്കലിലെ സമരം നീലേശ്വരത്തേക്ക് മാറ്റിയത്. മാര്‍ക്കറ്റ് ജംഗ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്. സത്യാഗ്രഹികള്‍ക്കാവശ്യമായ സൗകര്യം ഒരുക്കുന്നതിനും സഹായിക്കുന്നതിനും വിപുലമായ സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്..

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.