ചിറ്റാരിക്കാല്‍: നാലാംതരം വിദ്യാര്‍ത്ഥിയായ ഒമ്പത് വയസുകാരനെ രണ്ടാനമ്മ പട്ടിണിക്കിട്ട് പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.
ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കുന്നുംകൈയില്‍ താമസിക്കുന്ന കൂലിത്തൊഴിലാളി അബ്രഹാമിന്റെ രണ്ടാം ഭാര്യ റഫീന(28)ക്കെതിരെയാണ് അബ്രഹാമിന്റെ ആദ്യ ഭാര്യയിലുള്ള കുട്ടിയെ പീഡിപ്പിച്ചതിന് പോലീസ് കേസെടുത്തത്. അവശനിലയില്‍ സ്കൂളിലെത്തിയ കുട്ടിയോട് ക്ലാസ് ടീച്ചര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് തന്നെ രണ്ടാനമ്മ പട്ടിണിക്കിട്ടും മര്‍ദ്ദിച്ചും പീഡിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. തന്റെ പുസ്തകങ്ങളും പഠനോപകരണങ്ങളും രണ്ടാനമ്മ നശിപ്പിക്കുകയാണെന്നും കുട്ടി അദ്ധ്യാപികയോട് പറഞ്ഞു.
മിക്ക ദിവസങ്ങളിലും ഭക്ഷണം കിട്ടാത്തതിനാല്‍ കുട്ടി പിതാവിനോടും കാര്യം പറഞ്ഞിരുന്നു. റഫീന അറിയാതെ ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങിക്കൊണ്ടുവന്ന് പിതാവ് മകന് കൊടുക്കാറുണ്ട്. ആദ്യഭാര്യയുടെ മരണത്തെത്തുടര്‍ന്ന് നാലുവര്‍ഷം മുമ്പാണ് അബ്രഹാം റഫീനയ്ക്കൊപ്പം താമസം തുടങ്ങിയത്.
ഈ ബന്ധത്തില്‍ ഒരു കുട്ടികൂടിയുണ്ട്. സംഭവത്തെക്കുറിച്ച് അദ്ധ്യാപിക നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് നല്കിയ പരാതിപ്രകാരമാണ് റഫീനയ്ക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്. ചൈല്ഡ്ലൈന് പ്രവര്‍ത്തകരും സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നുണ്ട്. ഇങ്ങനെ പീഡിപ്പിക്കപ്പെടുന്ന കുട്ടികളെ കണ്ടെത്തി നിയമ പരിരക്ഷ നല്‍കാനാവശ്യമായ നടപടികള്‍ അധികൃതര്‍ കൈ ക്കൊണ്ടുവരികയാണ്..
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment