Latest News

സരിതയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തണം: ഹൈക്കോടതി

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ്. നായരുടെ മൊഴി ഉടന്‍ രഖപ്പെടുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി ശാലു മേനോന്റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് എസ്.എസ്. സതീശചന്ദ്രന്‍ സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടത്. സരിതയെ മൂവ്വാറ്റുപുഴ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നും മൊഴി രേഖപ്പെടുത്താനുള്ള അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് (ഡി.ജി.പി) ആവശ്യപ്പെട്ടു. ഇതിന് ആവശ്യമായ ഉത്തരവ് ജയില്‍ സൂപ്രണ്ടിന് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരാതി എഴുതി നല്‍കുന്നത് പ്രതിയുടെ അവകാശം മാത്രമാണെന്നും കോടതി പറഞ്ഞു. സരിതയ്ക്ക് തന്റെ അഭിഭാഷകനെ കാണാന്‍ അവസരം ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതി വീണ്ടും ഉച്ചയ്ക്ക് 1.45ന് ചേരുന്നതിന് മുന്‍പ് ഇതു സംബന്ധിച്ച് കൈക്കൊണ്ട നടപടി അറിയിക്കണമെന്നും ജസ്റ്റിസ് സതീശചന്ദ്രന്‍ ആവശ്യപ്പെട്ടു.

നേരത്തെ ഡി.ജി.പി ടി. ആസിഫലി ജസ്റ്റിസ് സതീശ്ചന്ദ്രനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ച പത്ത് മിനിറ്റാണ് നീണ്ടുനിന്നത്.

സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ തടസ്സം നിന്നിട്ടില്ലെന്നും കസ്റ്റഡി മന:പ്പൂര്‍വമായിരുന്നില്ലെന്നും
ഡി.ജി.പി കോടതിയെ അറിയിച്ചു. സരിതയെ ഇനിയും കസ്റ്റഡിയില്‍ ആവശ്യമില്ലെന്നും കസ്റ്റഡി അവസാനിപ്പിച്ച് അവരെ കോടതിയില്‍ ഹാജരാക്കുന്നതിലും മൊഴി രേഖപ്പെടുത്താന്‍ അവസരം ഒരുക്കുന്നതിലും തടസ്സമൊന്നുമില്ലെന്നും ഡി.ജി.പി. അറിയിച്ചു.

ചൊവ്വാഴ്ച ശാലു മേനോന്റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ , സോളാര്‍ തട്ടിപ്പുകേസില്‍ സര്‍ക്കാറിന് എന്താണ് മറച്ചുവെക്കാനുള്ളതെന്ന് ചോദിച്ച കോടതി അവരുടെ മൊഴി രേഖപ്പെടുത്തണമെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശത്തെ നിസാരമായി കാണുകയാണോ എന്നും സര്‍ക്കാരിനോട് ചോദിച്ചിരുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് എത്രകേസുകളുണ്ടെന്നും അതിന്റെ ഏകോപനം ആര്‍ക്കാണെന്നും കോടതി ചോദിച്ചിരുന്നു. ആവശ്യമെങ്കില്‍ പ്രത്യേകാന്വേഷണ സംഘത്തലവനായ എ.ഡി.ജി.പി.യെ വിളിച്ചുവരുത്തേണ്ടി വരുമെന്ന് കോടതി ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.