Latest News

കൊലക്കത്തി നല്‍കിയവരെ കൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: എന്‍.എ

കാസര്‍കോട്: നിരപരാധികളായ മനുഷ്യരെ കുത്തികൊലപ്പെടുത്തിയവരെ മാത്രമല്ല കൊലക്കത്തി നല്‍കിയവരെകൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ നല്‍കാന്‍ കഴിഞ്ഞാലേ കാസര്‍കോടിന് രക്ഷയുള്ളൂവെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു.

കാസര്‍കോടിന്റെ മണ്ണ് ഒരിക്കല്‍കൂടി ഒരു യുവാവിന്റെ രക്തം പുരണ്ടതായി തീര്‍ന്നിരിക്കുന്നു. ആ യുവാവിന്റെ മതമോ ജാതിയോ, ആര്, എന്ത്, ഏത് എന്നൊക്കെ കാലാകാലങ്ങളായി അന്വേഷിച്ചുവരുന്ന രീതിയിലും മുന്‍ധാരണകള്‍ വെച്ചും ജനപ്രതിനിധികളുടെ വഴിയില്‍ തടയിട്ടും നിയമത്തെ കുറുക്കുവഴികളിലൂടെ കൊണ്ടുപോയി സമയം കളയേണ്ട സന്ദര്‍ഭമല്ലിത്. കുറ്റവാളികളെ കണ്ടെത്താന്‍ നിരപരാധികളുടെ നെഞ്ചിലെ ചോര കുത്തിയിളക്കികൊണ്ടാകരുത്. കൊല്ലപ്പെട്ടത് ഒരു മനുഷ്യനാണെന്ന് അക്രമികളും കേസന്വേഷകരും ഒരുപോലെ ഉള്‍ക്കൊള്ളേണ്ട സമയമാണിത്. കൊല്ലപ്പെട്ടവന്റെ മൃതദേഹം കാണാന്‍പോകുന്നത് കുറ്റമാക്കിത്തീര്‍ക്കുന്ന നിയമം നീതിയെയും ധര്‍മ്മത്തെയും ചങ്ങലക്കിടുകയാണ് ചെയ്യുന്നത്.

മനുഷ്യത്വമില്ലാത്ത കശ്മലന്മാരുടെ കുത്തേറ്റ് മരിച്ച തങ്ങളുടെ പ്രീയപ്പെട്ട കൂട്ടുകാരന്റെ മയ്യത്ത് കാണാന്‍ വന്നവരെ കുറ്റാന്വേഷണ കണ്ണോടെ കാണുകയും അവര്‍ വന്ന വാഹങ്ങളുടെ നമ്പര്‍ എഴുതിയെടുക്കുകയും ചെയ്ത ചില പോലീസുകാരുടെ നടപടി പ്രത്യുല്‍പ്പന്നമതിത്വമില്ലായ്മ മാത്രമല്ല സമാധാനം സ്ഥാപിക്കാന്‍ നൊന്തുപണിയെടുക്കുന്ന മേലുദ്യോഗസ്ഥന്മാരുടെ ശ്രമങ്ങള്‍ക്കുള്ള തുരങ്കം വെയ്ക്കല്‍കൂടിയാണ്. അത്തരം വിവരദോശികളായ പോലീസുകാരുടെ വിവരക്കേട് മനസ്സിലാക്കാനുള്ള വിവേകം യുവാക്കള്‍ക്കുണ്ടാകണം. ഒരു ചെറുപ്പക്കാരന്റെ അറുംകൊല മതത്തിന്റെ ചെലവിലാക്കി നേട്ടം കൊയ്യുന്നതും അതുവഴി സ്ഥാപനങ്ങളെയും വാഹനങ്ങളെയും നശിപ്പിക്കുന്നതും നിരപരാധികളായവരെ പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവരും കൊടിയ അധര്‍മ്മമാണ് ചെയ്യുന്നത്. മതത്തിന്റെ തീ ആളി കത്തിക്കുകയല്ല, മാനവികതയുടെ വിളക്ക് കൊളുത്താനാണ് മനുഷ്യപ്പറ്റുള്ളവരൊക്കെ ഇപ്പോള്‍ ചെയ്യേണ്ടത്.

യുവമനസ്സുകളില്‍ വര്‍ഗ്ഗീയ വിഷം കുത്തിച്ചെലുത്തി പ്രസ്ഥാനങ്ങള്‍ സംഘടിച്ച് തങ്ങളാണ് യഥാര്‍ത്ഥ മതസംരക്ഷകരെന്ന് സ്വയം തീരുമാനിച്ച് താംതോന്നിത്തരങ്ങള്‍ കാട്ടിക്കൂട്ടുന്നവര്‍ക്ക് നിയമം കയ്യിലെടുത്ത് അമ്മാനമാടാന്‍ ആരും അധികാരം നല്‍കിയിട്ടില്ല. പത്താളുകള്‍ കൂടുമ്പോള്‍ തങ്ങളാണ് രാജാക്കന്മാരെന്ന് അഹങ്കാരത്തോടെ നിയമപാലകരോടും ജനപ്രതിനിധികളോടും ധിക്കാരം കാട്ടുന്ന അത്തരക്കാരെ നിയമത്തിന്റെ വലയില്‍പ്പെടുത്തുക തന്നെ വേണം.

ഇനി ഒരു കൊല കാസര്‍കോട്ട് നടക്കാന്‍ പാടില്ല. പ്രീയപ്പെട്ട നമ്മുടെ സഹോദരന്‍ സാബിത്തിന്റെയും ഇതിന് മുമ്പ് കൊല്ലപ്പെട്ട എല്ലാ സഹോദരങ്ങളുടെയും ജീവന്‍ അപഹരിച്ചവര്‍ക്ക് കത്തിയും വക്കീലും ആളും അര്‍ത്ഥവും മറ്റെല്ലാവിധത്തിലുള്ള സഹായങ്ങളും ചെയ്ത ചെറിയവരും വലിയവരുമായ എല്ലാ ആളുകള്‍ക്കും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോലീസിന് കഴിഞ്ഞാല്‍ മാത്രമേ കൊലയില്ലാ കാസര്‍കോട് ഉണ്ടാവുകയുള്ളൂ. അതിനനുസരിച്ച കേസന്വേഷണം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്. ക്രമസമാധാനത്തിന് ജനങ്ങളും പോലീസിനോട് സഹകരിക്കേണ്ടതുണ്ട്. ജനങ്ങള്‍ ആഗ്രഹിക്കുന്ന നിക്ഷ്പക്ഷത നിലനിര്‍ത്താന്‍ പോലീസ് ജാഗ്രത പാലിക്കണമെന്ന് എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.