കാഞ്ഞങ്ങാട്: ഇല്ലാക്കഥകള്‍ നിരത്തി നവജാത ശിശുക്കളെ മറയാക്കി പ്രസവ കച്ചവടം തകൃതിയില്‍. സ്വകാര്യാശുപത്രികളില്‍ പ്രസവത്തിന്റെ പേരില്‍ കഴുത്തറുപ്പന്‍ നിരക്ക് ഈടാക്കുന്നുവെന്ന പരാതി വ്യാപകമായി.
നവജാത ശിശുക്കളുടെ ദേഹത്തിന് മഞ്ഞനിറം കണ്ടാല്‍ പിന്നെ ഒന്നും ആലോചിക്കില്ല. കുഞ്ഞുങ്ങളെ ഫോട്ടോതെറാപ്പി യൂണിറ്റിലേക്ക് മാറ്റും. കുഞ്ഞിന് ശാരീരികമായ മഞ്ഞപ്പിത്തം ബാധിച്ചുവെന്ന് രക്ഷിതാക്കളെ പറഞ്ഞ് ഫലിപ്പിച്ച് കുഞ്ഞുങ്ങളെ ഫോട്ടോതെറാപ്പി യൂണിറ്റിലേക്ക് മാറ്റി വന്‍ ഫീസ് ഈടാക്കുകയാണ് ചില സ്വകാര്യാശുപത്രികള്‍. ഇത് പതിവാക്കിമാറ്റിയ ആശുപത്രികളുമുണ്ട്.
പണ്ട് കാലങ്ങളില്‍ പ്രസവിച്ച കുഞ്ഞിനെ ശരീരത്തില്‍ മഞ്ഞനിറം കണ്ടാല്‍ രാവിലെയും വൈകുന്നേരവും വെയി ല്‍ കൊള്ളിക്കുന്ന രീതിയുണ്ട്. ഇളംവെയിലേറ്റാല്‍ കുഞ്ഞിന്റെ ശരീരത്തിലുള്ള മഞ്ഞനിറം മാറുകയാണ് പതിവ്. മഞ്ഞനിറമുള്ള കുഞ്ഞിനെ ഫോട്ടോതെറാപ്പി യൂണിറ്റിലേക്ക് മാറ്റി പ്രത്യേക വെളിച്ചം ശരീരത്തി ല്‍ ഏല്‍പ്പിക്കുകയാണ് സ്വകാര്യാശുപത്രികളില്‍ ചെയ്യുന്നത്. ഇളം വെയിലിന്റെ സമാന സ്വഭാവമാണ് ഈ വെളിച്ചത്തിനും. കുട്ടിയെ ഈ യൂണിറ്റില്‍ കിടത്തുന്നതോടെ വന്‍ തുക ആശുപത്രികളില്‍ ഈടാക്കും.
കുഞ്ഞിന് പ്രായം തികഞ്ഞില്ലെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടെന്നും പറഞ്ഞ് ഫലിപ്പിച്ച് നവജാത ശിശുക്കളെ ഇന്‍ക്യുബേറ്ററില്‍ ആഴ്ചകളോളം കിടത്തുന്ന പതിവ് രീതി ചില ആശുപത്രികളില്‍ ഇപ്പോഴും നിലവിലുണ്ട്. സാധാരണ പ്രസവത്തില്‍ പിറന്നു വീഴുന്ന കുട്ടികളുടെ മിനിമം തൂക്കം 2.600 കി.ഗ്രാമാണെന്നാണ് കണക്ക്. എന്നാ ല്‍ ഇതിലും കൂടുതല്‍ തൂക്കമുള്ള കുട്ടികളെപ്പോലും ഇന്‍ക്യുബേറ്ററിലേക്ക് മാറ്റുകയാണ് ചില ആശുപത്രികളിലെ രീതി.
ഇന്‍ക്യുബേറ്ററില്‍ ഒരു ദിവസം കുഞ്ഞിനെ കിടത്തിയാല്‍ 500 മുതല്‍ 1000 രൂപ വരെ ഫീസ് ഈടാക്കുന്നു. ഇങ്ങനെ കുഞ്ഞുങ്ങളെ രണ്ടാഴ്ച കാലത്തിലേറെ ഇന്‍ക്യൂബേറ്ററില്‍ അനാവശ്യമായി കിടത്തിയ അനുഭവങ്ങള്‍ ഒരുപാട് രക്ഷിതാക്കള്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. 4 കിലോ തൂക്കമുള്ള കുഞ്ഞിനെ അനാവശ്യമായി 20 ദിവസത്തോളം ഇന്‍ക്യുബേറ്ററില്‍ കിടത്തി 30,000 ത്തിലധികം രൂപ ഫീസ് ഈടാക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇന്‍ക്യുബേറ്ററില്‍ കിടത്തിയ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് സ്വകാര്യാശുപത്രികളില്‍ നിന്നും പുറത്തുവരുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിനിടെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ച് ഇന്‍ക്യുബേറ്ററില്‍ നിന്ന് പൊള്ളലേറ്റ സംഭവം നടന്നിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment