Latest News

ബാങ്കിലടയ്ക്കാന്‍ കൊണ്ടുപോയ ഏഴേകാല്‍ ലക്ഷം രൂപ കവര്‍ന്നു

തിരൂര്‍: ബാങ്കിലടയ്ക്കാന്‍ കൊണ്ടുപോയ ഏഴേകാല്‍ ലക്ഷം രൂപ ഹെല്‍മെറ്റ് ധരിച്ച്‌ബൈക്കിലെത്തിയ രണ്ടുപേര്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞതായി പരാതി. തിരൂര്‍ നടുവിലങ്ങാടിയില്‍ തിങ്കളാഴ്ച രാവിലെ 10.30നാണ് സംഭവം. 

നടുവിലങ്ങാടി ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ അടയ്ക്കാന്‍ കൊണ്ടുപോയ പണമാണ് വഴിയില്‍വെച്ച് കൊള്ളയടിക്കപ്പെട്ടത്. നടുവിലങ്ങാടിയിലെ അറത്തില്‍ ബാലന്റെ ഉടമസ്ഥതയിലുള്ള അറത്തില്‍ എന്റര്‍പ്രൈസസിന്റെ നാലരലക്ഷം രൂപയും അറത്തില്‍ സത്യന്റെ സത്യന്‍ ട്രേഡേഴ്‌സിന്റെ 1,96,500 രൂപയും സത്യന്‍ ടയേഴ്‌സിന്റെ 80,000 രൂപയുമടങ്ങിയ ബാഗുമായി ബാങ്കിലേക്ക് പോകുമ്പോള്‍ എ.ടി.എം കൗണ്ടറിന് മുന്നില്‍വെച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ബൈക്കില്‍ കടന്നുകളയുകയായിരുന്നുവെന്ന് പണം നഷ്ടപ്പെട്ട യുവാവ് പോലീസിനോട് പറഞ്ഞു. 

അറത്തില്‍ എന്റര്‍പ്രൈസസിലെ ജീവനക്കാരനായ തലക്കാട് പാറശ്ശേരി സ്വദേശി അമ്പാട്ട് വിനയന്റെ കൈയില്‍നിന്ന് പണം നഷ്ടപ്പെട്ടുവെന്നാണ് പരാതി. എന്നാല്‍ എ.ടി.എം കൗണ്ടറിന് പുറത്തേക്കുള്ള സി.സി.ടി.വി കാമറയില്‍ പണം തട്ടിപ്പറിച്ചവരുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടില്ല. വിനയന്‍ ഒരു ബൈക്കില്‍ കയറിപ്പോകുന്ന രംഗമാണ് കാമറയിലുള്ളത്. പണം കൊള്ളയടിച്ചവരെ താന്‍ അതുവഴിവന്ന ഒരു ബൈക്കില്‍ കയറി പിന്തുടര്‍ന്നുവെങ്കിലും പ്രതികള്‍ താനൂര്‍ ഭാഗത്തേക്ക് കടന്നുകളഞ്ഞെന്നും വിനയന്‍ പറയുന്നു. 

പണം നഷ്ടപ്പെട്ടശേഷം നിലത്ത് പൊട്ടിവീണ തന്റെ വെള്ളിയുടെ കൈച്ചെയിന്‍ എടുത്തശേഷമാണ് ബൈക്കില്‍ പിന്തുടര്‍ന്നതെന്നും കുറച്ചുദൂരം പോയശേഷം പണം നഷ്ടപ്പെട്ട വിവരം അറിയിക്കാന്‍ ബാങ്കിലേക്ക് പോയെന്നും വിനയന്‍ പറയുന്നു. 

തിരൂര്‍ പോലീസ് സത്യന്റെ പരാതിപ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. സംഭവം നടന്നതായി പറയുന്നിടത്ത് സി.ഐ ആര്‍. റാഫി, ഡിവൈ.എസ്.പി കെ.എം. സെയ്താലി എന്നിവര്‍ സന്ദര്‍ശിച്ചു.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.