Latest News

മൂല്യ നിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയാകും; ഷാലുവിന്റെ ബംഗ്ലാവിന് 2 കോടി

കോട്ടയം: ശാലുമേനോന്റെ ചങ്ങനാശേരിയിലെ ഇരുനില ബംഗ്ലാവിന്റെ മൂല്യ നിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയാകും. പൊതുമരാമത്ത്‌ കണ്‍സ്ട്രക്ഷന്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങള്‍ ചേര്‍ന്നാണ് മൂല്യനിര്‍ണം നടത്തുന്നത്. ഇവര്‍ ചീഫ്എന്‍ജിനീയര്‍ക്ക് റിപ്പോര്‍ട്ട് നല്കും . രണ്ടാഴ്ചയായി മൂല്യവിലയിട്ടിട്ടും ജോലി പൂര്‍ത്തിയായിട്ടില്ല.

രണ്ടു കോടി രൂപയിലേറെ ചെലവു വന്നതായിട്ടാണ് പ്രാഥമിക നിഗമനം. ബംഗ്ലാവിനുവിനുള്ളിലെ ആഡംബര ലൈറ്റുകളും ഷേഡുകളും ക്ലോക്കുകളും വിദേശ നിര്‍മിതമാണെന്ന് സംശയിക്കുന്നു.

ലക്ഷങ്ങള്‍ വിലവരുന്ന പല ആഡംബര സാധനങ്ങളും വാങ്ങിയതിന്റെ രേഖ കണ്ടെത്താനായിട്ടില്ല. കരാറുകാരനെയും കണ്ടെത്തിയിട്ടില്ല. പല ഉപകരണങ്ങളും ഉന്നതര്‍ സമ്മാനം നല്‍കിയതാകാമെന്നു കരുതുന്നു. പുതിയ ബംഗ്ലാവ്‌ നിര്‍മിച്ചുകൊണ്ടിരിക്കെ വൈദ്യതി ബോര്‍ഡ് നല്‍കിയ താല്കാലിക കണക്ഷന്റെ അടിസ്ഥാനത്തിലാണു പുതിയ വീട്ടിലും വൈദ്യുതി ഉപയോഗിച്ചിരുന്നത്. രണ്ടായിരം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിച്ചിരിക്കുന്ന വീടിന്റെ രണ്ടാംനിലയില്‍ മൂന്നു കിടപ്പുമുറികളും താഴത്തെ നിലയില്‍ ഒരുകിടപ്പുമുറിയുമാണുള്ളത്. മിക്ക മുറികളും എയര്‍ കണ്ടീഷന്‍ ചെയ്തതാണ്. വിദേശനിര്‍മിതം ഉള്‍പ്പെടെ ഫാന്‍സി ലൈറ്റുകളുടെ മൂല്യനിര്‍ണയവും പൂര്‍ത്തിയാക്കാനായിട്ടില്ല.

ലോക്കല്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത ഈ ലൈറ്റുകള്‍ക്ക് ഏത് അടിസ്ഥാനത്തില്‍ വിലയിടും എന്നതാണ് എന്‍ജിനീയര്‍മാരെ കുഴയ്ക്കുന്നത്.വിദേശ നിര്‍മിത സാധനങ്ങള്‍ക്ക് ഇന്ത്യയിലെ മാര്‍ക്കറ്റ് വില നിര്‍ണയിക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ് ഉദ്യോഗസ്ഥര്‍.പൂജാമുറിയ്ക്കും അതിനുള്ളിലെ സാമഗ്രികള്‍ക്കും മാത്രം പത്തു ലക്ഷം രൂപയെങ്കിലും ചെലവു വന്നിട്ടുണ്ട്. ഭിത്തിയിലും അടുക്കളയിലും സ്വീകരണമുറിയിലും മറ്റും പാനലുകള്‍ക്കു തേക്ക്, വീട്ടി തുടങ്ങിയ തടികള്‍ ഉപയോഗിച്ചിട്ടുണ്ട്. കൊത്തുപണികളും അലങ്കാരങ്ങളും ഏറെയുള്ളതിനാല്‍ മതിപ്പുവില നിര്‍ണയിക്കുക എളുപ്പമല്ല. പല വാതിലുകളും ഷോ കേസുകളും പണിതീര്‍ക്കാന്‍ ആശാരിമാര്‍ 50 ആള്‍പ്പണി വരെ നടത്തിയതായാണു കണക്കാക്കുന്നത്.

ടിവി, റഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷന്‍ എന്നിവ മാര്‍ക്കറ്റിലെ ഏറ്റവും വിലയുള്ളതും മുന്തിയ ബ്രാന്‍ഡുകളുമാണ്. ഊണുമേശകളും സ്വീകരണമുറിയിലെ ഫര്‍ണിച്ചറുകളും സമ്മാനമാണെന്നു കരുതുന്നു. ഇവയൊന്നും വാങ്ങിയതിനു രേഖകളില്ല.മാര്‍ബിളിനു മാത്രം 30 ലക്ഷം ചെലവായിട്ടുണ്ട്. ഇവയേറെയും വാങ്ങിയതിനു ബില്ലുകളോ രേഖകളോ കാണാനായിട്ടില്ല.ബിജു രാധാകൃഷ്ണന്‍ വാങ്ങിക്കൊടുത്ത 16 ലക്ഷത്തിന്റെ ബിഎംഡബ്യു കാര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇതു കൂടാതെ 10 ലക്ഷം രൂപയുടെ ഒരുകാറും ഒരു വാനും കൂടി ഇവരുടെ വീട്ടിലുണ്ട്. ഇതും ബിജുരാധാകൃഷ്ണനോ മറ്റാരെങ്കിലുമോ വാങ്ങിക്കൊടുത്തതാണെന്ന് സംശയിക്കുന്നു. വാഹനങ്ങളുടെ മൂല്യനിര്‍ണയം നടത്താന്‍ ഈ ടീമിനു നിര്‍ദേശമില്ല.

അമ്മ കലാദേവിക്കും മുത്തശ്ശി സുമതിമേനോനും ഒപ്പമാണ് ശാലു ഇവിടെ താമസിച്ചിരുന്നത്. പരിസരവാസികളുമായി അത്ര അടുപ്പമില്ലെങ്കിലും രാജ പ്രൗഢിയോടെയാണ് ശാലുവും കുടുംബവും ഇവിടെ താമസിച്ച് വന്നിരുന്നത്.സിനിമകളില്‍ അഭിനയച്ചതോടെ ശാലുമേനോന്‍ എന്ന നര്‍ത്തകിക്ക് പുതിയൊരു തിളക്കവുമായി.സിനിമയും നൃത്തവും സീരിയലുമൊക്കയായി തിരക്കേറിയതോടെ ചങ്ങനാശേരിയില്‍ വന്നു പോകുന്ന അതിഥിയായി ശാലു മാറിയിരുന്നു.ഒരു വര്‍ഷം മുമ്പാണ് തറവാടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പുതിയ വീടിന്റെ പണിതുടങ്ങിയത്.

രണ്ട് കോടിയിലേറെ ചെലവഴിച്ച് ഇരുനിലകളിലായി നിര്‍മ്മിച്ചിട്ടുള്ള വീടും ഫര്‍ണീച്ചറുകളും സാധാരണക്കാരനെ അമ്പരപ്പിക്കുന്ന വിധത്തിലുള്ളതാണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Solar, shalu Menon, Biju Radhakrishnan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.