Latest News

പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ മാസത്തെ വരവേല്ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി


കാസര്‍കോട്: വിശ്വാസി ഹൃദയങ്ങളില്‍ ആത്മ സംസ്‌കരണത്തിന്റെയും സാമൂഹിക ബോധത്തിന്റെയും സന്ദേശങ്ങളുണര്‍ത്തി വീണ്ടും റംസാന്‍ വസന്തം.

പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ മാസത്തെ വരവേല്ക്കാന്‍ ലോകമെമ്പാടുമുള്ള ഇസ്‌ലാംമത വിശ്വാസികള്‍ ഒരുങ്ങി. വിശപ്പും ദാഹവും ലൗകിക ചോദനകളും വെടിഞ്ഞ് ദൈവചിന്തയിലും ദാനധര്‍മങ്ങളിലും മുഴുകുന്ന വിശ്വാസികള്‍ക്ക് പാപമോചനത്തിന്റെ പുണ്യമാസമാണ് റംസാന്‍.

ശരീരവും മനസ്സും സര്‍വശക്തന് സമര്‍പ്പിക്കാന്‍ സന്തോഷത്തോടെയാണ് വിശ്വാസികള്‍ റംസാന്‍ ചന്ദ്രികയെ കാത്തിരിക്കുന്നത്. ചൊവ്വാഴ്ച മാസപ്പിറവി കണ്ടാല്‍ ബുധനാഴ്ചതന്നെയാകും വ്രതാരംഭം. അല്ലെങ്കില്‍ ശഅബാന്‍ മാസം മുപ്പത് പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാകും റംസാന്‍ ഒന്ന്.

റംസാന് മുന്നോടിയായി പള്ളികള്‍ മോടിപിടിപ്പിക്കുന്നതിന്റെയും വീടുകള്‍കഴുകിവൃത്തിയാക്കുന്നതിന്റെയും തിരക്കിലായിരുന്നു വിശ്വാസികള്‍. റംസാനിലെ രാത്രി നിസ്‌കാരമായ 'തറാവീഹിന് ' പള്ളികളില്‍ പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ട്. പള്ളിക്കമ്മിറ്റികളുടെ നേതൃത്വത്തില്‍ പള്ളികളില്‍ ഒരുമാസത്തെ നോമ്പുതുറയ്ക്കുള്ള സജ്ജീകരണങ്ങളും പൂര്‍ത്തിയായി.

നോമ്പും പെരുന്നാളും കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നിരവധി പ്രവാസികളും നാട്ടിലെത്തിയിട്ടുണ്ട്. റംസാനില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പാവങ്ങളെ സഹായിക്കാന്‍ വിപുലമായ റീലീഫ് പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്കിയിരിക്കുന്നത്. റംസാന്‍ പ്രഭാഷണങ്ങളും മതപഠന ക്ലാസ്സുകളും ഇഫ്താര്‍ സംഗമങ്ങളും സജീവമാകുന്നതോടെ വിശുദ്ധ റംസാന്‍ സൗഹാര്‍ദത്തിന്റെതും സ്‌നേഹത്തിന്റെതും കൂടിയാകും.

റംസാന് മുന്നോടിയായി വിപണികളെല്ലാം സജീവമായി. വിവിധ തരം ഈത്തപ്പഴങ്ങളും പലഹാരങ്ങളും പഴവര്‍ഗങ്ങളും കടകളില്‍ നിറഞ്ഞുകഴിഞ്ഞു. സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ് ഇത്തവണ അനുഭവപ്പെടുന്നത്. റംസാന്‍ ആരംഭിക്കുന്നതോടെ ഇത് ഇരട്ടിയാകുമെന്ന് വ്യാപാരികള്‍ പറയുന്നു. വിലവര്‍ധന റംസാന്‍ വിരുന്നുകളെ പ്രതികൂലമായി ബാധിക്കും.

കര്‍ക്കടകത്തിലെ പെരുമഴക്കാലത്തെത്തുന്ന ഈവര്‍ഷത്തെ വ്രതമാസം വിശ്വാസികള്‍ക്ക് ഏറെ അനുഭൂതിയേകും. ഇത്തവണ റംസാന്‍ കാലത്തെ പകലിന് പതിന്നാല് മണിക്കൂറിലധികം ദൈര്‍ഘ്യമുണ്ടെന്നതും പ്രത്യേകതയാണ്.


Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kasaragod News, Kerala Vartha, Kannur Vartha.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.