Latest News

ദുരന്തങ്ങളും വേദനയും മറികടന്ന് ഡോക്ടറാവാന്‍ അസ്‌നയെത്തി

കോഴിക്കോട്: കുറച്ച് ആശങ്ക, അതിലേറെ സന്തോഷം. ഇച്ഛാശക്തിയുടേയും ദൃഢനിശ്ചയത്തിന്റേയും മാതൃകയായി അസ്‌ന കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ മുറ്റത്തുനിന്നു. ഡോക്ടറാകുക എന്ന ജീവിത ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവട്. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയുടെ ദയനീയ മുഖമായിരുന്നില്ല അസ്‌നയ്ക്ക്. ദുരന്തങ്ങളും വേദനയും മറികടന്നു ലക്ഷ്യത്തിലേക്കു നീങ്ങുന്ന പോരാളിയുടെ ധീരമുഖം.

വികലാംഗ ക്വോട്ടയില്‍ പതിനെട്ടാം റാങ്കുകാരിയായാണ് അസ്‌ന മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയത്. അച്ഛന്‍ നാണുവിനും ജ്യേഷ്ഠസഹോദരനുമൊപ്പം തലശേരിയില്‍നിന്നു ബസിലാണ് കോഴിക്കോട്ടെത്തിയത്. പിന്നെ ഓട്ടോയില്‍ മെഡിക്കല്‍ കോളജിലേക്ക്. അസ്‌നയെ വരവേല്‍ക്കാന്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പോലും എത്തിയത് കോളജിനു തന്നെ പുതിയ അനുഭവമായി.

പന്ത്രണ്ടു വര്‍ഷം മുമ്പ് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് അക്രമവും ബോംബുമൊന്നും പരിചിതമായിരുന്നില്ല. പഞ്ചായത്തു തെരഞ്ഞെടുപ്പിന്റെ വാശി ബോംബായി വന്നു പൊട്ടിയപ്പോള്‍ കൊച്ചു അസ്‌നയ്ക്ക് നഷ്ടമായതു സ്വന്തം വലതുകാല്‍. മുട്ടിനു താഴെവച്ചു കാല്‍ മുറിച്ചുമാറ്റി. കൃത്രിമക്കാലുപയോഗിച്ചു നടക്കാന്‍ തുടങ്ങിചികിത്സാച്ചെലവ് കൂലിപ്പണിക്കാരനായ അച്ഛന്‍ നാണുവിനും താങ്ങാനായില്ല. പക്ഷേ, സഹായിക്കാന്‍ ഒട്ടേറെ പേരെത്തി. നാട്ടുകാര്‍ 15 ലക്ഷം രൂപ പിരിച്ചു നല്കി. കോണ്‍ഗ്രസുകാര്‍ വീടുവച്ചു കൊടുത്തു.

എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ്. പ്ലസ് ടു സയന്‍സിന് 86 ശതമാനം മാര്‍ക്ക്. പിന്നെ തൃശൂരില്‍ ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് പരിശീലനം. ഒടുവില്‍ അസ്‌നയുടെ ദൃഢനിശ്ചയവും ഒരുപാടുപേരുടെ പ്രാര്‍ഥനയും ഒത്തുചേര്‍ന്നപ്പോള്‍ സ്വപ്നം സഫലമായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Asna Kannur, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.