Latest News

ശ്രീലതയുടെ കാരുണ്യത്തിനു മുന്നില്‍ രണ്ടു മാസത്തെ വേദനക്കുരുക്ക് അഴിഞ്ഞു


ഉദുമ:അസ്വസ്ഥമായ മനസ്സും ഒരു പൊതി ഭക്ഷണവുമായി പയ്യന്നൂരില്‍ നിന്നു തിരിക്കുമ്പോള്‍ ആ നായ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും ശ്രീലതയ്ക്ക് ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ ശ്രീലതയുടെ മനസ്സിന്റെ നന്മയ്ക്കായിരുന്നു വിജയം. അങ്ങനെ രണ്ടു മാസമായി കാലില്‍ വലിഞ്ഞു മുറുകിയ കമ്പിയുമായി ഉദുമയില്‍ കാഴ്ചക്കാരന്റെ കരളലിയിച്ച നായയുടെ കാലിലെ കുരുക്ക് ശനിയാഴ്ച അഴിഞ്ഞു.

നാട്ടുകാരെയും സ്ഥലത്തെ ടാക്‌സി ഡ്രൈവര്‍മാരെയും ഉദുമയിലെ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. സതീഷിനെയുമെല്ലാം ഒപ്പം കൂട്ടി നായയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത് പയ്യന്നൂരില്‍ നിന്നെത്തിയ കരിവെള്ളൂര്‍ ചേലേരി മഠത്തിലെ ശ്രീലത എന്ന കോളജ് ജീവനക്കാരി. വെള്ളിയാഴ്ച മെട്രോ മനോരമ പ്രസിദ്ധീകരിച്ച ചിത്രത്തിലൂടെയാണ് കാല്‍ നിലത്തു കുത്താന്‍ പോലും കഴിയാതെ തെരുവില്‍ അലഞ്ഞു നടന്ന മൂന്നു വയസ്സുള്ള ഈ പെണ്‍പട്ടിയെക്കുറിച്ചു പുറം ലോകം അറിയുന്നത്.

കോളജില്‍ നിന്നു മടങ്ങിയെത്തിയപ്പോള്‍ മകളാണ് ശ്രീലതയോട് ഇക്കാര്യം പറഞ്ഞത്. ഉടന്‍ തന്നെ ഉദുമയിലെ വെറ്ററിനറി സര്‍ജനെ വിളിച്ചു കാര്യമന്വേഷിച്ചു. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ ഉദുമയിലെത്തി.ഒപ്പം കണ്ണൂരിലെ പ്രാണിദ്രോഹ നിവാരണ സംഘ (എസ്.പി.സി) ത്തിലെ രാജീവും സന്ദീപുമുണ്ടായിരുന്നു. ശ്രീലതയുടെ ആത്മാര്‍ഥത കണ്ട് ഉദുമയിലെ ഡ്രൈവര്‍മാരായ പ്രദീപിന്റെയും ഹരിയുടെയും നേതൃത്വത്തില്‍ ഒട്ടേറെ പേര്‍ സംഘടിച്ചു. നായയ്ക്കായുള്ള തിരച്ചിലും തുടങ്ങി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് നായ പാലക്കുന്ന് മാര്‍ക്കററിന് പിന്നിലെ ആളൊഴിഞ്ഞ പറമ്പിലുണ്ടെന്ന വിവരം അറിയുന്നത്.

നായയ്ക്കുള്ള ഭക്ഷണം, മെരുക്കിയെടുക്കാന്‍ മീനെണ്ണ, മുട്ട തുടങ്ങിയവയും കരുതിയാണ് ശ്രീലത ഉദുമയിലെത്തിയത്. ആള്‍ക്കൂട്ടത്തെ കണ്ട് കുരച്ചു ചാടിയ നായയെ പിടികൂടാന്‍ ഏറെ പണിപ്പെട്ടു. മൂന്നു തവണ മയക്കുമരുന്നും നല്‍കി. മയങ്ങി വീണ നായയുടെ വായും മറ്റും ശ്രീലത തന്നെ സുരക്ഷിതമായി കെട്ടി. പിന്നീട് ഒന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ. ഉദുമ പളളം റീഡ് സെന്ററിന് സമീപമുളള വിനോദിന്റെ വീട്ടില്‍ തന്നെ ഇതിനു സൗകര്യം ഒരുക്കുകയും ചെയ്തു. സൈക്കിന്റെ ബ്രൈക്കിന് ഉപയോഗിക്കുന്ന കമ്പിയാണ് നായയുടെ വലത് കാലില്‍ തളച്ചു കയറിയിരുന്നത്

മാംസത്തിലേക്ക് കമ്പി ആഴ്ന്നിറങ്ങി കാല്‍ പഴുത്തു തുടങ്ങിയിരുന്നു. കമ്പി ഊരി മാറ്റി സുരക്ഷിതമായി മരുന്നു വച്ചു കെട്ടി. അഞ്ചരയോടെ നായയ്ക്കുബോധം തെളിഞ്ഞു. ഒരുവിധം എഴുന്നേറ്റു നില്‍ക്കുകയും ചെയ്തു. നായയെ പരിചരിക്കാനും തുടര്‍ ചികില്‍സ ചെയ്യാനും ഡോക്ടറെ പറഞ്ഞേല്‍പ്പിച്ചാണ് കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് ജീവനക്കാരിയായ ശ്രീലത മടങ്ങിയത്. അറിയപ്പെടുന്ന ഡോഗ് ട്രെയിനര്‍ കൂടിയാണ് ഇവര്‍. നായ വളര്‍ത്തലിലൂടെ ശ്രദ്ധേയയാണ് ശ്രീലത. ഇവരുടെ വീട്ടില്‍ വിവിധ ഇനം നായകള്‍ ഉണ്ട്.





 Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.