Latest News

ഹജ്ജിന് 29 വിമാന സര്‍വീസുകള്‍; മടക്കയാത്ര മദീനയില്‍ നിന്ന്

കരിപ്പൂര്‍: സംസ്ഥാനത്തു നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്നു ജിദ്ദയിലേക്ക് അടുത്ത മാസം 25 മുതല്‍ ഒക്ടോബര്‍ 9 വരെ. 29 വിമാന സര്‍വീസുകളാണ് സൗദിഅറേബ്യന്‍ എയര്‍ലൈന്‍സ് ഹജ്ജിനായി ക്രമീകരിച്ചിരിക്കുന്നത്.

കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കു പോകുന്ന വിമാനങ്ങള്‍ തീര്‍ഥാടനം കഴിഞ്ഞു മടങ്ങുന്നതു മദീനയില്‍ നിന്നായിരിക്കും. ഈ വര്‍ഷം ഹജ്ജ് കഴിഞ്ഞ ശേഷമാണ് തീര്‍ഥാടകരുടെ മദീനാ സന്ദര്‍ശനം. മുന്‍കാലങ്ങളില്‍ ഹജ്ജ് വിമാനങ്ങള്‍ മദീനയിലേക്കായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. അതിനാല്‍ ആദ്യ ആഴ്ച മദീനാ സന്ദര്‍ശനം കഴിഞ്ഞാണ് ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലേക്കു പോയിരുന്നത്. ഇവര്‍ ജിദ്ദ വഴിയായിരുന്നു മടങ്ങിയിരുന്നത്.

ഈ വര്‍ഷം ജിദ്ദയിലേക്കാണ് വിമാനങ്ങള്‍ പുറപ്പെടുന്നത് എന്നതിനാല്‍ മദീനയില്‍ നിന്നാണ് മടക്ക സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റുകളില്‍ കരിപ്പൂര്‍ രണ്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടതിനാലാണ് സര്‍വീസുകള്‍ ജിദ്ദയിലേക്കു ക്രമീകരിക്കേണ്ടിവന്നത്.

കരിപ്പൂരില്‍ നിന്ന് തീര്‍ഥാടകരെ ഹജ്ജിന്റെ ഇഹ്‌റാം വേഷത്തിലായിരിക്കും കൊണ്ടുപോവുക. ജിദ്ദയില്‍ നിന്നു പ്രത്യേക വാഹനത്തില്‍ മക്കയിലെത്തിക്കും. കരിപ്പൂരില്‍ നിന്നു ദിവസേന രണ്ടു വിമാനങ്ങളാണ് സര്‍വീസ് നടത്തുക. സൗദിയുടെ ആദ്യ വിമാനം രാവിലെ 9.30നും രണ്ടാമത്തേത് വൈകീട്ട് 4.05നും പുറപ്പെടും. 300 തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്ന വലിയ വിമാനങ്ങളായിരിക്കും സര്‍വീസ് നടത്തുക. കരിപ്പൂരില്‍ നിന്നും കേരളത്തിനു പുറമെ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഹജ്ജിനു പോവും.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.