Latest News

അടിപൊളി ജീവിതം നയിക്കാന്‍ കാര്‍ മോഷ്ടിച്ച കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍

ആലക്കോട്: ടൗണിന് സമീപത്ത് നിന്ന് കാര്‍ മോഷ്ടിച്ചു കടന്ന രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാലംഗ സംഘത്തെ ആലക്കോട് പോലീസ് അറസ്റ്റ് ചെയ്തു. 

ഇരിട്ടി പടിയൂര്‍ പട്ടപ്പാറയിലെ തോമ്പുന്നയില്‍ അഭിജിത് ജയിംസ് (21), ഉളിക്കല്‍ അറബിയിലെ പാതുപറമ്പില്‍ നിധീഷ് മോഹനന്‍ (20), അറബിയിലെ തെങ്ങുംതോട്ടത്തില്‍ ശശികുമാറിന്റെ മകന്‍ നിധിന്‍ കുമാര്‍ (20), ഉളിക്കലിലെ പൂപ്പാടി ലിജോ ആന്റണി (20) എന്നിവരെയാണ് എസ്.ഐ: പി. വി. പവിത്രനും സംഘവും അറസ്റ്റ് ചെയ്തത്. 

അഭിജിത് പൈസക്കരി ദേവമാത കോളേജിലെ ബി.എ വിദ്യാര്‍ത്ഥിയും നിധീഷ് മോഹനന്‍ ബികോം വിദ്യാര്‍ത്ഥിയുമാണ്. പെരുനിലത്തെ റിട്ട. അധ്യാപകന്‍ എം.പി. കൃഷ്ണന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെ.എല്‍. 59 ജി 8248 മാരുതി ആള്‍ട്ടോ കാര്‍ മോഷ്ടിച്ചു കടത്തുമ്പോഴാണ് സംഘം പിടിയിലായത്.
കൃഷ്ണന്റെ മകന്‍ കണ്ണൂര്‍ സ്പിന്നിംഗ് മില്ലില്‍ ജോലി ചെയ്യുന്ന രമേശ് കുമാറിന്റേതാണ് കാര്‍.
ലിജോ ആന്റണിയായിരുന്നു കവര്‍ച്ചയുടെ സൂത്രധാരന്‍. കൃഷ്ണന്റെ വീടിന് സമീപം വാടകക്ക് താമസിക്കുന്ന ചാത്തന്‍കുന്നേല്‍ സിബിയുടെ ഭാര്യ റാണിയുടെ സഹോദരനാണ് ലിജോ. ഇടക്കിടെ സഹോദരിയുടെ വീട്ടില്‍ വന്ന് ലിജോ താമസിക്കാറുണ്ട്. അപ്പോഴാണ് അടുത്ത കാലത്ത് രമേശന്‍ വാങ്ങിയ കാര്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സുഹൃത്തുക്കളുമായി ചേര്‍ന്ന് മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. കൃഷ്ണന്റെ വീട്ടിലും ഇടക്കിടെ പോകാറുളള ലിജോ രണ്ടുദിവസം മുമ്പ് തന്ത്ര പൂര്‍വ്വം കാറിന്റെ റിമോട്ട് കണ്‍ട്രോള്‍ താക്കോല്‍ കൈക്കലാക്കിയിരുന്നു.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ അഭിജിത്, നിധീഷ് മോഹനന്‍, നിധിന്‍കുമാര്‍ എന്നിവര്‍ കെ.എല്‍ 13 ടി 3447 ബൈക്കില്‍ ലിജോയുടെ സഹോദരിയുടെ വീട്ടിലെ ത്തി. അര്‍ധരാത്രിയോടെ നാലുപേരും ചേര്‍ന്ന് രമേശ്കുമാറിന്റെ കാര്‍ വീട്ടുമുറ്റത്ത് നിന്ന് തള്ളി റോഡില്‍ എത്തിച്ചു. അവിടെ വച്ച് കാറിന്റെ താക്കോല്‍ സുഹൃത്തുക്കള്‍ക്ക് കൈമാറി ലിജോ സഹോദരിയുടെ വീട്ടില്‍ പോയി കിടന്നുറങ്ങി.
കവര്‍ച്ച ചെയ്ത കാര്‍ അഭിജിത്താണ് ഓടിച്ചത്. നിധീഷും നിധിനും നേരത്തെ അവര്‍ വന്ന ബൈക്കില്‍ കാറിന്റെ മുന്നില്‍ സഞ്ചരിച്ചു. യൂനികോണ്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റിലെ അവസാന അക്കമായ ഏഴ് മറച്ചുവച്ച നിലയിലായിരുന്നു. നടുവിലില്‍ ബാലഗോകുലം പ്രവര്‍ത്തകരും നാട്ടുകാരും റോഡ് തടഞ്ഞാണ് കവര്‍ച്ചാ സംഘത്തെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലിജോയാണ് സൂത്രധാരനെന്ന് മനസിലായത്. തുടര്‍ന്ന് പോലീസ് പെരുനിലത്തെ വീട്ടിലെത്തി ലിജോയെ പിടികൂടുകയായിരുന്നു. 

അധ്യാപക ദമ്പതികളുടെ മകനാണ് അഭിജിത്. പിതാവ് ജയിംസ് അടുത്ത കാലത്താണ് മരിച്ചത്. നിധിന്‍ കുമാറിന്റെ പിതാവ് ലോറി ക്ലീനറാണ്. രണ്ടുപേരും കോളേജില്‍ അടിപൊളി ജീവിതമാണ് നയിച്ചിരുന്നതത്രെ. അതിനുള്ള പണത്തിന് ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് വാഹന മോഷണത്തില്‍ പങ്കാളിയാകാന്‍ തീരുമാനിച്ചതത്രെ.
മോഷ്ടിച്ച കാര്‍ ശ്രീകണ്ഠപുരത്തെ ഒരു വാഹന ബ്രോക്കര്‍ക്ക് വില്‍ക്കാനായിരുന്നത്രെ ശ്രമം.
40,000 രൂപക്ക് കച്ചവടം ഉറപ്പിച്ചിരുന്നത്രെ. കാര്‍ ബ്രോക്കറുടെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് സൂചന.
ലിജോ നേരത്തെ ആലക്കോട് ടൗണില്‍ നിന്ന് 5000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചിരുന്നു. കടയുടമ ഇയാളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വീട്ടില്‍ ചെന്ന് മൊബൈല്‍ ഫോണ്‍ തിരിച്ചു വാങ്ങിക്കുകയായിരുന്നു. അതിനാല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.
സി.ഐ: എം.എ. മാത്യു, എസ്.ഐമാരായ ശശികുമാര്‍, പവിത്രന്‍ എന്നിവര്‍ മോഷ്ടാക്കളെ
വിശദമായി ചോദ്യം ചെയ്തു. പോലീസുകാരായ ഉണ്ണി, സുരേഷ് എന്നിവര്‍ പ്രതികളെ പിടികൂടിയ
സംഘത്തിലുണ്ടായിരുന്നു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.