Latest News

സെക്രട്ടേറിയറ്റ് ഉപരോധം: സി.പി.എമ്മിനെ അനുനയിപ്പിച്ചത് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് വളഞ്ഞ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ പതിനായിരങ്ങളെ പിന്മാറ്റിത് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍.

സര്‍ക്കാരിന് വേണ്ടി സി.പി.എം നേതാക്കളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ പ്രധാനി ഈ ലീഗ് മന്ത്രിയായിരുന്നുവെന്നാണ് വിവരം. ഇടത്പക്ഷത്തിന്റെ മുന്‍ സഹയാത്രികനായിരുന്ന പി.ജെ ജോസഫ് അടക്കമുള്ളവരും ഒത്ത് തീര്‍പ്പ് നീക്കങ്ങള്‍ക്ക് തങ്ങളുടേതായ പങ്ക് വഹിച്ചു. സെക്രട്ടേറിയറ്റ് പരിസരം ചോരക്കളമാകാതിരിക്കാന്‍ ഒത്തുതീര്‍പ്പ് ഫോര്‍മൂല അനിവാര്യമായിരുന്നു.

ഹൈക്കോടതി സിറ്റിംഗ് ജഡ്ജി തന്നെ സോളാര്‍ കേസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടി വന്നതും ഘടകകക്ഷികളുടെയും യു.ഡി.എഫ് നേതാക്കളുടെയും നിലപാടിനെ തുടര്‍ന്നായിരുന്നു.

ദേശീയ മാധ്യമങ്ങളിലും ലോക്‌സഭയിലുമെല്ലാം സോളാര്‍ വിവാദം കത്തിപ്പടര്‍ന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കും നിര്‍ണാകമായിരുന്നു. സോളാര്‍ വിഷയമല്ല മറ്റേത് വിഷയമായിരുന്നുവെങ്കിലും ഇതിന് മുമ്പ് തന്നെ താന്‍ രാജിവെക്കുമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടിതന്നെ അടുപ്പക്കാരോട് വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷ സമരത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നാല്‍ അത് തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അന്ത്യം കുറിക്കുകയും നിമനടപടി നേരിടാന്‍ നിര്‍ബന്ധിതനാവുകയും ചെയ്യുമെന്ന തിരിച്ചറിവാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടും രാജിവെയ്ക്കാതെ ഉറച്ച് നില്‍ക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ച പ്രധാനഘടകം.

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് പുറമേ മന്ത്രിമാരായ ഷിബു ബേബിജോണും, തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, പി.ജെ ജോസഫുമെല്ലാം നിരന്തരമായി സി.പി.എം -ഇടത് മുന്നണി നേതാക്കളെ ബന്ധപ്പെട്ട് അനുനയ ശ്രമം നടത്തിയിരുന്നു.

സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സി.പി.എം നേതാക്കള്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം ഉണ്ടായിരുന്നെങ്കിലും അനന്തമായി സമരം നീട്ടിക്കൊണ്ട് പോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവുകയായിരുന്നു.

സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും നിരന്തരമായി ബന്ധപ്പെട്ട മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഇടതു പ്രതിഷേധത്തിന്റെ മഞ്ഞുരുക്കിയത്.

Expresskerala
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.