Latest News

മകന്‍ തിരിച്ചെത്താത്ത വിഷമത്തില്‍ അച്ഛന്‍ ആത്മഹത്യചെയ്തു; അമ്മ ഗുരുതരാവസ്ഥയില്‍

തലശ്ശേരി: വീട്ടില്‍ നിന്നിറങ്ങിപ്പോയ മകന്‍ നാലുദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതില്‍ മനംനൊന്ത് കൈയിലെ ഞരമ്പുമുറിച്ച് ഒരുമിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അച്ഛനമ്മമാരില്‍ അച്ഛന്‍ മരിച്ചു. അമ്മയെ ഗുരുതരനിലയില്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

പാട്യം കോങ്ങാറ്റ വിനോദന്‍പീടികയ്ക്ക് സമീപം 'ചൈത്ര'ത്തില്‍ ആര്‍.ദാമോദരനെ(78)യാണ് കിടപ്പുമുറിയില്‍ രക്തംവാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. അവശനിലയിലായ ഭാര്യ സാവിത്രിയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നോല്‍ ഗവ. എല്‍.പി.സ്‌കൂള്‍ റിട്ട. അധ്യാപകനാണ് ദാമോദരന്‍.
ഞായറാഴ്ച കാലത്ത് ഏഴരയോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. പതിവായി പാലുമായെത്താറുള്ള കുട്ടി വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനാല്‍അയല്‍വാസികളെത്തി വാതില്‍ തുറന്നപ്പോഴാണ് ദാമോദരനെ കിടപ്പുമുറിയില്‍ മരിച്ചുകിടക്കുന്നതായി കണ്ടത്. സമീപത്തുതന്നെ രക്തംവാര്‍ന്ന് അവശനിലയില്‍ കണ്ട സാവിത്രിയെ ഉടന്‍ ആസ്​പത്രിയിലെത്തിച്ചു. ഇവര്‍ അപകടനില തരണംചെയ്തിട്ടില്ല. രണ്ടുപേരും ചേര്‍ന്ന് എഴുതിവെച്ച എഴുത്ത് വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. 'മകന്‍ ഇല്ലാത്ത ലോകത്തെപ്പറ്റി സങ്കല്പിക്കാനാവില്ലെന്നും അവന്‍ തിരിച്ചുവരാത്ത മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്നും' എഴുത്തില്‍ പറയുന്നു.
കോഴിക്കോട്ട് ഒരു പുതുതലമുറ ബാങ്കിന്റെ മാനേജരാണ് ഇവരുടെ ഏക മകന്‍ വിപിന്‍. ജൂലായ് 30ന് കാലത്ത് അഞ്ചരയ്ക്കാണ് മുപ്പത്തിയെട്ടുകാരനായ വിപിന്‍ കോഴിക്കോട്ട് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയത്. ബാങ്കില്‍നിന്ന് സ്ഥലം മാറ്റിയെന്നാരോപിച്ച് ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കാനെന്ന് പറഞ്ഞാണ് വിപിന്‍ വീട്ടില്‍നിന്നിറങ്ങിയതെന്ന് പറയുന്നു. പക്ഷേ കോഴിക്കോട്ട് എത്തിയിട്ടില്ലെന്ന് വീട്ടുകാര്‍ ബന്ധപ്പെട്ടപ്പോള്‍ മനസ്സിലായി. വിപിനുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ സ്വിച്ച് ഓഫ് എന്ന അറിയിപ്പാണ് ലഭിക്കുന്നത്.
എന്നാല്‍ വിപിന്‍ ബാംഗ്ലൂരിലുള്ളതായി ഞായറാഴ്ച രാത്രിയോടെ കതിരൂര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം ലഭിച്ചു. ബാംഗ്ലൂര്‍ പോലീസില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കതിരൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ദേവദാസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ഞായറാഴ്ച രാത്രിതന്നെ ബാംഗ്ലൂരിലേക്ക് തിരിച്ചു.
ഇക്കഴിഞ്ഞ ഏപ്രില്‍ 14ന് വിപിനെ കോഴിക്കോട്ടുനിന്ന് പാലക്കാട് ശാഖയിലേക്ക് സ്ഥലം മാറ്റിയിരുന്നു. വിപിന്‍ ഇതുവരെ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വിപിനും മനോവിഷമത്തിലായിരുന്നുവെന്ന് പറയുന്നു.
വിപിനിന്റെ ഭാര്യ സ്‌നിതയും രണ്ടു മക്കളും തിരുവനന്തപുരത്താണ് താമസം.
മകനെ കാണാതായത് സംബന്ധിച്ച് അച്ഛന്‍ ദാമോദരന്‍ നല്കിയ പരാതിയില്‍ കതിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ദാരുണ സംഭവം. ദാമോദരന്റെ മൃതദേഹം തലശ്ശേരി ഗവ. ആസ്​പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റുമോര്‍ട്ടം തിങ്കളാഴ്ച നടക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.