Latest News

ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; യുവതിയും കൂട്ടാളികളും അറസ്റ്റില്‍

പോത്തന്‍കോട്: ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നായി 45 ലക്ഷത്തോളം രൂപ തട്ടിയെടുത്ത് ആഡംബരജീവിതം നയിച്ചിരുന്ന യുവതിയും ഭര്‍ത്താവും ഡ്രൈവറും പിടിയില്‍. പോത്തന്‍കോട് നന്നാട്ടുകാവ് മാതാ ലക്ഷംവീട് കോളനിയില്‍ പ്രിയ (25), ഭര്‍ത്താവ് പുളിമാത്ത് വള്ളവെട്ടിക്കോണം സാന്ത്വനത്തില്‍ വിപിന്‍ (20), വെമ്പായം തീപ്പുകല്‍ കണിയാന്‍വിളാകം ഷജിന്‍ നിവാസില്‍ ഷജിന്‍ (30) എന്നിവരാണ് അറസ്റ്റിലായത്. നന്നാട്ടുകാവ് മാതാ ലക്ഷംവീടു കോളനിയിലെ രമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതിന് ശിക്ഷിക്കപ്പെട്ട് പ്രിയ ജാമ്യത്തിലിറങ്ങിയാണ് പുതിയ തട്ടിപ്പ് നടത്തിയത്. ഇവരില്‍നിന്ന് 50 പവന്റെ സ്വര്‍ണാഭരണങ്ങള്‍, 35,000 രൂപ, സ്‌കോര്‍പ്പിയോ കാര്‍ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത മൂന്നുപേരയും ആറ്റിങ്ങല്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവര്‍ പിടിയിലായതറിഞ്ഞ് നിരവധിപേര്‍ പരാതികളുമായി സ്റ്റേഷനിലെത്തി.

നന്നാട്ടുകാവില്‍ അമ്മയോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രിയ. അയല്‍വാസിയായ രമ വാങ്ങിയ സംസ്ഥാന ഭാഗ്യക്കുറി 'പ്രതീക്ഷ'യുടെ ഫലം ഇന്റര്‍നെറ്റില്‍നിന്ന് അറിഞ്ഞുതരാം എന്ന് പറഞ്ഞ് ടിക്കറ്റ് കൈക്കലാക്കി. കുറച്ചുസമയത്തിനുശേഷം മടങ്ങിയെത്തി ഒന്നാം സമ്മാനം 75 ലക്ഷം അടിച്ചതായി പറഞ്ഞു. എന്നാല്‍ നികുതിയായി 40,000 അടയ്‌ക്കേണ്ടിവരുമെന്നും ഇതൊഴിവാക്കി മുഴുവന്‍ തുകയും വാങ്ങിനല്‍കാമെന്നും വിശ്വസിപ്പിച്ച് പ്രാരംഭ ചെലവിനായി ഒന്നേമുക്കാല്‍ ലക്ഷം രമയില്‍നിന്നും വാങ്ങി. വസ്തുവിറ്റ് വെച്ചിരുന്ന തുകയായിരുന്നു ഇത്. കുറച്ചുദിവസം കഴിഞ്ഞ് 75 ലക്ഷം കിട്ടിയെന്നും 25 ലക്ഷംവീതം ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചതായും പറഞ്ഞു. ഇത് വിശ്വസിപ്പിക്കാന്‍ ചില പേപ്പറുകളും കാണിച്ചു. തുടര്‍ന്ന് നിക്ഷേപത്തുക ഒന്നേകാല്‍ കോടി ആയിട്ടുണ്ടെന്നും ഇത് തിരിച്ചെടുക്കാന്‍ കുറച്ചുകൂടി പണം ആവശ്യമുണ്ടെന്നും പറഞ്ഞു. കാണിച്ച പേപ്പറുകള്‍ സമീപവാസിയും പൊതുപ്രവര്‍ത്തകനുമായ അനില്‍കുമാറിനെ കാണിച്ചു. പിന്നീട് അനില്‍കുമാറും ചേര്‍ന്ന് പലരില്‍നിന്നും 45 ലക്ഷം സംഘടിപ്പിച്ച് രമവഴി പ്രിയയ്ക്ക് കൊടുത്തു. കുറച്ചുദിവസം കഴിഞ്ഞ് ഒരു ലക്ഷം അക്കൗണ്ടില്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞ് ചെക്ക് നല്‍കിയിരുന്നു. അനില്‍കുമാറിന്റെ ഭാര്യയെയും കൂട്ടിയാണ് രമ ബാങ്കില്‍ ചെന്നത്. അപ്പോഴാണ് കബളിപ്പിച്ചതായി അറിയുന്നത്. തുടര്‍ന്ന് പ്രിയ ഒളിവില്‍പ്പോയപ്പോള്‍ രമ പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

2012 മാര്‍ച്ചില്‍ പോത്തന്‍കോട്ടിന് സമീപം ടെക്‌സ്റ്റൈയില്‍ ഉടമ രാജീവ്, ഭാര്യ സുപ്രഭ എന്നിവരില്‍ നിന്നും പ്രീയ 15 ലക്ഷം തട്ടിയെടുത്തതും ഒരു കോടിയുടെ ലോട്ടറിക്കഥ പറഞ്ഞായിരുന്നു. പ്രിയയുടെ അമ്മയ്ക്ക് കാട്ടായിക്കോണത്ത് തുണിക്കടയുണ്ടായിരുന്നു. ഈ വഴിക്കാണ് രാജീവുമായി പരിചയപ്പെട്ട് രാജീവിന്റെ കടയില്‍നിന്നും ധാരാളം തുണിത്തരങ്ങളും കടത്തിയതായി പറയപ്പെടുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.